അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ജനപ്രിയ ടെക്‌നോളജി ഉൽപന്നമായ ഐഫോണിന്റെ നിര്‍മാണം നിർത്തുമെന്ന് പ്രവചനം. ആപ്പിളിന്റെ നീക്കങ്ങളെക്കുറിച്ച് പ്രവചനം നടത്തി പേരെടുത്ത മിങ്-ചി കുവോ ആണ് പുതിയ വെളിപ്പെടുത്തലും നടത്തിയിരിക്കുന്നതെന്ന് 9ടു5മാക് റിപ്പോര്‍ട്ടു ചെയ്യുന്നു. അടുത്ത പത്തു വര്‍ഷത്തേക്ക് കൂടി ഐഫോണ്‍ ഇറക്കിയേക്കും, അതിനു ശേഷം കമ്പനി ഓഗ്‌മെന്റഡ് റിയാലിറ്റി (എആര്‍) സാങ്കേതികവിദ്യയിലേക്ക് മാറുമെന്നും അത് ഐഫോണിനു പകരംവയ്ക്കാവുന്ന തലത്തിലേക്ക് എത്തുമെന്നുമാണ് കുവോയുടെ പുതിയ പ്രവചനം.

∙ ആപ്പിളിന്റെ ഭാവി എആറുമായി ഇഴുകിച്ചേര്‍ന്ന്

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഐഫോണിനു പകരം എആര്‍ കൊണ്ടുവരാനാണ് ആപ്പിളിന്റെ ലക്ഷ്യം. ഇതിനിടെ എആര്‍ ഹെഡ്‌സെറ്റുകളുടെ നിര്‍മാണത്തിനുള്ള എബിഎഫ് സബ്‌സ്‌ട്രെയ്റ്റ് (ABF substrate) 100 കോടിയാകുമെന്നുമാണ് കുവോ പറയുന്നത്. എബിഎഫ് ആപ്പിളിന് നിര്‍മിച്ചു നല്‍കുന്ന കമ്പനി യുണിമൈക്രോണ്‍ (Unimicron) ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. ആപ്പിള്‍ 2022ല്‍ തന്നെ ആദ്യ എആര്‍ ഹെഡ്‌സെറ്റ് ഇറക്കുമെന്ന് കുവോ പ്രവചിച്ചിട്ടുണ്ട്. കമ്പനിയുടെ ഭാവി തന്നെ എആറുമായി വളരെ അടുത്തു ചേര്‍ന്നായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ആപ്പിള്‍ എക്കാലത്തെയും ഏറ്റവും മൂല്യമുള്ള കമ്പനിയായി തീര്‍ന്നത് ഐഫോണ്‍ നിര്‍മാണം മൂലമാണെന്ന് മേധാവി ടിം കുക്കിനും അറിയാം. എന്നാല്‍, ഇന്നത്തേതു പോലെ ഒരു ഉൽപന്നത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാവില്ല. ഇപ്പോള്‍ കമ്പനിയുടെ പകുതിവരുമാനം പെട്ടിയില്‍ വീഴ്ത്തുന്നത് ഐഫോൺ ആണെന്നും അദ്ദേഹം പറയുന്നു.

∙ ആപ്പിളിന്റെ ഐഫോണില്ലാത്ത ഭാവി

ആപ്പിള്‍ ഇറക്കാന്‍ പോകുന്ന എആര്‍ ഹെഡ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഐഫോണ്‍ വേണമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍ച്ചയില്ല. എന്നാല്‍, ഈ ഉപകരണം ചില പ്രത്യേക ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമായിരിക്കില്ല ഉപയോഗിക്കുന്നതെന്നും പല തരത്തിലുമുള്ള ആപ്പുകള്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതായിരിക്കുമെന്നും പറയുന്നു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 100 കോടി എആര്‍ ഉപകരണങ്ങള്‍ ആപ്പിള്‍ നിര്‍മിക്കുമെന്നും പ്രവചിക്കപ്പെടുന്നു. നിലവില്‍ ഏകദേശം 100 കോടി ഐഫോണ്‍ ഉപയോക്താക്കളാണ് ഉള്ളത്. ആപ്പിളിന്റെ ലക്ഷ്യം ഐഫോണുകള്‍ക്ക് പകരമായി എആര്‍ കൊണ്ടുവരാനാണെങ്കില്‍ അത്രയും ഹെഡ്‌സെറ്റുകള്‍ ഈ കാലയളവിനുള്ളില്‍ വില്‍ക്കുമെന്നും കുവോ പറയുന്നു. ആപ്പിളിന്റെ ഐഫോണില്ലാത്ത ഭാവിയെപ്പറ്റി ഇതാദ്യമായല്ല കുവോ പ്രവചിക്കുന്നത്. ഇതുകൂടാതെ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തിനൊപ്പം സോഫ്റ്റ്‌വെയര്‍ മേഖലയിലും ആപ്പിള്‍ കൈവച്ചു തുടങ്ങിയിരിക്കുകയാണ് എന്ന കാര്യം ഓര്‍മിക്കണമെന്നും പറയുന്നു.

∙ ആപ്പിള്‍ ഇറക്കാന്‍ പോകുന്നത് ഇരട്ട പ്രോസസറുകളുള്ള എആര്‍/വിആര്‍ ഹെഡ്‌സെറ്റ്?

അടുത്ത വര്‍ഷം അവസാന പാദത്തില്‍ ആപ്പിള്‍ ആദ്യത്തെ ഹെഡ്‌സെറ്റ് അവതരിപ്പിച്ചേക്കുമെന്നാണ് പ്രവചനം. മറ്റു കമ്പനികളെ പോലെയായിരിക്കില്ല ആപ്പിളിന്റെ നീക്കം. അതിശക്തമായ പ്രോസസസിങ് ശേഷിയായിരിക്കും ഹെഡ്‌സെറ്റിന് ഉണ്ടായിരിക്കുക. ഇപ്പോള്‍ മാക്ബുക്കുകള്‍ക്ക് ഉപയോഗിക്കുന്ന എം1 ചിപ്പുകളുടെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ആപ്പിള്‍ ഹെഡ്‌സെറ്റിന് ശക്തി പകരുക. രണ്ടാമത് ഒരു പ്രോസസര്‍ കൂടി ഉള്‍പ്പെടുത്തിയേക്കുമെന്നും പ്രവചിക്കപ്പെടുന്നു. ഇത് സെന്‍സര്‍ ഡേറ്റയ്ക്കായി ആണ് പ്രയോജനപ്പെടുത്തുക. 

∙ സമ്പൂര്‍ണ അനുഭവം പ്രതീക്ഷിക്കാം?

ഐഫോണും മാക്ക്ബുക്കും പോലെ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന ഒന്നായിരിക്കും ഹെഡ്‌സെറ്റും എന്നാണ് ഒരു വാദം. ഐഫോണ്‍ ഉപയോഗിക്കാത്തവര്‍ക്കും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലായിരിക്കും അത് നിര്‍മിക്കുക എന്നും വിശ്വാസമുണ്ട്. രണ്ട് 4കെ റെസലൂഷനുള്ള ഓലെഡ് മൈക്രോ-ഡിസ്‌പ്ലേകളായിരിക്കും ഹെഡ്‌സെറ്റില്‍ ഉണ്ടായിരിക്കുക. ഇവ ആപ്പിളിന് നിര്‍മിച്ചു നല്‍കുന്നത് സോണിയായിരിക്കും. ഹെഡ്‌സെറ്റില്‍ എട്ട് ഒപ്ടിക്കല്‍ മൊഡ്യൂളുകള്‍ ഉണ്ടായിരിക്കും. ഇവയായിരിക്കും വിഡിയോ കേന്ദ്രീകൃത ഓഗ്‌മെന്റഡ് സേവനങ്ങള്‍ക്ക് ശക്തി പകരുക. 

∙ എആറിനൊപ്പം വിആറും

സാധാരണ ഓഗ്‌മെന്റഡ് റിയാലിറ്റി പ്രവര്‍ത്തനത്തിനൊപ്പം വെര്‍ച്വല്‍ റിയാലിറ്റിയും ഉള്‍പ്പെടുത്തുമെന്ന് പറയപ്പെടുന്നു. വെര്‍ച്വല്‍ റിയാലിറ്റി കണ്ടെന്റും പുതിയ ഹെഡ്‌സെറ്റില്‍ വീക്ഷിക്കാനായേക്കും. എന്നാല്‍, എന്തുതരം കണ്ടെന്റ് ആയിരിക്കുമിതെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല. വിആര്‍ ഗെയിമുകള്‍ കണ്ടേക്കാം. ആപ്പിള്‍ ടിവിപ്ലസും ലഭ്യമാക്കിയേക്കാം. ഇവയെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ് എന്നും മനസ്സില്‍വയ്ക്കണം. ആപ്പിള്‍ ഇറക്കാന്‍ പോകുന്ന ഹെഡ്‌സെറ്റ് ഇതുപോലെ ഒന്നും ആകണമെന്നില്ല. അതേസമയം, വാങ്ങാന്‍ ലഭിക്കുന്ന ഏറ്റവും വിലയേറിയ ഹെഡ്‌സെറ്റുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് പറയുന്നത്. ഏകദേശം 1000-3000 ഡോളറായിരിക്കും വില എന്നു കരുതുന്നു. അതേസമയം, വിആര്‍ ഹെഡ്‌സെറ്റ് ഒന്നുമായിരിക്കില്ല, എആര്‍/വിആര്‍ കണ്ണടകള്‍ ആയിരിക്കും ഐഫോണ്‍ പോലെയുള്ള ഉപകരണത്തിന് പകരമാകുക എന്നു കരുതുന്നവരും ഉണ്ട്.

∙ മെറ്റാവേഴ്‌സും ആപ്പിളും

മുൻപ് ഫെയ്‌സ്ബുക് എന്നറിയപ്പെട്ടിരുന്ന മെറ്റാ കമ്പനി മെറ്റാ വേഴ്‌സിന്റെ നിര്‍മാണത്തിന് ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍, ആപ്പിള്‍ മാറി നില്‍ക്കുന്നിടത്തോളം കാലം ഇതൊരു യാഥാര്‍ഥ്യമായേക്കില്ല എന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, മെറ്റാവേഴ്‌സ് ഉപകരണങ്ങളുടെ വില്‍പന 2030ല്‍ 10000 കോടി കവിയുമെന്നും പ്രവചിക്കപ്പെടുന്നു. ഇത് 2040 ആകുമ്പോഴേക്ക് അഞ്ചു മടങ്ങ് വര്‍ധിക്കുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു. മറ്റു കമ്പനികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നു കണ്ടിട്ട് കളത്തിലിറങ്ങാന്‍ കാത്തിരിക്കുകയാണ് ആപ്പിള്‍ എന്നാണ് വിലയിരുത്തല്‍. നോക്കിയയും ബ്ലാക്‌ബെറിയും എല്ലാം സ്മാര്‍ട് ഫോണുകള്‍ ഇറക്കി പരാജയപ്പെട്ടു നിന്നിടത്തേക്ക് 2007ല്‍ ഐഫോണുമായി എത്തിയ അതേ തന്ത്രമായിരിക്കും ആപ്പിള്‍ മെറ്റാവേഴ്‌സിന്റെ കാര്യത്തിലും പയറ്റുക എന്നാണ് കരുതുന്നത്.

∙ ചൈനയിലെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ആപ്പിള്‍

ചൈനയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനി ആപ്പിള്‍ എന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച് റിപ്പോർട്ട്. ഇത് 2021 ഒക്ടോബറിലെ കണക്കുകൾ പ്രകാരമാണ്. ഐഫോണ്‍ 13 സീരീസ് അവതരിപ്പിച്ചതോടെ വില്‍പന 46 ശതമാനം കുതിച്ചുയരുകയായിരുന്നു. വാവെയ് കമ്പനിയുടെ തിരിച്ചടിക്കു ശേഷം ചൈനയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് ഒപ്പോ ബ്രാന്‍ഡ് ആയിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ഒപ്പൊ ഒന്നാം സ്ഥാനത്തെത്തിയത്. തുടര്‍ന്ന് മാര്‍ച്ചില്‍ വിവോ ഒന്നാം സ്ഥാനം സ്വന്തമാക്കി. എന്നാല്‍, ഇരു കമ്പനികളെയും പിന്നിലാക്കി ഒക്ടോബറില്‍ ആപ്പിള്‍ ഒന്നാം സ്ഥാനത്തെത്തി എന്നാണ് കൗണ്ടര്‍പോയിന്റിന്റെ ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടറായ തരുണ്‍ പതക് പറയുന്നത്. ഡിസംബര്‍ 2015ന് ശേഷം ആദ്യമായാണ് ആപ്പിള്‍ ചൈനയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

Apple-office-

∙ ആപ്പിളിനു തിരിച്ചടി, ബാറ്ററി ഡവലപ്‌മെന്റ് വിഭാഗം മേധാവി ഫോക്‌സ്‌വാഗണിലേക്ക്

ആപ്പിളിന്റെ ബാറ്ററി വികസിപ്പിക്കല്‍ വിഭാഗത്തിന്റെ മേധാവി ആഹ്ന് സൂന്‍ഹോ ( Ahn Soonho) വാഹന നിര്‍മാണ കമ്പനിയായ ഫോക്‌സ്‌വാഗനിലേക്ക് പോയത് കമ്പനിക്ക് തിരിച്ചടിയായി. നേരത്തെ ആപ്പിള്‍ കാര്‍ നിര്‍മാണ വിഭാഗത്തിന്റെ മേധാവിയായിരുന്ന ഡഗ് ഫീല്‍ഡ്ഫോര്‍ഡ് മോട്ടോറിലേക്ക് പോയതിനു പിന്നാലെയാണ് സൂന്‍ഹോയുടെ രാജി. ആപ്പിള്‍, സാംസങ്ങില്‍ നിന്ന് 2018ലാണ് സൂന്‍ഹോയെ തങ്ങളുടെ കമ്പനിയിലെത്തിച്ചത് എന്ന് റോയിട്ടേഴ്‌സ് പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *