ലോക പ്രശസ്ത വീഡിയോ ഗെയിം നിർമ്മാതാക്കളായ ആക്ടിവിഷൻ ബ്ലിസാർഡിനെ 68.7 ബില്ല്യൺ ഡോളറിന് ( ഏകദേശം 5,12,362 കോടി രൂപ ) സ്വന്തമാക്കാനൊരുങ്ങി ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്. ഇതോടെ വിനോദം/ഗെയിമിങ് വ്യവസായത്തിലെ തന്നെ ഏറ്റവും വലിയ വിൽപ്പനയിലൂടെ വരുമാനത്തിൽ ടെൻസെന്റിനും സോണിക്കും തൊട്ട് പിന്നിൽ ലോകത്തിലെ മൂന്നാമത്തെ വലിയ ഗെയിമിംഗ് കമ്പനിയായി മൈക്രോസോഫ്റ്റ് മാറും. ഇതോടെ മൈക്രോസോഫ്റ്റിന്റെ വീഡിയോ ഗെയിമിംഗ് വിഭാഗമായ എക്സ് ബോക്സിലേക്ക് ആക്ടിവിഷൻ ഗെയിമുകൾ ഉൾപ്പെടുത്താനും മെറ്റാവേർസ് പ്ലാറ്റ്‌ഫോമുകളുടെ വികസനത്തിന് സഹായിക്കുമെന്നും കമ്പനി വിലയിരുത്തുന്നു.
വിൽപ്പന ഇടപാട് ആക്റ്റിവിഷൻ ബ്ലിസാർഡിന്റെ ഷെയർഹോൾഡർ അവലോകനങ്ങൾക്കും അംഗീകാരത്തിനും വിധേയമാണെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.”വിനോദ മേഖലയിലെ തന്നെ ഏറ്റവും ആവേശഭരിതമായ ഒരു വിഭാഗമാണ് ഗെയിമിങ്. ഇത് മെറ്റാവേർസ് പ്ലാറ്റ്‌ഫോമുകളുടെ വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കും” എന്ന് മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യ നാദെല്ല പ്രസ്താവനയിൽ പരാമർശിച്ചു. 2023 സാമ്പത്തിക വർഷത്തോടെ ഇടപാടുകൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ, ആക്ടിവിഷൻ ബ്ലിസാർഡും മൈക്രോസോഫ്റ്റ് ഗെയിമിങ്ങും സ്വതന്ത്രമായി പ്രവർത്തിക്കുന്നത് തുടരും.
കോവിഡ് മഹാമാരിമൂലമുണ്ടായ അടച്ചിടൽ വീഡിയോ ഗെയിമുകളുടെ ആവശ്യകതയിൽ വൻ വർധനയാണ് ഉണ്ടാക്കിയത്. ആക്ടിവിഷൻ നിർമ്മിച്ച “കോൾ ഓഫ് ഡ്യൂട്ടി”, “ഓവർവാച്ച്” പോലെയുള്ള പ്രശസ്തമായ ഗെയിമുകൾ മൈക്രോസോഫ്റ്റ് എക്സ് ബോക്സിന് എതിരാളികൾക്കുമേൽ മേൽക്കൈ നൽകുമെന്നതിൽ സംശയമില്ല.
“ബോബി കോട്ടിക് ആക്റ്റിവിഷൻ ബ്ലിസാർഡിന്റെ സിഇഒ ആയി തുടരുമെന്നും അദ്ദേഹവും സംഘവും കമ്പനിയുടെ സംസ്കാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ബിസിനസ്സ് വളർച്ച ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും” എന്ന് മൈക്രോസോഫ്റ്റ് അവരുടെ ബ്ലോഗിലൂടെ വെളിപ്പെടുത്തി. വിൽപ്പന ഇടപാട് അവസാനിച്ചുകഴിഞ്ഞാൽ, ആക്ടിവിഷൻ ബ്ലിസാർഡ് മൈക്രോസോഫ്റ്റ് ഗെയിമിംഗ് സിഇഒ ഫിൽ സ്പെൻസറിന് മേൽനോട്ടത്തിലാവും ഉള്ളത്.