കൂടുതൽ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ് പതിയെ വളരുകയാണ്. ജനപ്രിയ ആപ്പിലെ ഏറ്റവും ഉപകാരപ്രദമായ ശബ്‌ദ സന്ദേശങ്ങളിലും പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോവുകയാണ് കമ്പനി. നിലവിൽ ചാറ്റ് തുറന്നിരിക്കുമ്പോൾ മാത്രമാണ് ശബ്‌ദ സന്ദേശങ്ങൾ കേൾക്കാൻ കഴിയുക. ഈ ഫീച്ചറിലാണ് ഉടൻ മാറ്റം വരാൻ പോകുന്നത്.
ബാക്ക്ഗ്രൗണ്ടിൽ ശബ്‌ദ സന്ദേശങ്ങൾ പ്ലേ ചെയ്യാൻ വാട്ട്‌സ്ആപ്പ് ഉടൻ തന്നെ ഉപയോക്താക്കളെ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. ചാറ്റ് വിൻഡോയിൽ നിന്ന് പുറത്തുപോയാലും ശബ്‌ദ സന്ദേശങ്ങൾ കേൾക്കാൻ ഈ ഫീച്ചർ നിങ്ങളെ അനുവദിക്കും. മറ്റു സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകൾ പരിശോധിക്കുമ്പോഴോ മറുപടി നൽകുമ്പോഴോ മറ്റൊരിടത്ത് വന്ന ശബ്‌ദ സന്ദേശം കേൾക്കാൻ ഇതിലൂടെ സാധിക്കും.
വാബീറ്റഇൻഫോയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്, എന്നാൽ ആപ്പിൽ നിന്ന് പൂർണമായി പുറത്തു കടന്ന ശേഷവും ശബ്‌ദ സന്ദേശങ്ങൾ കേൾക്കാനാവുമോ, അതോ വാട്സപ്പ് ബാക്ക്ഗ്രൗണ്ടിൽ തുറന്നിരിക്കുമ്പോൾ മാത്രമാണോ ഇതിനു കഴിയുക എന്നതിൽ വ്യക്തത വന്നിട്ടില്ല.
ആപ്പിലെ മറ്റു ചാറ്റുകളിലൂടെ പോകുമ്പോൾ മുകളിൽ പ്ലേയ്‌ബാക്ക് ബോക്സ് കാണാൻ സാധിക്കും. അതിന്റെ ഒരു സ്ക്രീൻഷോട്ടാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്.
ഈ ഫീച്ചർ ഇതുവരെ പുറത്തിറക്കിയിട്ടില്ല, ബീറ്റ ഉപയോക്താക്കൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ നിങ്ങളുടെ ഫോണിലേക്ക് എത്താൻ കുറച്ച് സമയമെടുത്തേക്കാം.
പ്ലേയ്‌ബാക്ക് സ്പീഡ് നിയന്ത്രിക്കാനുള്ള ഫീച്ചർ വാട്സപ്പ് അവതരിപ്പിച്ചതിനു പിന്നാലെയാണ് ഈ ഫീച്ചറും വരുന്നത്. ശബ്‌ദ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് കേട്ട് നോക്കാൻ കഴിയുന്ന ഒരു ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായും നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.