ടെക് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്‌വേഡ് ‘123456’ ആണ്. എന്നാൽ, ഇന്ത്യക്കാരിൽ കൂടുതൽ പേരും ‘123456’ അല്ല പാസ്‍വേഡ് ആയി ഉപയോഗിക്കുന്നത്, പകരം ‘password’ ആണ് ഏറ്റവും ജനപ്രിയ പാസ്‌വേഡ്. രസകരമെന്നു പറയട്ടെ, ഇന്ത്യയുടെ അതേ പാസ്‌വേഡ് കൂടുതലായി ഉപയോഗിക്കുന്ന ഒരേയൊരു രാജ്യം ജപ്പാൻ മാത്രമാണ് എന്നും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യക്കാർ ഉപയോഗിക്കുന്ന മറ്റ് പൊതുവായ പാസ്‌വേഡുകൾ ‘iloveyou’, ‘krishna’, ‘airam’, ‘omsairam’ എന്നിവയാണ്. പ്രൊപ്രൈറ്ററി പാസ്‌വേഡ് മാനേജറായ NordPass-ന്റെ പുതിയ ഗവേഷണ റിപ്പോർട്ടനുസരിച്ച് സംഖ്യാ, കീബോർഡ് സീക്വൻസുകൾ ഇന്ത്യയിൽ പ്രത്യേകിച്ചും ജനപ്രിയമാണ്.
12345 പോലുള്ള പാസ്‌വേഡുകളും qwerty യുടെ വ്യതിയാനങ്ങളും പട്ടികയിൽ ഉയർന്ന സ്ഥാനത്താണ്. ലോകമെമ്പാടും ഈ കോംപിനേഷനുകൾ ഏറെ ജനപ്രിയമാണ്. കൂടാതെ qwerty യുടെ പ്രാദേശികവൽക്കരിച്ച പതിപ്പുകളും (ഉദാഹരണത്തിന്, ഫ്രഞ്ച് സംസാരിക്കുന്ന രാജ്യങ്ങളിൽ aazerty’) സജീവമാണെന്ന് റിപ്പോർട്ടിലുണ്ട്.
123456789, 12345678, india123, qwerty, abc123, xxx, Indya123, 1qaz@WSX, 123123, abcd1234, 1qaz എന്നിവയാണ് ഇന്ത്യയിലെ മറ്റ് ചില പൊതു പാസ്‌വേഡുകൾ. മൊത്തത്തിൽ, ഇന്ത്യൻ പാസ്‌വേഡ് ലിസ്റ്റിന് പല രാജ്യങ്ങളിലും സമാനമായ ട്രെൻഡുകൾ ഉണ്ട്. വ്യത്യസ്ത പാസ്‌വേഡ് ഉള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ -‘password’. അതേസമയം, വിശകലനം ചെയ്ത 50 രാജ്യങ്ങളിൽ 43 എണ്ണത്തിലും ‘123456’ ആണ് ജനപ്രിയ പാസ്‌വേഡ്. ‘Qwerty’ യും അതിന്റെ വ്യതിയാനങ്ങളും ഇന്ത്യയിലും ജനപ്രിയമാണ്.
മുൻനിര പാസ്‌വേഡുകൾ എത്രത്തോളം ദുർബലമാണെന്ന് ഗവേഷണം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ പാസ്‌വേഡുകൾ തകർക്കാൻ ഹാക്കർക്ക് കുറഞ്ഞ സമയം മതിയാകുമെന്നും സൂചിപ്പിക്കുന്നു. മൊത്തത്തിൽ, ഇന്ത്യയിലെ 200ൽ 62 പാസ്‌വേഡുകളും ഒരു സെക്കൻഡിനുള്ളിൽ തകർക്കാൻ കഴിയും. മൊത്തം പാസ്‌വേഡുകളുടെ 31 ശതമാനമാണിത്. അതേസമയം ആഗോളതലത്തിൽ ഇത് 84.5 ശതമാനവുമാണ്.