മെറ്റാ (ഫെയ്‌സ്ബുക്) കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ് സ്വിറ്റ്‌സര്‍ലൻഡ് സൈനികര്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശമിറക്കി. ടെലഗ്രാം, സിഗ്നല്‍ ആപ്പുകളും ഉപയോഗിക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം സ്വിറ്റ്‌സര്‍ലൻഡിന്റെ തന്നെ എന്‍ക്രിപ്റ്റഡ് സന്ദേശക്കൈമാറ്റ ആപ്പായ ത്രീമാ (Threema) ഉപയോഗിക്കാനാണ് നിര്‍ദേശം.
∙ യുഎസ് ക്ലൗഡ് ആക്ട്
അമേരിക്കയുടെ അധികാര പരിധിയിലുള്ള കമ്പനികളുടെ ആപ്പുകളില്‍ നിന്നു ശേഖരിക്കുന്ന ഡേറ്റ വാഷിങ്ടണിലുളള അധികാരികള്‍ക്ക് പരിശോധിക്കാനാകുമെന്ന ഭയമാണ് പുതിയ നിര്‍ദേശത്തിനു പിന്നില്‍. യുഎസ് ക്ലൗഡ് ആക്ട് (US CLOUD Act) പറയുന്നത് ആപ്പുകളുടെ സെര്‍വര്‍ എവിടെ ഇരുന്നാലും ഡേറ്റ നല്‍കണമെന്നാണ്. ത്രീമാ സ്വിറ്റ്സര്‍ലൻഡ് കേന്ദ്രീകൃതമായതിനാല്‍ അത്തരം വിട്ടുവീഴ്ചകള്‍ നടത്തേണ്ടി വരില്ല. കൂടാതെ യൂറോപ്പിന്റെ ജിഡിപിആര്‍ ഡേറ്റാ സംരക്ഷണ നിയമവും ആപ്പിന് ബാധകമാണ്. ഡേറ്റാ സുരക്ഷയ്ക്കു വേണ്ടിയാണ് വാട്‌സാപ് അടക്കമുളള ആപ്പുകള്‍ ഉപയോഗിക്കേണ്ടന്നു പറയാന്‍ കാരണമെന്ന് സൈനിക വക്താവ് പറയുന്നു.
∙ ഇന്ത്യന്‍ സൈന്യത്തിനും ആശങ്ക
ഇതേ ആശങ്ക ഇന്ത്യന്‍ സൈന്യത്തിനും ഉണ്ട്. 2020ല്‍ ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചതിനു ശേഷം ഇന്ത്യന്‍ ആര്‍മി 89 ആപ്പുകള്‍ ഡിലീറ്റു ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവയില്‍ ഫെയ്‌സ്ബുക്, സൂം, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയവ ഉള്‍പ്പെടും. ത്രീമാ പോലത്തെ ആപ് ഉപയോഗിക്കാന്‍ പറയുന്നതിനു പകരം ഇന്ത്യന്‍ സൈന്യം പുതിയ സ്വന്തം ആപ് തന്നെ അവതരിപ്പിച്ചു. അസിഗ്മാ എന്നാണ് പേര്. ആര്‍മി സെക്യുവര്‍ ഇന്‍ഡിജനസ് മെസേജിങ് ആപ്ലിക്കേഷന്‍ (Army Secure IndiGeneous Messaging Application) എന്നാണ് പേര്. ഈ ആപ് ഇന്ത്യന്‍ ആര്‍മിയുടെ നെറ്റ്‌വര്‍ക്കിനുള്ളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഉണ്ടായിരുന്ന ആര്‍മി വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക് (അവാന്‍) ആപ്പിനു പകരമാണ് ഇത്. അവാന്‍ കഴിഞ്ഞ 15 വര്‍ഷമായി സൈന്യം ഉപയോഗിച്ചു വരികയായിരുന്നു എന്ന് പ്രതിരോധ വകുപ്പു പറയുന്നു.
∙ മെറ്റായുടെ ആപ്പുകള്‍ക്ക് പ്രൈവസി സെന്റര്‍ വരുന്നു
മെറ്റാ കമ്പനിയുട കീഴില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കായി പുതിയ പ്രൈവസി സെന്റര്‍ അവതരിപ്പിച്ചു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നു എന്ന കടുത്ത ആരോപണം നേരിടുന്ന കമ്പനി ഇതിനെ ചെറുക്കാനാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഇത് എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളും ഉപയോക്താക്കള്‍ക്ക് നല്‍കും. തുടക്കത്തില്‍ ഇത് അമേരിക്കയിലെ ചില തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുക. പരീക്ഷണം വിജയിച്ചാൽ താമസിയാതെ എല്ലാവര്‍ക്കും നല്‍കും.
∙ പ്രൈവസി സെന്ററിന് അഞ്ചു മൊഡ്യൂളുകള്‍
ഫെയ്‌സ്ബുക് അടക്കമുള്ള ആപ്പുകള്‍ക്ക് പ്രൈവസി സെന്ററില്‍ അഞ്ച് സ്വകാര്യതാ മൊഡ്യൂളുകളായിരിക്കും നല്‍കുക. സെക്യുരിറ്റി, ഷെയറിങ്, കളക്ഷന്‍, യൂസ്, ആഡ്‌സ് എന്നിങ്ങനെയാണ് അവയ്ക്ക് പേരു നല്‍കിയിരിക്കുന്നത്. പ്രൈവസി സെന്റര്‍ ഇപ്പോള്‍ ലഭിക്കുന്നത് ഫെയ്‌സ്ബുക് ഡെസ്‌ക്ടോപ്പില്‍ ഉപയോഗിക്കുന്നവര്‍ക്കാണ്. എന്നാല്‍, ഭാവിയില്‍ സെറ്റിങ്‌സ് കൂടുതല്‍ എളുപ്പത്തില്‍ അക്‌സസു ചെയ്യാന്‍ സാധിച്ചേക്കും. ഈ സെറ്റിങ്‌സ് ഉപയോഗിച്ച് നിങ്ങളുടെ ഫെയ്‌സ്ബുക് പോസ്റ്റുകള്‍ ആര്‍ക്കെല്ലാമാണ് ഷെയർ ചെയ്യാവുന്നത്, മെറ്റാ കമ്പനിക്ക് എന്തെല്ലാം ഡേറ്റാ ശേഖരിക്കാം, നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, നിങ്ങളുടെ പരസ്യ (adverstising) പ്രൊഫൈല്‍, പ്രിഫറന്‍സുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം മേല്‍ നിയന്ത്രണാധികാരം ഉപയോക്താക്കള്‍ക്കു നല്‍കും. മെറ്റാ നിങ്ങളെക്കുറിച്ചുള്ള എന്തെല്ലാം വിവരമാണ് ശേഖരിക്കുന്നത് എന്നെല്ലാം അറിയാന്‍ സാധിച്ചേക്കും. ഈ വിവരങ്ങള്‍ അക്‌സസ് യുവര്‍ ഇന്‍ഫര്‍മേഷന്‍ എന്ന ഫീച്ചര്‍ ഉപയോഗിച്ച് പരിശോധിക്കാം.
∙ വിന്‍ഡോസ് ഉപയോക്താക്കള്‍ ഡ്രൈവര്‍ അപ്‌ഡേറ്റു ചെയ്യണമെന്ന് ഇന്റല്‍
ഇന്റല്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് 10, 11 ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ എത്രയും വേഗം തങ്ങളുടെ ഡ്രൈവറുകള്‍ അപ്ഡേറ്റു ചെയ്യണമെന്ന് ഇന്റല്‍ കമ്പനി ആവശ്യപ്പെട്ടു. വിന്‍ഡോസ് ലേറ്റസ്റ്റിന്റെ (WindowsLatest) റിപ്പോര്‍ട്ട് പ്രകാരം വയര്‍ലെസ് കണക്ടിവിറ്റി മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കും. പല കംപ്യൂട്ടറുകളിലും വൈ-ഫൈ ബന്ധം മുറിയുന്ന പ്രശ്‌നം ഇതിലൂടെ പരിഹരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
∙ വിന്‍ഡോസ് 11ല്‍ പുതിയ നോട്ട്പാഡ് ആപ്
വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് ഡാര്‍ക്ക് മോഡ് ഉള്ള പുതിയ നോട്ട്പാഡ് ആപ് നല്‍കി തുടങ്ങി. ഇപ്പോള്‍ വിന്‍ഡോസ് ഇന്‍സൈഡര്‍ പ്രോഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് ആയിരിക്കും ഇതു നല്‍കുക. തുടര്‍ന്ന് പുതിയ ഡിസൈന്‍ ഉള്ള നോട്ട്പാഡ് എല്ലാ വിന്‍ഡോസ് 11 ഉപയോക്താക്കള്‍ക്കും ലഭിക്കും.
∙ സാംസങ്ങിന്റെ ടൈസന്‍ ആപ് സ്റ്റോര്‍ അടച്ചുപൂട്ടുന്നു
ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് പ്രോത്സാഹിപ്പിച്ചിരുന്ന ടൈസന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ആപ് സ്റ്റോര്‍ നിർത്തലാക്കാന്‍ തീരുമാനിച്ചതായി ജിഎസ്എം അരീന റിപ്പോര്‍ട്ടു ചെയ്യുന്നു. ആന്‍ഡ്രോയിഡിനും ഐഒഎസിനും അപ്പുറമുള്ള ഓപ്പറേറ്റിങ് സിസ്റ്റം എന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായതാണ് ടൈസന്‍ ഒഎസ്. ഈ ലിനക്‌സ് കേന്ദ്രീകൃത ഓപ്പറേറ്റിങ് സിസ്റ്റത്തിന് ലിനക്‌സ് ഫൗണ്ടേഷന്റെ പിന്തുണയും ഉണ്ടായിരുന്നു. ടൈസന്‍ ഒഎസിന്റെ ആപ് സ്റ്റോര്‍ 2021 ഡിസംബര്‍ 31 മുതല്‍ പൂട്ടിയിരുന്നു. ഉപയോക്താക്കള്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് മാറുന്നതാണ് ഉചിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.