2020 ലെ ഇന്ത്യൻ ജിഡിപിയിലേക്ക് യൂട്യൂബിന്റെ ക്രിയേറ്റര്‍മാര്‍ 6,800 കോടി രൂപ സംഭാവന ചെയ്‌തതായി റിപ്പോര്‍ട്ട്. സ്വതന്ത്ര കൺസൾട്ടിംഗ് സ്ഥാപനമായ ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ട് യൂട്യൂബ് തന്നെയാണ് പുറത്തുവിട്ടത്.
സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ, സാംസ്കാരിക സ്വാധീനം തുടങ്ങിയവയെപ്പോലും സ്വാധീനിക്കുന്ന ശക്തിയായി മാറാന്‍ യുട്യൂബ് വഴി സാധിച്ചേക്കും. യുട്യൂബിന്റെ കണ്ടന്റ് ക്രിയേറ്റര്‍മാരും കലാകാരന്മാരും അടുത്ത തലമുറയുടെ മാധ്യമത്തെയാണ് സൃഷ്ടിക്കുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള വിജയത്തിൽ അവരുടെ സ്വാധീനം വര്‍ധിപ്പിക്കും, യുട്യൂബിന്റെ റീജിയണല്‍ ഡയറക്ടറായി അജയ് വിദ്യാസാഗര്‍ പറഞ്ഞു.
ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുകളുടെ എണ്ണം 40,000 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 45 ശതമാനം വളര്‍ച്ചയാണ് ഓരോ വര്‍ഷവും സംഭവിക്കുന്നത്. ഇന്ത്യക്കാര്‍ യൂട്യൂബില്‍ കൂടുതല്‍ അവസരങ്ങളും ഒപ്പം പ്രേക്ഷകരേയും കണ്ടെത്തുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തൊഴില്‍പരമായ ലക്ഷ്യങ്ങളെല്ലാം യുട്യൂബിലൂടെ നിറവേറ്റാന്‍ സാധിച്ചെന്നാണ് 80 ശതമാനം കണ്ടന്റ് ക്രിയേറ്റേഴ്സും പറയുന്നത്. തങ്ങളുടെ വീഡീയോകളില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ എട്ട് മാര്‍ഗങ്ങളാണ് യുട്യൂബ് നിര്‍ദേശിക്കുന്നത്. ആറ് അക്കത്തിലുള്ള വരുമാനം ഉണ്ടാക്കുന്ന യുട്യൂബ് ചാനലുകളുടെ എണ്ണം വർഷം തോറും 60 ശതമാനമാണ് വർധിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തായന്‍ യുട്യൂബ് സഹായിക്കുന്നെന്നാണ് പലരുടേയും അഭിപ്രായം.