പൊളിച്ചടുക്കലിന്റെ കാലം കഴിഞ്ഞോ ടെലികോം സെക്ടറിൽ? വലിയ ബഹളം ഒന്നൊതുങ്ങിയെങ്കിലും തീർത്തു പറയാനാകില്ല. കഴിഞ്ഞ രണ്ടു ദശാബ്ദത്തിൽ ഏറ്റവും കൂടുതൽ ഡിസ്റപ്ഷൻ അഥവാ പൊളിച്ചടുക്കൽ നടന്ന മേഖലയാണു ടെലികോം. ഡേറ്റയ്ക്ക് പെട്രോളിനു തുല്യം ‘തീ വില’ ഉണ്ടായിരുന്ന കാലം. അൽപസ്വൽപം വിളിയും മെസേജിങ്ങും പരിമിതമായ സർഫിങ്ങും വേഗം കുറഞ്ഞ ഗെയിമിങ്ങുമൊക്കെയായി തുടക്കമിട്ട ആദ്യകാലം. പിന്നീട്, പതിയെപ്പതിയെ മാറ്റത്തിന്റെ കാറ്റടിച്ചു തുടങ്ങി. അതു പതിയെ കൊടുങ്കാറ്റായി. കൂടുതൽ കമ്പനികൾ കളത്തിലിറങ്ങി, കോടികൾ നിക്ഷേപിച്ചു ശതകോടികൾ കൊയ്യാനുള്ള മത്സര കാലം. അതോടെ, ഡേറ്റ ‘ചീപ്പ്’ ആയി.
2 ജിയും 3 ജിയും 4 ജിയും വന്നു. റിയലൻസിന്റെ ജിയോ മറ്റൊരു മത്സര വിപ്ലവമായി. ഡേറ്റയും സ്മാർട്‌ഫോണുമുണ്ടെങ്കിൽ എന്തും ചെയ്യാവുന്ന കാലമായി! അതിനിടെ പക്ഷേ, സ്പെക്ട്രം ലേലത്തിൽ വൻതുക മുടക്കി പല കമ്പനികളുടെയും കൈ പൊള്ളി. വലിയ ചെലവും ആനുപാതികമല്ലാത്ത വരുമാനവും അവരുടെ കണക്കുകൾ തെറ്റിച്ചു. ചില കമ്പനികൾ അപ്രത്യക്ഷമായി. മറ്റു ചിലതെല്ലാം ഒന്നിച്ചു ചേർന്നു പുതിയ കമ്പനിയായി പിടിച്ചു നിൽക്കാൻ ശ്രമിച്ചു, ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ 5 ജി കാലവും വരികയാണ്.
∙ 5 ജി വരും, ഈ വർഷം തന്നെ?
ഈ വർഷം അവസാനത്തോടെ രാജ്യത്തെ 13 നഗരങ്ങളിൽ 5 ജി നെറ്റ്‌വർക്ക് ലഭ്യമാകുമെന്നാണു കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഗുരുഗ്രാം, ചണ്ഡിഗഡ്, ബെംഗളൂരു, അഹമ്മദാബാദ്, ജാംനഗർ, ഹൈദരാബാദ്, പുണെ, ലക്നൗ, ഗാന്ധിനഗർ നഗരങ്ങൾക്കാണ് 5 ജി ആദ്യം ലഭിക്കാനുള്ള അവസരം. ഈ നഗരങ്ങളിലാണു 5 ജി പരീക്ഷണങ്ങൾ നടന്നത് എന്നതുതന്നെ അവയ്ക്ക് ആദ്യ പരിഗണന ലഭിക്കാനുളള പ്രധാന കാരണം.
പക്ഷേ, 5 ജി വരണമെങ്കിൽ ആദ്യം സ്പെക്ട്രം ലേലം നടക്കണം. ലേലം വൈകില്ലെന്നാണു കേന്ദ്ര സർക്കാർ നൽകുന്ന സൂചനകൾ. ജൂലൈയിലോ ഓഗസ്റ്റിലോ ലേലം നടക്കുകയാണെങ്കിൽ ഈ വർഷം തന്നെ 5 ജി പരിമിതമായ തോതിലെങ്കിലും ലഭ്യമാക്കാൻ കഴിയും. ലേലം വൈകിയാൽ 5 ജി വരവും ആനുപാതികമായി വൈകും. തൽക്കാലം, 5 ജിക്കായി കേരളം കാത്തിരിക്കേണ്ടി വരുമെന്നു വ്യക്തം. എങ്കിലും, അടുത്ത വർഷം തന്നെ കേരളത്തിലെ പ്രധാന നഗരങ്ങളിലും 5 ജി എത്താനാണു സാധ്യത.
∙ എന്താകും 5 ജി കാത്തുവയ്ക്കുന്നത്?
എപ്പോഴും പറയുന്നതു പോലെയല്ല! 5 ജി അക്ഷരാർഥത്തിൽ തന്നെ ഡിജിറ്റൽ വിപ്ലവം സൃഷ്ടിക്കും. ഫോണുകളിൽ മാത്രം ഒതുങ്ങുന്ന വിപ്ലവമല്ല അത്. ഒട്ടേറെ ഇലക്ട്രോണിക് ഡിവൈസുകളുടെ ജാതകം തന്നെ മാറ്റിയെഴുതപ്പെടും. കമ്യൂണിക്കേഷൻ, മൾട്ടിമീഡിയ, എന്റർടെയ്ൻമെന്റ്, ഓഫിസ്– ഹോം ഓട്ടമേഷൻ തുടങ്ങി ഡിജിറ്റൽ കണക്ടിവിറ്റിയുടെ അദ്ഭുത ലോകമാണു വാഗ്ദാനം ചെയ്യപ്പെടുന്നത്. ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), ഓഗ്‌മെന്റഡ്– വെർച്വൽ റിയാലിറ്റി, ഓട്ടണോമസ് ഡ്രൈവിങ്, സ്മാർട്ട് ഹോം സൊല്യൂഷനുകൾ എന്നിവ കേന്ദ്രീകരിച്ചു ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടും.
4ജിയിൽ നിന്നു സാങ്കേതികമായി ഏറെ മുന്നിലാണ് 5 ജി എന്നതുകൊണ്ടു തന്നെ ടെലികോം ഇൻഫ്രാസ്ട്രക്ചർ വലിയ തോതിൽ വികസിക്കേണ്ടത് അത്യാവശ്യം. എങ്കിൽ മാത്രമേ, ശരിയായ 5 ജി സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കൂ. രാജ്യത്തുടനീളം ടെലികോം അടിസ്ഥാന വികസനം അതിദ്രുതം പുരോഗമിക്കുകയാണ്. നിലവിൽ 6.8 ലക്ഷം ടവറുകളാണുള്ളത്. 2 വർഷത്തിനുള്ളിൽ 8 ലക്ഷം പുതിയ മൊബൈൽ ടവറുകൾ കൂടി ഉയരും. 2024 സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ ടവറുകളുടെ എണ്ണം 15 ലക്ഷം കവിയും!
∙ കമ്പനികൾ സജ്ജം
അടുത്ത മത്സര കാലത്തിന് ഒരുങ്ങുകയാണു വിവിധ ടെലികോം സേവന ദാതാക്കൾ. ‘5 ജി മൊബൈൽ ഇന്റർനെറ്റ് ലഭ്യമാക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. അതിനു മുൻപ് 5 ജി സ്പെക്ട്രം ലേലം നടക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരാണ് അക്കാര്യം തീരുമാനിക്കേണ്ടത്. 5 ജി എപ്പോൾ അനുവദിച്ചാലും സേവനം നൽകാൻ ഞങ്ങൾ ഒരുക്കമാണ്. അതിനുള്ള റിയൽ ടൈം ട്രയൽസ് നടത്തി വിജയിക്കുകയും ചെയ്തു.
5 ജി വരും മുൻപേ രാജ്യത്ത് അതിനുള്ള ഇക്കോ സിസ്റ്റം ഒരുങ്ങേണ്ടതുണ്ട്. 5 ജി സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ ലഭ്യമാകണം. ഇപ്പോഴും, രാജ്യത്തു വിൽക്കുന്ന 100 ഫോണുകളിൽ ശരാശരി 40 എണ്ണവും 2 ജി, 3ജി ഫോണുകളാണ്’– രാജ്യത്തെ പ്രമുഖ ടെലികോം ഓപറേറ്ററായ വോഡഫോൺ ഐഡിയ (വി) ഇന്ത്യയുടെ ചീഫ് ഓപറേറ്റിങ് ഓഫിസർ അഭിജിത് കിഷോറിന്റെ വാക്കുകൾ.
∙ ടെലികോം മേഖലയിലെ ‘ഡിസ്റപ്ഷൻ’
ഒരു പക്ഷേ, ഏറ്റവും കൂടുതൽ പൊളിച്ചടുക്കൽ നടക്കുന്നതു ടെലികോം മേഖലയിലാകാമെന്ന് അഭിജിത് കിഷോർ പറയുന്നു. ‘2 ജി വന്നു, 3 ജി വന്നു, ജിയോ വന്നു, നമ്പർ പോർട്ടബിലിറ്റി വന്നു. ഇപ്പോൾ, 5 ജി വരുന്നു. ഇനി, എന്താണു വരുന്നതെന്നു പറയാനാകില്ല. ഇത്തരം ഉടച്ചു വാർക്കലുകൾ ചിലപ്പോഴെല്ലാം ഗുണകരമാണ്. ചിലപ്പോൾ, അത്ര നല്ലതാകണമെന്നുമില്ല. കടുത്ത മത്സരത്തിന്റെയും പൊളിച്ചടുക്കലുകളുടെയും ആത്യന്തിക ഗുണഫലം ലഭിച്ചതു ഫോൺ ഉപയോക്താക്കൾക്കു തന്നെ! ഡേറ്റ ചെലവു കാര്യമായി കുറഞ്ഞുവെന്നതു തന്നെയാണ് അവർക്കുണ്ടായ പ്രധാന നേട്ടം. ഒട്ടേറെ മൂല്യവർധിത സേവനങ്ങളും ലഭിച്ചു.
തൽക്കാലം ടെലികോം മേഖല ഏറെക്കുറെ സന്തുലിതമായ അവസ്ഥയിലാണ്. തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെങ്കിലും ‘വി’ സാമ്പത്തികമായി പുതുജീവൻ നേടുകയാണ്. കഴിഞ്ഞ പാദത്തിൽ മികച്ച വളർച്ച നേടാൻ കഴിഞ്ഞു. കേരളത്തിൽ 1.6 കോടി വരിക്കാരാണ് ഞങ്ങൾക്കുള്ളത്–അതായത്, ആകെ വരിക്കാരുടെ 46%. സംസ്ഥാനത്തെ 97% മേഖലകളിലും കവറേജ് ലഭിക്കും; താമസക്കാർ തീർത്തും കുറവായ വിദൂര മലമ്പ്രദേശങ്ങളിൽ ഒഴികെ. കേരളത്തിൽ ഞങ്ങൾ വി മൈ –ഫൈ എന്ന പേരിൽ പോക്കറ്റ് വൈ–ഫൈ അവതരിപ്പിച്ചിട്ടുണ്ട്. 10 ഡിവൈസുകളുമായി വരെ ഒരേ സമയം ഇത് കണക്ട് ചെയ്യാം.’
∙ കോവിഡ് സൃഷ്ടിച്ച ഡേറ്റ വേലിയേറ്റം
3 വർഷം മുൻപു വോയ്സ് ആയിരുന്നു താരം. കോവിഡ് ലോക്ഡൗൺ കാലമാണു ഡേറ്റ ഉപയോഗം വർധിപ്പിച്ചത്; 40% വളർച്ച. ഉപയോക്താക്കളുടെ എണ്ണവും ഉപയോഗിക്കുന്ന ഡേറ്റയുടെ അളവും വർധിച്ചു. ഉപയോക്താക്കളുടെ ഭാഗത്തുനിന്നു ചിന്തിക്കാനാണു ടെലികോം കമ്പനികളുടെയെല്ലാം ശ്രമം. അതുകൊണ്ടു തന്നെ കമ്പനികളെല്ലാം ഡേറ്റ അധിഷ്ഠിത പദ്ധതികൾ അവതരിപ്പിക്കുന്നു. അതിനു പുറമേയാണു സ്വന്തം മൊബൈൽ ആപ്പുകളിലൂടെ മ്യൂസിക് ചാനലുകളും ഒടിടി പ്ലാറ്റ്ഫോമുകളും ലഭ്യമാക്കുന്നത്.
വ്യവസ്ഥകൾക്കു വിധേയമായി ഒടിടി സബ്സ്ക്രിപ്ഷൻ പോലും സൗജന്യം. ഫോൺ റീചാർജ് ചെയ്യാനും ഡേറ്റ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ കിട്ടാനും മാത്രമായി ആരും ഇത്തരം ആപ്പുകൾ ഉപയോഗിക്കില്ലെന്ന തിരിച്ചറിവിലാണു കമ്പനികൾ ആപ്പുകളിൽ പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയത്. സിമ്മിനൊപ്പം ഫോൺ കൂടി നൽകുന്നു, ചില കമ്പനികൾ. പക്ഷേ, ഇഷ്ടമുള്ള ഫോൺ വാങ്ങാനുള്ള സ്വാതന്ത്ര്യം ഉപയോക്താക്കൾക്കു നൽകാനാണു ‘വി’ ഇഷ്ടപ്പെടുന്നതെന്നാണ് അഭിജിത് കിഷോർ പറയുന്നത്.
∙ വളരും, ബിസിനസ് സാധ്യതകൾ
5 ജിയുടെ വരവ് സ്മാർട് ഫോൺ ഉപയോക്താക്കളുടെ വിനോദ, വിജ്ഞാന ആവശ്യങ്ങൾക്കു വൻ കുതിപ്പു നൽകും. അതിവേഗം സിനിമ ഡൗൺലോഡിങ്ങും വിഡിയോ ചാറ്റും ഫയൽ ഷെയറിങ്ങിനുമെല്ലാം സാധിക്കും. വമ്പൻ പ്രയോജനം ബിസിനസ് ലോകത്തിനു തന്നെ. ക്ലൗഡ്, എഡ്ജ്, എഐ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് വയർലസ് നെറ്റ്‌വർക്കിങ് സാധ്യമാകുന്നതോടെ കമ്പനികളുടെ പ്രവർത്തന രീതി പോലും മാറിയേക്കാം. ഏത് ഉപകരണത്തെയും ഡിജിറ്റലായി കണക്ട് ചെയ്യാൻ കഴിയുന്ന കാലം പ്രവർത്തന കാര്യക്ഷമത ഉയർത്തുകയും പുതിയ സാധ്യതകളും ആശയങ്ങളും സൃഷ്ടിക്കുകയും ചെയ്യും. സ്മാർട്ട് സിറ്റികളും സ്മാർട്ട് വില്ലകളും സ്മാർട്ട് ഓഫിസുകളും സ്മാർട്ട് സ്കൂൾ–കോളജുകളുമെല്ലാം ശരിക്കും ‘സ്മാർട്ട്’ ആകും!!