വൈഫൈ റൗട്ടറുകൾ ഇന്ന് വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ്. ഓൺലൈൻ പഠനത്തിനും ജോലിക്കും ഗെയിം കളിക്കാനും വിഡിയോ കാണാനുമൊക്കെ വീട്ടിലെ എല്ലാവർക്കും റൗട്ടറാണ് സഹായി. റൗട്ടറിന് സിഗ്നൽ കുറവാണെങ്കിൽ ആ ദിവസം തന്നെ പോക്കാണ്. സിഗ്നൽ കുറയുമ്പോൾ റൗട്ടർ റീസ്റ്റാർട്ട് ചെയ്യുകയും കൊട്ടി നോക്കുകയുമൊക്കെ ചെയ്യാറുണ്ടോ? എങ്കിൽ കേട്ടോളൂ, മെച്ചപ്പെട്ട സിഗ്നൽ കിട്ടാൻ റൗട്ടർ വയ്ക്കുന്ന സ്ഥലവും പ്രധാനമാണ്. അൽപം ശ്രദ്ധയോടെ കൃത്യമായ സ്ഥലത്ത് റൗട്ടർ സ്ഥാപിച്ചാൽ അത് സിഗ്നൽ മെച്ചപ്പെടുത്താൻ സഹായിക്കും.
∙ നാലുപാടും സിഗ്നൽ
വൈഫൈ റൗട്ടറിലെ സിഗ്നലുകൾ ഒരുവശത്തേക്കു മാത്രമല്ല. ചുറ്റിലും കവറേജ് ലഭ്യമാകുന്ന തരത്തിലാണ് റൗട്ടറുകൾ സിഗ്നൽ പുറപ്പെടുവിക്കുന്നത്. അതിനാൽ മുറിയുടെ മൂലയിൽ ഒതുക്കിവയ്ക്കാതെ നടുവിലേക്ക് മാറ്റിസ്ഥാപിച്ചാൽ സിഗ്നൽ സ്ട്രെങ്ത് മെച്ചപ്പെടും. വലിയ ലോഹ വസ്തുക്കളോ, ഹെവി ഡ്യൂട്ടി ഇലക്ട്രോണിക് ഉപകരണങ്ങളോ ഉള്ള സ്ഥലങ്ങളിൽനിന്ന് അൽപം മാറ്റിവേണം റൗട്ടർ സ്ഥാപിക്കാൻ. ടിവി, റഫ്രിജറേറ്റർ, ബേബി മോനിറ്റർ, ബ്ലൂടൂത്ത് ഹെഡ്സെറ്റ് മുതലായവ സമീപത്തുണ്ടെങ്കിൽ അത് റൗട്ടറിന്റെ പെർഫോമൻസിനെ ബാധിക്കും. 2.4 Ghz വയർലെസ് ബാൻഡ് ആണ് മിക്ക വൈഫൈ റൗട്ടറുകളും ഉപയോഗിക്കുന്നത്. ഇതേ വിഭാഗത്തിലുള്ള എയർ വേവ്സ് ഉപയോഗിക്കുന്ന ബ്ലൂടൂത്ത് സ്പീക്കറുകളോ ബേബി മോനിറ്ററുകളോ സമീപത്തുണ്ടെങ്കിൽ അത് സിഗ്നലിനെ ബാധിക്കും.
∙ വെള്ളവും കണ്ണാടിയും
ഫിഷ് ടാങ്കിനും കണ്ണാടിക്കും സമീപത്തുനിന്ന് റൗട്ടറുകൾ മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. വെള്ളം വൈഫൈ സിഗ്നലിനെ തടയുന്നതിനാൽ ട്രാസ്മിഷൻ സ്പീഡ് കുറഞ്ഞേക്കാം. സിഗ്നലിനെ റഫ്ലക്ട് ചെയ്യുന്ന കണ്ണാടിയും റൗട്ടറിന്റെ പെർഫോമൻസ് കുറയ്ക്കും. റൗട്ടർ അൽപം ഉയർത്തിവയ്ക്കുന്നതാണ് സിഗ്നൽ നന്നായി കിട്ടാൻ ഏറ്റവും നല്ലത്. ഉള്ളിലും പുറത്തും ആന്റിനയുള്ള വ്യത്യസ്ത മോഡൽ റൗട്ടറുകൾ ഇന്നു ലഭ്യമാണ്. ഒന്നോ രണ്ടോ ആന്റിനയുള്ള റൗട്ടറുകളുമുണ്ട്. 2 ആന്റിനയുള്ള റൗട്ടറാണെങ്കിൽ ആന്റിനകൾ ലംബമായി വയ്ക്കുന്നതും റൗട്ടറിന്റെ പെർഫോമൻസ് വർധിപ്പിക്കും.