ലോകത്തെ പ്രമുഖ ടെക്‌നോളജി കമ്പനികളിലൊന്നായ ആപ്പിൾ 2022ലെ ആദ്യത്തെ വലിയ ഉപകരണ അനാവരണ ചടങ്ങിനുള്ള ക്ഷണക്കത്ത് അയച്ചുവെന്ന് 9ടു5മാക്ക് റിപ്പോർട്ടു ചെയ്യുന്നു. പീക്ക് പെർഫോമൻസ് (Peek Performance) എന്നു പേരിട്ടിരിക്കുന്ന ഇവന്റ് നേരത്തെ പറഞ്ഞു കേട്ടതുപോലെ മാർച്ച് 8നായിരിക്കും നടക്കുക. ഇവന്റ് ഓൺലൈനിൽ മാത്രമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ഐഫോൺ എസ്ഇ (2022) മോഡലടക്കം ഏതാനും ഉപകരണങ്ങൾ കമ്പനി അനാവരണം ചെയ്യുമെന്നാണ് കരുതുന്നത്. ആപ്പിളിന്റെ വെബ്‌സൈറ്റ്, യൂട്യുബ് ചാനൽ, മാക്കിലും, ഐപാഡിലും, ഐഫോണിലുമുള്ള ആപ്പിൾ ടിവി ആപ് തുടങ്ങിയ വഴി മാർച്ച് 8ന് രാത്രി ഇന്ത്യൻ സമയം 10.30 മുതൽ ചടങ്ങുകൾ വീക്ഷിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. പ്രതീക്ഷിക്കുന്ന ഉപകരണങ്ങൾ:

∙ ഏറ്റവും വില കുറഞ്ഞ 5ജി ഐഫോൺ

ഐഫോൺ എസ്ഇ (2022) ആയിരിക്കും ലോകത്തെ ഏറ്റവും വില കുറഞ്ഞ 5ജി ഐഫോൺ. മുൻ വർഷങ്ങളിലെ എസ്ഇ മോഡലിന്റെ വിലയിടൽ പ്രകാരമാണെങ്കിൽ 399 ഡോളർ ആയിരിക്കും ഇതിനു വില. (ഏകദേശം 44,500 രൂപ വില തുടക്ക വേരിയന്റിന് പ്രതീക്ഷിക്കാം.) ഇനി അതല്ല, ചില ഊഹാപോഹങ്ങൾ പറയുന്നതു പോലെ മുൻവർഷങ്ങളിലേതു പോലെയല്ലാതെ വില കുറയ്ക്കാൻ ആപ്പിളിന് ഉദ്ദേശമുണ്ടെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന വിലയിൽ നിന്ന് യഥാക്രമം 100 ഡോളറും 10,000 രൂപയും കുറവ് പ്രതീക്ഷിക്കാം. ഇപ്പോൾ വിൽപനയിലുള്ള ഐഫോൺ എസ്ഇ 2020യോട് സാദൃശ്യമുള്ള ബോഡിയാണ് പ്രതീക്ഷിക്കുന്നത്. അതായത് 4.7-ഇഞ്ച് റെറ്റിന എച്ഡി ഡിസ്‌പ്ലേയും ടച്ച്‌ഐഡി അടങ്ങുന്ന ഹോം ബട്ടണും ഉണ്ടായിരിക്കും. ഫെയ്‌സ്‌ഐഡി, ഒന്നിലേറെ പിൻ ക്യാമറകൾ തുടങ്ങിയവ പ്രതീക്ഷിക്കേണ്ടെന്നാണ് കേൾക്കുന്നത്. അതേസമയം, ഐഫോൺ 13 സീരീസിന് ശക്തി പകരുന്ന എ15 ബയോണിക് പ്രോസസറും 5ജി ആന്റിനാ സിസ്റ്റവും ഐഒഎസ് 15നും പ്രതീക്ഷിക്കുന്നു.

∙ ഐപാഡ് എയർ (5-ാം തലമുറ)

ഐപാഡ് തുടക്ക മോഡലിനും ഐപാഡ് പ്രോയ്ക്കും ഇടയ്ക്കു സ്ഥാനമുള്ളതാണ് ഐപാഡ് എയർ. ഐപാഡ് എയർ ഇത്തവണ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം ഇതിനെപ്പറ്റി കാര്യമായി ഒരു വിവരവും തന്നെ പ്രചരിക്കുന്നില്ല. പക്ഷേ, മാർച്ച് ഇവന്റിലോ വാർത്താക്കുറിപ്പു വഴിയോ ആണ് പൊതുവെ എയർ മോഡൽ അവതരിപ്പിക്കുന്നത്. എയർ ഉണ്ടെങ്കിൽ അതും എ15 പ്രോസസർ ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. 5ജി സപ്പോർട്ടും കണ്ടേക്കും. തുടക്ക വേരിയന്റിന് 50,000 രൂപയ്ക്കു മുകളിലായിരിക്കാം വില.

∙ എം2 മാക്

ആപ്പിളിന്റെ സ്വന്തം പ്രോസസറായ എം സീരീസ് ഉപയോഗിച്ചു പ്രവർത്തിക്കുന്ന എം1 മാക് കഴിഞ്ഞ വർഷമാണ് പുറത്തിറക്കിയത്. ഈ വർഷം എം2 മാക് ഉൾക്കൊള്ളുന്ന മാക്ബുക്ക് എയർ ഈ വർഷം പുറത്തിറക്കിയേക്കുമെന്നു കരുതുന്നു. പുതിയ ഡിസൈൻ ചിലപ്പോൾ ഉണ്ടായേക്കാം. തുടക്ക വേരിയന്റിന്റെ വില 92,000 രൂപയോളം ആയിരിക്കാം.

∙ പ്രതീക്ഷിക്കുന്ന മറ്റ് ഉപകരണങ്ങൾ

1. മാക് മിനി പ്രോ (എ2) പ്രോസസർ

2. മാക്ബുക്ക് പ്രോ (എ2) പ്രോസസർ

3. 27-ഇഞ്ച് ഐമാക്ക്, മാക് പ്രോ എന്നിവയും പുറത്തിറക്കിയേക്കാം. അതേസമയം, ഇങ്ങനെ പ്രതീക്ഷിച്ച പല ഉപകരണങ്ങളും ആപ്പിൾ അവതരിപ്പിക്കാതെ പോയ അവസരങ്ങളുമുണ്ട്. 

∙ ഐഒഎസ് 15.4

ഒരു പറ്റം പുതിയ ഫീച്ചറുകളുമായി ഐഒഎസ് 15.4, മാർച്ച് 8ന് പുറത്തിറക്കിയേക്കുമെന്നും കേൾക്കുന്നു. മാസ്‌ക് ഉപയോഗിക്കുമ്പോൾ പോലും ഫെയ്‌സ്‌ഐഡി ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യാനുള്ള ഫീച്ചർ ഉൾപ്പടെയാണ്  പുതുക്കിയ വേർഷനിൽ പ്രതീക്ഷിക്കുന്നത്.

∙ ഇന്ത്യയുടെ പുതിയ ഡേറ്റാ നയത്തിൽ കടുത്ത ആശങ്ക അറിയിച്ച് കമ്പനികൾ

ഇന്ത്യയുടെ ജോയിന്റ് കമ്മിറ്റി ഓഫ് പാർലമെന്റ്, പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കൊണ്ടുവരാൻ ഒരുങ്ങുന്ന ഡേറ്റാ പ്രൊട്ടക്ഷൻ ബില്ലിലെ ചില നിബന്ധനകൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് ആഗോള ടെക്‌നോളജി കമ്പനികളെന്ന് ഇക്കണോമിക് ടൈംസ്. ഇന്ത്യയുടെ നിയമങ്ങൾ രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടവയ്ക്ക് എതിർ ദിശയിലാണ് നീങ്ങുന്നതെന്ന് കമ്പനികൾ പരാതിപ്പെടുന്നു. ടെക്‌നോളജി ഭീമന്മാരായ ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ, ഡെൽ തുടങ്ങിയവയെല്ലാം സംയുക്തമായി ഐടി മന്ത്രി അശ്വിനി വൈഷ്ണവിനു സമർപ്പിച്ച പരാതിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പുതിയ നിയമങ്ങളെക്കുറിച്ച് ഔദ്യോഗികമായി ഒരു ചർച്ച നടത്തണമെന്ന് കമ്പനികൾ ആവശ്യപ്പെടുന്നു. പുതിയ നിയമങ്ങൾ ഇപ്പോൾ ഇന്ത്യയ്ക്കുള്ളിലും പുറത്തും പ്രവർത്തിക്കുന്ന പല കമ്പനികളെയും സാരമായി ബാധിക്കും. പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു മുൻപ് ഇതുബാധിക്കുന്ന എല്ലാ കക്ഷികളുമായും കൂടുതൽ ചർച്ച നടത്തണം. മന്ത്രിക്കു നൽകിയിരിക്കുന്ന പരാതിയിൽ ഒപ്പുവച്ചിരിക്കുന്ന സംഘടനകളിൽ ഇവയും ഉൾപ്പെടും – യുഎസ് ഇന്ത്യാ ബിസിനസ് കൗൺസിൽ, യുഎസ് ഇന്ത്യ സ്ട്രാറ്റെജിക് പാർട്ണർഷിപ് ഫോറം, ഇൻഫർമേഷൻ ടെ്കനോളജി ഇൻഡസ്ട്രി കൗൺസിൽ, ബിസിനസ് യൂറോപ്പ, ദി ജപ്പാൻ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഡസ്ട്രീസ് അസോസിയേഷൻ. 

∙ വാട്‌സാപ് 20 ലക്ഷത്തോളം അക്കൗണ്ടുകൾ നിരോധിച്ചു

ജനുവരി മാസത്തെ റിപ്പോർട്ട് രാജ്യത്തെ ഏറ്റവും ജനപ്രിയ സമൂഹ മാധ്യമ സേവനമായ വാട്‌സാപ് പ്രസിദ്ധീകരിച്ചു. ജനുവരിയിൽ കമ്പനി ഏകദേശം 1,858,000 അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ടിലുണ്ട്. ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം എല്ലാ മാസവും ഇത്തരം റിപ്പോർട്ടുകൾ കമ്പനികൾ പുറത്തിറക്കണം. 

RUSSIA-INTERNET-WHATSAPP

∙ റെഡ്മി നോട്ട് 11ഇ സീരീസിൽ രണ്ടു പുതിയ ഫോണുകൾ 

ഷഓമി റെഡ്മി നോട്ട് 11ഇ, 11ഇ പ്രോ എന്നീ പേരുകളിൽ രണ്ടു പുതിയ സ്മാർട് ഫോണുകൾ ചൈനയിൽ പുറത്തിറക്കി. ഇവയിൽ 11ഇ പ്രോ മോഡലിന് 6.67-ഇഞ്ച് വലുപ്പമുള്ള ഫുൾഎച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഇത് സാംസങ് നിർമിച്ചതാണ്, 120 ഹെട്‌സ് വരെ റിഫ്രെഷ് റെയ്റ്റുമുണ്ട്. ക്വാൽകം സ്‌നാപ്ഡ്രാഗൺ 695 ഉപയോഗിച്ചു പ്രവർത്തിക്കുന്നു. ഇത് ‘റെഡ്മി നോട്ട് പ്രോ 5ജി’ എന്ന മോഡൽ പേരു മാറ്റി ഇറക്കിയിരിക്കുന്നതാണെന്നു പറയുന്നു. ഇതിന് 108 എംപി പ്രധാന ക്യാമറയും 8എംപി അൾട്രാ വൈഡും 2എംപി മാക്രോയും അടങ്ങുന്ന പിൻ ക്യാമറാ സിസ്റ്റം ഉണ്ട്. കൂടാതെ, 16 എംപി സെൽഫി ക്യാമറയും ഉണ്ട്. ബാറ്ററി 5000 എംഎഎച് ആണ്. തുടക്ക വേരിയന്റിന് ഏകദേശം 20,250 രൂപയായിരിക്കും വില.

കുറഞ്ഞ മോഡലായ 11ഇയ്ക്ക്, 90 ഹെട്‌സ് വരെ റിഫ്രെഷ് റെയ്റ്റുള്ള 6.58-വലുപ്പമുള്ള എൽസിഡി സ്‌ക്രീനാണ് ഉള്ളത്. മീഡിയടെക് ഡിമെൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണിന് 50 എംപി പ്രധാന ക്യാമറയും, 2എംപി ടെലി ക്യാമറയും ഉൾക്കൊള്ളിച്ചിരിക്കുന്നു. സെൽഫിക്ക് 5എംപിക്യാമറയാണെന്നാണ് റിപ്പോർട്ട്. തുടക്ക വേരിയന്റിന് ഏകദേശം 14500 രൂപ വില പ്രതീക്ഷിക്കുന്നു.  

∙ നതിങ് കമ്പനിയുടെ സ്മാർട് ഫോണും പവർ ബാങ്കും ഈ മാസം അവതരിപ്പിച്ചേക്കും

വൺപ്ലസ് കമ്പനിയുടെ സഹസ്ഥാപകനായ കാൾ പെയ് തുടങ്ങിയ കമ്പനിയായ നതിങ് ഈ മാസം പുതിയ പ്രോഡക്ടുകൾ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നതിങ് ഇയർ (1) എന്നു പേരിട്ട ഒരു ഇയർബഡ്‌സ് മാത്രമാണ് കമ്പനി ഇതുവരെ പുറത്തിറക്കിയിരിക്കുന്നത്. അടുത്തതായി നതിങ് ഫോൺ (1), നതിങ്പവർ (1) എന്നിങ്ങനെ രണ്ട് ഉപകരണങ്ങൾ അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *