ഗ്രൂപ്പ് ചാറ്റിൽ വോട്ടുചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് ഒരുങ്ങുന്നു. ഗ്രൂപ്പ് ചാറ്റിനുള്ളിൽ പോൾ ക്രിയേറ്റ് ചെയ്ത് അതിൽ ഗ്രൂപ്പ് അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയുന്ന വിധത്തിലായിരിക്കും ഫീച്ചർ വരിക.
വാബീറ്റഇൻഫോയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഐഓഎസ് ബീറ്റ വേർഷനിൽ ഈ ഫീച്ചർ ഉടൻ ലഭ്യമാകും. ക്രമേണ സാധാരണ വേർഷനിലേക്കും പിന്നീട് ആൻഡ്രോയിഡ് വേർഷനിലേക്കും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്രൂപ്പിൽ മാത്രമാകും പോൾസ് ലഭ്യമാകുക. കൂടാതെ ഇവ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും, അതായത് ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രമാണ് പോളിൽ പങ്കെടുക്കാനും അതിന്റെ ഫലം കാണാനും സാധിക്കുക.
സമാനമായ ഫീച്ചർ വാട്ട്സ്ആപ്പ് എതിരാളിയായ ടെലിഗ്രാമിൽ ഇതിനകം ലഭ്യമാണ്. ടെലിഗ്രാം 2018ലാണ് ഗ്രൂപ്പ് പോളുകൾ അവതരിപ്പിച്ചത്. ഇവ വളരെ ജനപ്രിയവും നിരവധി വലിയ ഗ്രൂപ്പുകൾക്കും ചാനലുകകൾക്കും ഉപയോഗപ്രദമായ ഫീച്ചർ കൂടിയാണ്.
വാട്ട്സ്ആപ്പ് കുറച്ച് കാലമായി ഒരു പുതിയ കമ്മ്യൂണിറ്റി ഫീച്ചർ പരീക്ഷിക്കുന്നുണ്ട്, ഇത് ഗ്രൂപ്പുകളും കമ്യൂണിറ്റികളും ഉപയോഗിക്കുന്നത് എളുപ്പമാകും. നിലവിലെ ക്യാമറ ടാബിന് പകരം പുതിയ ടാബ് വരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.