ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിൾ ഐഫോണുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് റിപ്പോർട്ട്. ഡിലന്‍ഡ്ക്റ്റ് (Dylandtk) എന്ന ടെക്കിയുടെ ഈ അവകാശവാദം മാക്‌റൂമേഴ്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നിലേറെ പരിഷ്‌കരിക്കാത്ത മൂലരൂപങ്ങള്‍ (prototypes) ആണ് കമ്പനി പരീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ഫോള്‍ഡബിൾ സ്‌ക്രീന്‍ സാങ്കേതികവിദ്യയുടെ മികവിനെക്കുറിച്ചും ഇത്തരം ഒരു ഉപകരണത്തിന് ആവശ്യക്കാരുണ്ടാകുമോ എന്ന കാര്യത്തെക്കുറിച്ചും ആപ്പിളിന് സംശയമുണ്ടെന്നും റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഫോള്‍ഡബിൾ ഫോണ്‍ അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് മറ്റു വിശകലന വിദഗ്ധരും പറയുന്നത്. 

∙ ഡിസ്‌പ്ലേ സാങ്കേതികവിദ്യ പാകമായോ?

എന്നാല്‍, ഈ ഡിസ്‌പ്ലേ സാങ്കേതികവിദ്യയ്ക്ക് പൂര്‍ണത കൈവരിക്കാനായിട്ടില്ലെന്നും ഒരുപാട് വിട്ടുവീഴ്ചകള്‍ നടത്തിയാല്‍ മാത്രമാണ് അത് പുറത്തിറക്കാനാകുക എന്നുമാണ് ആപ്പിള്‍ കരുതുന്നത്. നിലവിലുള്ള ഐഫോണുകളുടെ രൂപകല്‍പനാ രീതി പിന്തുടരാനാണ് ആപ്പിളിനു താത്പര്യം. ഇതിനാല്‍ തന്നെ ഫോള്‍ഡബിൾ ഫോണ്‍ ഇറക്കുന്ന കാര്യത്തില്‍ കാത്തിരിക്കാന്‍ തന്നെയായിരിക്കും ആപ്പിളിന്റെ ഉദ്ദേശമെന്നും പറയുന്നു. അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ തന്നെ ഫോള്‍ഡബിൾ ഫോണ്‍ എന്ന സങ്കല്‍പം തന്നെ കാലഹരണപ്പെടുമോ എന്ന കാര്യത്തിലും ആപ്പിളിന് ആശങ്കയുണ്ട്. ഡിസ്‌പ്ലേയുടെ ആയുസ് നീണ്ടുനില്‍ക്കുമോ, വിജാഗിരി പോലെ തിരിയുന്നിടത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളും ആപ്പിള്‍ പരിഗണിക്കുന്നു എന്നും റിപ്പോർട്ട് പുറത്തുവിട്ട ടെക്കി അവകാശപ്പെടുന്നു. 

∙ ഫോള്‍ഡബിൾ ഐഫോണ്‍ വരുന്നു– അവകാശവാദം 2016 മുതല്‍

ആപ്പിള്‍ ഫോള്‍ഡബിൾ നിർമിക്കാന്‍ ശ്രമിക്കുന്നു എന്ന അവകാശവാദം 2016 മുതല്‍ ഉള്ളതാണെന്ന് മാക്‌റൂമേഴ്‌സ് പറയുന്നു. പല പ്രോട്ടോടൈപ്പുകളും ആപ്പിള്‍ പരീക്ഷിച്ച ശേഷം വേണ്ടെന്നുവച്ചിരിക്കാം. ഇപ്പോള്‍ ഫോള്‍ഡബിൾ ഫോണിനു വേണ്ട ഡിസ്‌പ്ലേ പരീക്ഷണാർഥം സാംസങ് ആയിരിക്കാം ആപ്പിളിന് നല്‍കിയിരിക്കുന്നത്. ആപ്പിള്‍ ഇപ്പോള്‍ പരീക്ഷിക്കുന്ന ഒരു മോഡലില്‍ ഹിഞ്ജ് (വിജാഗിരി) ഉപയോഗിച്ച് രണ്ടു ഡിസ്‌പ്ലേകളെ യോജിപ്പിച്ചിരിക്കുകയാണെന്ന് പറയുന്നു. മറ്റൊന്നാകട്ടെ സാംസങ് ഗാലക്‌സി സെഡ് ഫ്‌ളിപ്പിനു സമാനമായതാണ്. വര്‍ഷങ്ങളായി ഫോള്‍ഡബിൾ ഫോണുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ് സാംസങ്. അതേസമയം, ഇത്തരം ഫോണുകള്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാനാകുമോ എന്ന പേടി ഉപയോക്താക്കള്‍ക്കും ഉണ്ട്. കൂടാതെ, വന്‍ വിലയും നൽകണം.

∙ ഫോള്‍ഡബിൾ ഐഫോണ്‍ 2023ല്‍? 

ഡിസ്‌പ്ലേ വില്‍പന വിശകലനം ചെയ്യുന്നതില്‍ പ്രശസ്തനായ റോസ് യങ് പറയുന്നത് ആദ്യ ഫോള്‍ഡബിൾ ഐഫോണ്‍ 2023നു മുൻപ് പ്രതീക്ഷിക്കേണ്ടന്നാണ്. മിക്കവാറും 2024ൽ ആയേക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ആപ്പിള്‍ ഫോള്‍ഡബിൾ ഫോണ്‍ ഇറക്കാന്‍ ശ്രമിക്കുന്നു എന്ന അവകാശവാദങ്ങള്‍ അടുത്തിടെയായി ഉയരാറില്ലായിരുന്നു. എന്നാല്‍, ആപ്പിള്‍ ഒരു കാലത്തും ഇത്തരമൊരു ഫോണ്‍ ഇറക്കില്ലെന്ന് പറഞ്ഞിട്ടുമില്ല.

∙ കുവോ പറയുന്നത് 8-ഇഞ്ച് ഐഫോണ്‍ വരുമെന്ന്

മറ്റൊരു വിശകലന വിദഗ്ധനായ മിങ്-ചി കുവോ പറയുന്നത് ആപ്പിള്‍ 2023ല്‍ ക്വാഡ്എ്ചഡി പ്ലസ് ഫ്‌ളെക്‌സിബിൾ ഓലെഡ് സ്‌ക്രീനുള്ള ഫോണ്‍ അവതരിപ്പിക്കുമെന്നാണ്. സ്‌ക്രീനിന് 8-ഇഞ്ച് ആയിരിക്കും വലുപ്പം. കൂടുതല്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ പുതിയ ഡിസ്‌പ്ലേ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ധൈര്യപ്പെടുമ്പോള്‍ ആപ്പിള്‍ എത്രകാലം മാറിനില്‍ക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഗൂഗിള്‍ പോലും തങ്ങളുടെ ആദ്യ ഫോള്‍ഡബിൾ പിക്‌സല്‍ ഫോണ്‍ താമസിയാതെ പുറത്തിറക്കിയേക്കുമെന്നു പറയുന്നു.

∙ ടെസ്‌ലയുടെ ഫുള്‍ സെല്‍ഫ് ഡ്രൈവിങ് സോഫ്റ്റ്‌വെയറിന്റെ വില ഉയരുന്നു

ഇലക്ട്രിക് വാഹന നിര്‍മാതാവ് ടെസ്‌ലയുടെ ഡ്രൈവറെ സഹായിക്കാനുള്ള സോഫ്റ്റ്‌വെയര്‍ ആയി അറിയപ്പെടുന്ന എഫ്എസ്ഡിയുടെ (ഫുള്‍ സെല്‍ഫ് ഡ്രൈവിങ്) വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ജനുവരി 17 മുതല്‍ പുതിയ വില നിലവില്‍ വരുമെന്നാണ് കമ്പനിയുടെ മേധാവി ഇലോണ്‍ മസ്‌ക് ട്വീറ്റു ചെയ്തത്. എഫ്എസ്ഡിക്ക് 2020ല്‍ ആയിരുന്നു ആദ്യ വില വര്‍ധന. അന്ന് 8000 ഡോളറില്‍ നിന്ന് 10000 ഡോളറായി വര്‍ധിപ്പിച്ചു. ഇപ്പോള്‍ 10000 ല്‍ നിന്ന് 12000 ഡോളറായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത് അമേരിക്കയില്‍ മാത്രമായിരിക്കും ബാധകമെന്നും മസ്‌ക് പറയുന്നു.

∙ സ്റ്റാര്‍ലിങ്കിന് ആഗോള തലത്തില്‍ 1.45 ലക്ഷം ഉപയോക്താക്കള്‍

മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിന് 25 രാജ്യങ്ങളിലായി 1,45,000 ഉപയോക്താക്കള്‍ തികഞ്ഞു. സ്‌പേസ്എക്‌സിനു കീഴിലാണ് സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുന്നത്. സ്റ്റാര്‍ലിങ്ക് ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങുന്നത് 2020 ഒക്ടോബറിലാണ്. ഏകദേശം 1,800 സാറ്റലൈറ്റുകളാണ് സ്റ്റാര്‍ലിങ്ക് ഇതുവരെ അയച്ചിരിക്കുന്നത്. ആഗോള തലത്തില്‍ ഏകദേശം 100,000 ടെര്‍മിനലുകള്‍ സ്ഥാപിച്ചിട്ടുമുണ്ടാകാം. കഴിഞ്ഞ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ മസ്‌ക് പറഞ്ഞത് 12 മാസത്തിനുള്ളില്‍ ഏകദേശം 500,000 ഉപഭോക്താക്കളെങ്കിലും കിട്ടുമെന്നാണ്.

ബീറ്റാ അടിസ്ഥാനത്തില്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് നല്‍കി തുടങ്ങിയത് 2019 നവംബറിലാണ്. സേവനത്തിനു പ്രതിമാസം 99 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ഇന്ത്യയിലും 5000ത്തോളം വരിക്കാരെ കമ്പനിക്കു ലഭിച്ചു എന്നായിരുന്നു സ്റ്റാര്‍ലിങ്കിന്റെ രാജിവച്ച ഡയറക്ടര്‍ സഞ്ജയ് ഭാര്‍ഗവ അവകാശപ്പെട്ടിരുന്നത്. അതേസമയം, ലൈസന്‍സ് ഇല്ലാതെ വരിക്കാരെ ചേര്‍ത്തതിന് കേന്ദ്രം ഇടഞ്ഞതോടെ ഭാര്‍ഗവ രാജിവച്ചു പോകുകയായിരുന്നു. അതേസമയം, ഏഴായിരത്തില്‍ അധികം രൂപ ഏകദേശം 150 എംബിപിഎസ് സ്പീഡുള്ള കണക്ഷന് നല്‍കുക എന്നത് ആകര്‍ഷകമായ ഒരു പ്ലാനല്ല എന്ന അഭിപ്രായമാണ് കൂടുതല്‍ പേര്‍ക്കും ഉള്ളത്.

starlink-space-x

∙ ഫെയ്‌സ്ബുക്കിന്റെ കമ്യൂണിക്കേഷന്‍സ് മേധാവി രാജിവച്ചു

ഫെയ്‌സ്ബുക്കിന്റെ (മെറ്റാ പ്ലാറ്റ്‌ഫോംസ്) കമ്യൂണിക്കേഷന്‍സ് വിഭാഗത്തിന്റെ മേധാവി ജോണ്‍ പിന്റെ (John Pinette) രാജി വച്ചു. അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങള്‍ തത്കാലം നിറവേറ്റുക, കമ്പനിയുടെ ഇന്റര്‍നാഷണല്‍ കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ക്രിസ് നോര്‍ട്ടണ്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

∙ റിലയന്‍സിന്റെ പുതിയ വാര്‍ഷിക പ്ലാനില്‍ പ്രതിദിനം 2.5 ജിബി ഡേറ്റ

പുതിയ വാര്‍ഷിക പ്ലാനില്‍ പ്രതിദിനം 2.5 ജിബി ഡേറ്റ നല്‍കുമെന്ന് റിലയന്‍സ് ജിയോ. 2,999 രൂപയുടേതാണ് പ്ലാൻ. വേണ്ടവര്‍ക്ക് ജിയോമാര്‍ട്ട് മഹാ ക്യാഷ്ബാക് ഉപയോഗിച്ച് ഇതില്‍ 20 ശതമാനം തിരിച്ചു പിടിക്കാമെന്നും പറയുന്നു. ജിയോ പ്രീമിയം പ്ലാനുകളില്‍ ലഭിക്കുന്ന എല്ലാ ഗുണങ്ങളും ലഭിക്കും. 365 ദിവസം ആയിരിക്കും വാലിഡിറ്റി. 

∙ ട്രംപിന്റെ സമൂഹ മാധ്യമ വെബ്‌സൈറ്റ് ഫെബ്രുവരിയില്‍ 

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമൂഹ മാധ്യമ ആപ്പായ ട്രൂത്ത് സോഷ്യല്‍ ഫെബ്രുവരിയില്‍ പ്രവര്‍ത്തനം തുടങ്ങിയേക്കും. ആപ്പിള്‍ ആപ്പ് സ്റ്റോറിലെ ലിസ്റ്റിങ് പ്രകാരം ട്രൂത്ത് സോഷ്യല്‍ ഫെബ്രുവരി 21നായിരിക്കും പ്രവര്‍ത്തനം തുടങ്ങുക. ട്വിറ്ററിന് പ്രതിയോഗി എന്ന നിലയിലായിരിക്കും ആപ്പ് പ്രവര്‍ത്തിക്കുക. ട്രംപിന്റെ പാര്‍ട്ടി അനുയായികള്‍ തന്നെ ആപ്പിനെ വിജയത്തിലെത്തിച്ചേക്കുമെന്നാണ് ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് എന്ന കമ്പനി പ്രതീക്ഷിക്കുന്നത്. ട്വിറ്ററിനു സമാനമായ ഫീച്ചറുകളാണ് ആപ്പില്‍ പ്രതീക്ഷിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *