ഇന്റര്‍നെറ്റ് സുരക്ഷയ്ക്ക് പ്രാധാന്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിളിന്റെ പ്ലാറ്റ്ഫോമിലുള്ള അക്കൗണ്ടുകള്‍ക്ക് ഇരട്ട തിരിച്ചറിയല്‍ (2-ഫാക്ടര്‍ ഓതന്റിക്കേഷന്, 2-സ്റ്റെപ്പ് വേരിഫിക്കേഷന്) നടപ്പിലാക്കുന്നു. സാധാരണക്കാരും ഉദ്യോഗസ്ഥരും ഉൾപ്പടെ ഏറ്റവുമധികം പേര് ഉപയോഗിക്കുന്ന ഗൂഗിള്‍ അക്കൗണ്ടുകള്‍ക്കാണ് ഇതു ബാധകമാക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 150 ദശലക്ഷം അക്കൗണ്ടുകള്‍ക്കു കൂടി 2-സ്റ്റെപ്പ് വേരിഫിക്കേഷന് നല്കുമെന്നു കമ്പനി പറയുന്നു. കമ്പനി 2018ല്‍ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2-സ്റ്റെപ്പ് വേരിഫിക്കേഷന് പ്രയോജനപ്പെടുത്തിയിരിക്കുന്ന 10 ശതമാനം അക്കൗണ്ടുകള്‍ മാത്രമാണ്. സുരക്ഷയ്ക്കായി കൂടുതല്‍ പേര് ഇത് ഉപയോഗിക്കണമെന്ന് ഗൂഗിൾ ഓർമിപ്പിക്കുന്നുണ്ട്. നിങ്ങളുടെ ജിമെയില്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ 2-സ്റ്റെപ്പ് വേരിഫിക്കേഷന് വേണമെന്നാണ് കമ്പനി പറയുന്നത്.
∙ യൂട്യൂബ് ചാനലുകളുടെ നിയന്ത്രണം ഏറ്റെടുക്കപ്പെട്ടേക്കാം
യൂട്യൂബിലെ 20 ലക്ഷത്തിലേറെ വരുന്ന കണ്ടെന്റ് ക്രിയേറ്റര്‍മാരും 2-സ്റ്റെപ്പ് വേരിഫിക്കേഷന് നടത്തണമെന്നും കമ്പനി ആവശ്യപ്പെടുന്നു. വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന യൂട്യൂബ് ചാനലുകളുടെയടക്കം ഉടമസ്ഥതാ അവകാശം മറ്റാരെങ്കിലും നിയമവിരുദ്ധമായി തട്ടിയെടുക്കുന്നതു തടയാനും ഇത് ഉപയോഗിക്കാമെന്ന് ഗൂഗിള്‍ പറയുന്നു. ഇതിനായി 10,000 ഹാര്ഡ്വെയര് സുരക്ഷാ കീയും ഓരോ വര്‍ഷവും നല്‍കും. ഇവ ആന്‍ഡ്രോയിഡ് ഫോണുകളും ഐഫോണുകളും ഉപയോഗിക്കുന്നവര്‍ക്കു ലഭ്യമാക്കും. ഇതിനായി ചില സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയുമാണ് ഗൂഗിള്‍.
∙ ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടും പാരയാകാം?
ഒരിക്കല്‍ ഉപയോഗിച്ചിരുന്ന പിന്നീട് തിരിഞ്ഞു നോക്കാതെ കിടക്കുന്ന മെയില്‍ ബോക്സും മറ്റും രണ്ടു തരത്തില്‍ പാരയാകാം. ഒന്നാമതായി, അതില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ ആരെങ്കിലും ചോര്‍ത്താം. രണ്ടാമതായി, അതു ഹാക്കു ചെയ്യപ്പെട്ടാല്‍ മറ്റൊരാള്‍ക്ക് നിങ്ങളായി ഭാവിച്ച് ഇടപാടുകള്‍ നടത്താനാകും. നിങ്ങളുടെ മരണശേഷം പോലും അക്കൗണ്ട് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഫോട്ടോകള്‍, രേഖകള്‍, ഇമെയിലുകളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍, കോണ്ടാക്ട്സ് തുടങ്ങിയവയെല്ലാം ദുരുപയോഗം ചെയ്തേക്കാം. ഇതിനല്‍ തന്നെ ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ഡിലീറ്റു ചെയ്യാനും 2-സ്റ്റെപ്പ് വേരിഫിക്കേഷന് പ്രയോജനപ്പെടുത്താം. കാരണം, 18 മാസം ഉപയോഗിക്കാതെ കിടന്നാല്‍ പൊതുവെ അക്കൗണ്ടുകളിലേക്കു കടക്കാന്‍ അധിക വേരിഫിക്കേഷന് ചോദിക്കുന്നതാണ്.
∙ എന്താണ് 2-സ്റ്റെപ്പ് വേരിഫിക്കേഷന്?
ഗൂഗിള്‍ അക്കൗണ്ടിന് അധിക സുരക്ഷ നല്‍കുന്നതിനാണ് 2-സ്റ്റെപ്പ് വേരിഫിക്കേഷന് എന്നു വിളിക്കുന്നത്. നിങ്ങളുടെ അക്കൗണ്ടിലേക്ക് നിങ്ങള്‍ക്കറിയാവുന്ന പാസ്വേഡ് ഉപയോഗിച്ച് അല്ലെങ്കില്‍ നിങ്ങളുടെ കൈവശമുള്ള ഫോണ്‍ ഉപയോഗിച്ച് പ്രവേശിക്കാന്‍ അനുവദിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് ഗൂഗിള്‍ പറയുന്നു. പാസ്വേഡ് ആരെങ്കിലും തട്ടിയെടുത്താലും ഫോണ്‍ കൈവശമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കുകയും പുതിയ പാസ്വേഡ് നല്‍കുകയും ചെയ്യാം. ഇത് ലഭ്യമാക്കിയിരിക്കുന്ന ആളുകള്‍ക്ക് ഇക്കാര്യം ഇമെയിലായി നവംബര്‍ 9 മുതല്‍ ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചു. എല്ലാ ഗൂഗിള്‍ അക്കൗണ്ടുകള്‍ക്കും ഇനി 2-സ്റ്റെപ്പ് വേരിഫിക്കേഷന് വേണം. ശരിയായി കോണ്‍ഫിഗറു ചെയ്തിരിക്കുന്ന അക്കൗണ്ടുകള്‍ക്കെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കുമെന്നും കമ്പനി പറയുന്നു.
∙ എനിക്കു നോട്ടിഫിക്കേഷന്‍ ലഭിച്ചില്ല; ഞാനെന്തു ചെയും?
വഴിയുണ്ട്, ഗൂഗിള്‍ അക്കൗണ്ട് തുറക്കുക. സെക്യൂരിറ്റി എന്ന് എഴുതിയിരിക്കുന്ന ഇടം കണ്ടെത്തുക. സൈന്‍-ഇന്‍ ടു ഗൂഗിള്‍ എന്നിടത്ത് 2-സ്റ്റെപ്പ് വേരിഫിക്കേഷന്-ഗെറ്റ് സ്റ്റാര്‍ട്ടഡ് എന്നത് തിരഞ്ഞെടുക്കുക. തുടര്‍ന്നു വരുന്ന സ്ക്രീനുകളില്‍ എന്താണ് ചെയ്യേണ്ടത് എന്നു വ്യക്തമാക്കിതരും. സുരക്ഷാ സ്ക്രീനിലേക്കുളള ലിങ്ക്: https://myaccount.google.com/intro/security
∙ ആല്‍ഫബെറ്റും 2 ട്രില്ല്യന്‍ ക്ലബില്‍
ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റും 2 ട്രില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള കമ്പനികളുടെ പട്ടികയിൽ ഇടം നേടി. ആപ്പിളും മൈക്രോസോഫ്റ്റുമാണ് 2 ട്രില്ല്യന്‍ കടമ്പ കടന്ന ആദ്യ കമ്പനികള്‍. കമ്പനിയുടെ ഓഹരികള്‍ 2,987.03 ഡോളര്‍ വിലയ്ക്ക് കച്ചവടം ചെയ്യപ്പെട്ടപ്പോഴാണ് 2 ട്രില്ല്യന്‍ മൂല്യം കടന്നത്. മഹാമാരി ടെക്നോളജി കമ്പനികളെ എന്തുമാത്രം സഹായിച്ചിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവുമാണ് ആല്‍ഫബെറ്റിന്റെ കുതിച്ചുകയറ്റം. കമ്പനിക്ക് 2020 ജനുവരിയില്‍ 1 ട്രില്ല്യന്‍ ആയിരുന്നു ആസ്തി. അത് രണ്ടു കൊല്ലത്തിനിടയില്‍ ഇരട്ടിപ്പിക്കാന്‍ ആല്ഫബെറ്റിനായി.
∙ യുപിയില്‍ വിദ്യാർഥികള്‍ക്ക് സൗജന്യ സ്മാര്‍ട്ഫോണുകളും ടാബും നല്‍കിയേക്കും
ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സ്മാര്‍ട് ഫോണുകളും ടാബ് ലറ്റുകളും വിതരണം ചെയ്യാന്‍ ഒരുങ്ങുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ തന്നെ ഇതിനായി 3000 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
∙ പെഗസസ് സോഫ്റ്റ്വെയര് കമ്പനിക്കെതിരെ ഫെയ്സ്ബുക്കിന് കേസു നടത്താമെന്ന് കോടതി
വാട്സാപ്പിലെ ബഗ് ഉപയോഗിച്ച് പെഗസസ് സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്ത് പല പ്രമുഖരുടെയും ഫോണുകള്‍ നിരീക്ഷിച്ച കേസില്‍ ഫെയ്സ്ബുക്കിന് അനുകൂല വിധി. പെഗസസിന്റെ നിര്‍മാതാവായ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ ഫെയ്സ്ബുക്കിന് കേസു നടത്താമെന്ന് വിധിച്ചിരിക്കുന്നത് സാന്‍ഫ്രാന്‍സിസ്കോയിലെ 9ന്ത് യുഎസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്സാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇപ്പോള്‍ മെറ്റാ പ്ലാറ്റ്ഫോംസ് എന്നറിയപ്പെടുന്ന ഫെയ്സ്ബുക് ഒക്ടോബര്‍ 2019ലാണ് എന്‍എസ്ഒയ്ക്കെതിരെ നഷ്ടപരിഹാര കേസ് നല്‍കിയത്. അതേസമയം, തങ്ങളുടെ സോഫ്റ്റ്വെയര് വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികള്‍ക്കാണ് വില്‍ക്കുന്നത് എന്നാണ് എന്‍എസ്ഒ വാദിക്കുന്നത്.
∙ ടിഎസ്എംസിയുടെ പുതിയ പ്രോസസര്‍ നിര്‍മാണ ഫാക്ടറികള്‍ വരുന്നു
തയ്വാന് സെമികണ്ഡക്ടര് മാനുഫാക്ചറിങ് കമ്പനി (ടിഎസ്എംസി) രണ്ടു പുതിയ ഫാക്ടറികള്‍ കൂടി തുടങ്ങുന്നു. ആഗോള ചിപ്പ് പ്രതിസന്ധിക്ക് പരിഹാരമാകാന്‍ ഒരു പരിധിവരെ ഇതു സഹായിച്ചേക്കും. ആദ്യ ഫാക്ടറി തയ്വാനിലെ കവോഹ്സിയുങ്ങിലാണ് (Kaohsiung) തുടങ്ങുക. രണ്ടാമത്തെ ഫാക്ടറി ജപ്പാനിലായിരിക്കും. ഇതിനായി 700 കോടി ഡോളറാണ് ടിഎസ്എംസി ഇറക്കുന്നത്. ഈ പ്ലാന്റിനായി 50 കോടി ഡോളര്‍ സോണി കമ്പനിയും ഇറക്കുന്നുണ്ട്. പ്ലാന്റില്‍ നിന്നുള്ള ആദ്യ ചിപ്പുകള്‍ 2024ല്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. ഇലക്ട്രോണിക് വാഹനങ്ങള്‍ക്കടക്കമുള്ള ചിപ്പുകള്‍ ഈ പ്ലാന്റില്‍ നിന്നു പുറത്തുവരും. ആപ്പിള്‍ അടക്കമുള്ള ഭീമന്മാര്ക്ക് ചിപ്പ് ഉണ്ടാക്കി നില്കുന്ന കമ്പനിയാണ് ടിഎസ്എംസി.
∙ എല്‍പിഡിഡിആര്‍5 16ജിബി റാം അവതരിപ്പിച്ച് സാംസങ്
ലോകത്തെ ആദ്യത്തെ 14-നാനോമീറ്റര്‍ (എന്‍എം) കേന്ദ്രീകരിച്ചു നിര്‍മിച്ച 16 ഗിഗാബിറ്റ് ലോ പവര്‍ ഡബിൾ ഡേറ്റാ റെയ്റ്റ് 5എക്സ് (എല്‍പിഡിഡിആര്‍5) റാം അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. ഇതിന് 5ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെറ്റാവേഴ്സ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍ക്ക് പിന്‍ബലമേകാനുള്ള കരുത്തുണ്ട്. അടുത്ത തലമുറയിലെ മൊബൈല്‍ റാം എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയ റാമിന് സെക്കന്‍ഡില്‍ 8.5 ഗിഗാബിറ്റസ് ഡേറ്റ പ്രോസസ് ചെയ്യാനുള്ള ശേഷിയുണ്ടെന്ന് സാംസങ് പറയുന്നു.