ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ 100-ാം വേര്‍ഷന്‍ അപ്‌ഡേറ്റ് അവതരിപ്പിക്കുമ്പോള്‍ അത് ഇന്റര്‍നെറ്റില്‍ പരിഭ്രാന്തി പരത്തിയേക്കാമെന്ന് എക്‌സ്പ്രസ് യുകെ, ബിജിആര്‍ തുടങ്ങിയ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സാങ്കേതികമായി പറഞ്ഞാൽ ഗൂഗിള്‍ ക്രോമിന് ഒരു പുതിയ വ്യക്തിത്വം കൈവരുന്നതാണ് ദുരന്തമായി തീരാന്‍ സാധ്യത എന്നു പറയുന്നു. ഇപ്പോള്‍ ഉപയോഗിക്കുന്നത് ക്രോം വേര്‍ഷന്‍ 98 ആണ്. അതായത് ഇരട്ട അക്കം. ക്രോം 100 എന്ന മൂന്നക്ക സംഖ്യയിലേക്ക് കടക്കുമ്പോള്‍ വെബ്‌സൈറ്റുകള്‍ വേണ്ട ക്രമീകരണം നടത്തിയില്ലെങ്കില്‍ ഇന്റര്‍നെറ്റ് ഇരുട്ടിലാകുമെന്ന് (blackout) സാങ്കേതിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. 

∙ ക്രോം മാത്രമല്ല, മൈക്രോസോഫ്റ്റ് എജും ഫയര്‍ഫോക്‌സും മാറ്റത്തിനൊരുങ്ങുന്നു

ഗൂഗിള്‍ ക്രോമും മൈക്രോസോഫ്റ്റ് എജും മാര്‍ച്ച് 29ന് വേര്‍ഷന്‍ 100ലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, മോസില ഫയര്‍ഫോക്‌സില്‍ മാറ്റം വരുന്നത് മെയ് മാസത്തിലായിരിക്കും. വളരെ ചെറിയൊരു മാറ്റമാണ് വരുന്നതെങ്കിലും കാര്യങ്ങള്‍ മൊത്തം കൈവിട്ടു പോയാല്‍ ഇന്റര്‍നെറ്റ് ബ്ലാക്ഔട്ട് ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. ഈ മാറ്റത്തെ സ്വീകരിക്കാന്‍ ഇനിയും ഒരുങ്ങാത്ത ഡവലപ്പര്‍മാരെ ഇക്കാര്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ കൂടിയാണ് ഈ മുന്നറിയിപ്പ്. പുതിയ പ്രതിസന്ധിയെ വിദഗ്ധര്‍ കാണുന്നത് 1999 പ്രതീക്ഷിച്ച ‘മിലിനിയം ബഗി’നു സമാനമാണ്. 2000 പിറക്കുമ്പോൾ കംപ്യൂട്ടറുകള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടാമെന്നായിരുന്നു മുന്നറിയിപ്പ്. ഇത് യാഥാര്‍ഥ്യമായില്ലെങ്കിലും സമാനമായ സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങള്‍ മുൻപ് ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പല പ്രശ്നങ്ങളും വെബ് സോഫ്റ്റ്‌വെയറിന്റെ പേരു മാറുന്ന സമയത്ത് സംഭവിക്കുന്നതാണ്.

chrome

∙ മുന്നറിയിപ്പുമായി ഗൂഗിളും

ബ്രൗസറുകള്‍ അതിന്റെ ഒറ്റ അക്ക വേര്‍ഷനുകളില്‍ നിന്ന് ഇരട്ട അക്ക (10) വേര്‍ഷനിലേക്ക് എത്തിയിട്ട് 12 വര്‍ഷത്തിലേറെയായി. ആ സമയത്ത് യൂസര്‍-ഏജന്റ് പാര്‍സിങ് ലൈബ്രറികളുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. അക്കാലത്ത് പല വെബ്‌സൈറ്റുകളും പൊതുജനത്തിനു കാണാന്‍ സാധിക്കാതെ പോയി എന്ന് പറയുന്നു. വരാനിരിക്കുന്ന സാഹചര്യത്തെ നേരിടാന്‍ സഹായിക്കുന്ന ചില വിശദീകരണങ്ങള്‍ ഗൂഗിളും മറ്റ് കമ്പനികളും ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്. ബ്രൗസറുകള്‍ വ്യത്യസ്തമായ യൂസര്‍-ഏജന്റ് സ്ട്രിങ്ങുകളും ഒരോ സൈറ്റിനും ചേരുന്ന യൂസര്‍-ഏജന്റ് പാര്‍സിങ്ങുമാണ് നടത്തുന്നതെന്ന് ഗൂഗിള്‍ പറയുന്നു. ഇത്തരത്തിലുള്ള ചില പാര്‍സിങ് ലൈബ്രറികള്‍ക്ക് ഹാര്‍ഡ്-കോഡഡ് അസംപ്ഷന്‍സ് അല്ലെങ്കില്‍ ബഗുകള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഗൂഗിള്‍ പറയുന്നു. ഇതുമൂലം അവ മൂന്നക്ക വേര്‍ഷനുകളെ പരിഗണിക്കാതെ വന്നേക്കാം. 

യൂസര്‍-ഏജന്റ് പാര്‍സിങ് ലൈബ്രറികളാണ് ബ്രൗസറുകളും വെബ്‌സൈറ്റുകളും എല്ലാം പൊരുത്തത്തോടെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കുന്നത്. സംഭവിച്ചേക്കാവുന്ന പൊരുത്തക്കേടുകള്‍ ഇല്ലാതാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ടെക്‌നോളജി കമ്പനികള്‍ ഇപ്പോള്‍. വരുന്ന മാറ്റത്തെക്കുറിച്ചുള്ള അവബോധം ഡവലപ്പര്‍മാരില്‍ വളര്‍ത്തുക എന്നത് പ്രശ്‌നപരിഹാരത്തിനു വളരെയധികം ഉപകരിക്കും.

Google-Chrome-Microsoft-Edge-Microsoft-Edge

∙ മുന്നറിയിപ്പുമായി ഫയര്‍ഫോക്‌സും

ഫയര്‍ഫോക്‌സും ക്രോമും 100 വേര്‍ഷനിലെത്തുക എന്നത് സുപ്രധാന നേട്ടമാണ്. എന്നാല്‍, ഇതിനൊരുങ്ങാത്ത വൈബ്‌സൈറ്റുകള്‍ക്ക് അത് പ്രശ്‌നം നേരിട്ടേക്കാമെന്നാണ് ഫയര്‍ഫോക്‌സിന്റെ മുന്നറിയപ്പ്. വെബ്‌സൈറ്റുകള്‍ 2-ഡിജിറ്റ് നമ്പറില്‍ നിന്ന് 3-ഡിജിറ്റ് നമ്പറിലേക്ക് മാറണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഭാഗ്യവശാല്‍ ഗൂഗിളിന്റെയും ഫയര്‍ഫോക്‌സിന്റെയും മൈക്രോസോഫ്റ്റിന്റെയും ടീമുകള്‍ വരാനിരിക്കുന്ന പ്രശ്‌നത്തെക്കുറിച്ചുള്ള അവബോധം പരമാവധി പേരില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഒപ്പം വൈബ്‌സൈറ്റുകള്‍ പൊട്ടിപ്പോകാനുള്ള സാധ്യത എന്തുമാത്രം ഉണ്ടെന്ന് അറിയാനുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഈ കമ്പനികളിലെ ടെക്‌നോളജി വിദഗ്ധര്‍. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ സംഭവിച്ചേക്കുമോ എന്നുള്ള ഭീതിയും ഉണ്ട്. ഇതിനായി ബാക്-അപ്പുകളും സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്.

∙ ആശങ്കയ്‌ക്കൊപ്പം ആശ്വാസ വാര്‍ത്തയും

പല ലൈബ്രറികളും അവയുടെ പാര്‍സിങ് ലോജിക്ക് ഒറ്റ അക്കത്തില്‍ നിന്ന് ഇരട്ട അക്കത്തിലേക്കു മാറിയപ്പോള്‍ തന്നെ മാറ്റിയിട്ടുണ്ട് എന്നൊരു ആശ്വാസ വാര്‍ത്തയും ഗവേഷകര്‍ പുറത്തുവിടുന്നു. എത്ര മുന്‍കരുതല്‍ എടുത്താലും ചില വെബ്‌സൈറ്റുകള്‍ക്കെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന വാദവും ഉണ്ട്. ഉദാഹരണത്തിന് യാഹൂ, ബെതെസ്ഡാ, ടി-മൊബൈല്‍, എച്ബിഒ ഗോ തുടങ്ങിയ വെബ്‌സൈറ്റുകളില്‍ പോലും ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ഇന്റര്‍നെറ്റ് പാടെ മുടങ്ങിപ്പോകാതിരിക്കാനായാണ് ഗൂഗിളും മോസിലയും ബാക്ക്-അപ് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വേര്‍ഷന്‍ 99 ഇറക്കുന്ന സമയത്തു തന്നെ ചില പരീക്ഷണങ്ങള്‍ നടത്താനൊരുങ്ങുകയാണ് ഗൂഗിള്‍. അതേസമയം, എത്ര ഗുരുതരമായാണ് പ്രശ്‌നം വരുന്നത് എന്നു കണ്ടിട്ട് നീക്കം നടത്താനാണ് മോസിലയുടെ പദ്ധതി. പ്രശ്‌നം കണ്ടെത്തിയാല്‍ തങ്ങളുടെ സൈറ്റ് ഇന്റര്‍വെന്‍ഷന്‍ മെക്കാനിസം ഉപയോഗിച്ച് അതിവേഗം പരിഹാരം കാണാനാണ് മോസില കാത്തിരിക്കുന്നത്. അതേസമയം, ഫയര്‍ഫോക്‌സിന്റെ പുതിയ വേര്‍ഷനും വ്യാപകമായി പ്രശ്‌നത്തിനു കാരണമായേക്കാമെന്നും വാദമുണ്ട്.

∙ ബ്ലാക്‌ബെറി വീണ്ടും മരിച്ചു

ഫോണ്‍ നിര്‍മാണത്തിലെ വിഖ്യാത നാമമായിരുന്ന ബ്ലാക്‌ബെറി എന്തു വില കൊടുത്തും നിലനിര്‍ത്തും എന്ന വാശിയിലായിരുന്നു അത് ഏറ്റെടുത്ത ഓണ്‍വേഡ്‌മൊബിലിറ്റി എന്ന സ്റ്റാര്‍ട്ട്-അപ് കമ്പനി. ബ്ലാക്‌ബെറി എന്ന പേരുമായി ഫിസിക്കല്‍ കീബോഡ് ഉള്ള ഒരു 5ജി ഫോണ്‍ തങ്ങള്‍ പുറത്തിറക്കുമെന്നായിരുന്നു കമ്പനി പറഞ്ഞുവന്നത്. എന്നാല്‍, ‘വളരെ ദുഃഖത്തോടെ’ തങ്ങള്‍ ഈ പരിശ്രമത്തില്‍ നിന്നു പിന്മാറുകയാണ് എന്ന് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി അടച്ചുപൂട്ടുകയാണ് എന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ പറയുന്നു. 

blackberry-phone

∙ ജാക്ക് മായ്ക്ക് കൂടുതല്‍ തലവേദന

ചൈനീസ് കമ്പനി ആലിബാബയുടെ സ്ഥാപകന്‍ ജാക് മാ ഏകദേശം 2020 ഒക്ടോബറിലാണ് ‘വനവാസം’ തുടങ്ങിയത്. പിന്നീട് ഏതാനും തവണ മാത്രമാണ് അദ്ദേഹത്തെ പുറത്തു കണ്ടത്. തന്റെ മറ്റൊരു കമ്പനിയായ ആന്റ് (Ant) തുടങ്ങാനിരിക്കെ നടത്തിയ ഒരു പ്രസംഗമാണ് മായെ പ്രതിസന്ധിയിലാക്കിയത്. മായുടെ ആന്റ് ഗ്രൂപ്പുമായി ഏതെങ്കിലും ബാങ്കോ, പൊതു മേഖലാ സ്ഥാപനമോ എന്തെങ്കിലും ഇടപാടു നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ചൈനീസ് സർക്കാർ ഇപ്പോള്‍ എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാള്‍ കൂടിയായ മായ്ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ സമ്മാനിച്ചേക്കാമെന്ന് പറയുന്നു.

∙ ഷഓമി 12 അള്‍ട്രാ മോഡലിന് സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്ലസ് പ്രോസസര്‍?

ഷഓമി 12 അള്‍ട്രാ സ്മാര്‍ട് ഫോണ്‍ മോഡലിന് സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്ലസ് പ്രോസസര്‍ ആയിരിക്കുമെന്ന് സൂചന. ഐഎംഇഐ ഡേറ്റാബെയ്‌സിലാണ് ഇതേക്കുറിച്ചുളള സൂചന കണ്ടെത്തിയത്. ഈ വര്‍ഷം മൂന്നാം പാദത്തിലായിരിക്കും ഫോണ്‍ പുറത്തിറക്കുക എന്നു കരുതുന്നു. ഇതിന് 5എക്‌സ് പെരിസ്‌കോപ് ക്യാമറ ഉണ്ടായേക്കും.

∙ പെഗസസ് നിരീക്ഷണ കേസ് ഈ മാസം 25ന് സുപ്രീംകോടതിയില്‍

ഇസ്രയേലി കമ്പനിയായ പെഗസസിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്ടവിസ്റ്റുകളെയും മറ്റും നിരീക്ഷിച്ചു എന്ന കേസ് ഫെബ്രുവരി 25ന് സുപ്രീംകോടതി പരിഗണിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *