ഒരു കമ്പനിയുടെ ബ്രാൻഡ് നെയിം എന്നാൽ വെറും അക്ഷരങ്ങൾ മാത്രമല്ല. അതിനുമപ്പുറം ബ്രാൻഡ് നെയിമുകൾക്ക് (Brand name) ചില പ്രത്യേകതകളുണ്ട്. ഉപഭോക്താക്കളെയും കമ്പനിയെയും ബന്ധിപ്പിക്കാനും ബിസിനസിന്റെ (Business) വളർച്ച മികച്ച രീതിയിൽ നേടിയെടുക്കാനും ബ്രാൻഡ് നെയിമുകൾക്കും ലോഗോകൾക്കും (Logos) സാധിക്കും.
എല്ലാത്തിനും ഉപരിയായി കമ്പനിയെ ഉപഭോക്താവിൻ്റെ മനസിൽ രജിസ്റ്റർ ചെയ്യുക എന്നതാണ് ബ്രാൻഡ് നെയിമിന്റെ പ്രധാന ലക്ഷ്യം. ചില വൻകിട കമ്പനികൾ, ബ്രാൻഡ് നെയിമിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരാണെങ്കിലും ചില കാരണങ്ങളാണ് കമ്പനിയുടെ പേര് മാറ്റിയിട്ടുണ്ട്. ഒന്നുകിൽ പേര് പൂർണ്ണമായും ഉപേക്ഷിക്കുകയോ അല്ലെങ്കിൽ സാമ്പത്തിക കാരണങ്ങളുമായോ കമ്പനിയുടെ ഇമേജുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ചൂണ്ടിക്കാണിച്ചോ പേരിൽ മാറ്റം വരുത്താറുണ്ട്.
നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ പേര് പെട്ടെന്ന് മാറ്റുന്നത് പല രീതിയിൽ ഉള്ള അനന്തരഫലങ്ങൾ ഉണ്ടാക്കും.
അടുത്തിടെയാണ് സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് അവരുടെ സോഷ്യൽ മീഡിയ ലോകത്തെ അടുത്ത ഘട്ടത്തിന് അടിത്തറയിടുന്നതിനായി മെറ്റ എന്ന പുതിയ പേരിലേക്ക് ചുവട് മാറിയത്.
ഫേസ്ബുക്ക് മാത്രമല്ല ഇതിന് മുമ്പ് നമുക്ക് പരിചയമുള്ള നിരവധി വൻകിട കമ്പനികൾ അവരുടെ പഴയ പേരിൽ നിന്ന് പുതിയ പേരിലേക്ക് ചുവട് മാറിയിരുന്നു. സത്യാവസ്ഥ എന്തെന്നാൽ ഇന്ന് അറിയപ്പെടുന്ന പല കമ്പനികളുടെയും തുടക്കകാലത്തെ പേര് മറ്റൊന്നായിരുന്നു. അവയിൽ ചില കമ്പനികളെ നമുക്ക് പരിചയപ്പെടാം.
ഗൂഗിൾ (GOOGLE)
ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സേർച്ച് എഞ്ചിൻ ആണ് ‘Google’. എന്നാൽ ഗൂഗിളിന്റെ പേര് ‘ആൽഫബെറ്റ്’ എന്നാക്കി മാറ്റിയിട്ട് ആറ് വർഷമായി. ഭാഗ്യവശാൽ, കമ്പനിയിലെ എന്തെങ്കിലും പ്രശ്നങ്ങൾ കാരണമല്ല ഈ പേര് മാറ്റം നടത്തിയത്. മറിച്ച് മറ്റ് വിവിധ സംരംഭ മേഖലകളിലേക്ക് വികസിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതികളുടെ ഭാഗമായാണ് പേര് മാറ്റിയത്. നിലവിൽ, Alphabet ൻ്റെ കുടക്കീഴിൽ വരുന്നതാണ്
ഡീപ് മൈൻഡ് (DeepMind), ഫിറ്റ്ബിറ്റ് (Fitbit), യൂട്യൂബ് (YouTube), ഗൂഗിൾ (Google) എന്നിവയുൾപ്പെടെയുള്ള വിവിധ സംരംഭങ്ങൾ.
ആപ്പിൾ (Apple)
തങ്ങളുടെ ബിസിനസ് വിപുലീകരിക്കാൻ ഗൂഗിൾ ചെയ്തത് പോലെ ആപ്പിൾ കമ്പനിയും പേര് മാറ്റിയിരുന്നു. 2007ന് മുമ്പ്, ആപ്പിൾ ‘ആപ്പിൾ കംപ്യൂട്ടേഴ്സ് ഇൻക്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് കമ്പനിയുടെ മുൻനിര ഉൽപ്പന്നം ആപ്പിൾ ഐഫോണായി മാറിയതിന് ശേഷമാണ് ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് കമ്പനിയുടെ പേര് മാറ്റിയത്. ആപ്പിൾ കമ്പ്യൂട്ടറുകൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്. എന്നാൽ ഐഫോൺ ഉപഭോക്താക്കളുടെ എണ്ണം അതിലും വളരെ കൂടുതലാണ്. കമ്പനി ലോഞ്ച് ചെയ്തതിനുശേഷം, ഏകദേശം 2 ബില്യൺ യൂണിറ്റ് ഐഫോണാണ് വിറ്റഴിച്ചത്. പുതിയ എം 1പവർ മാക് കമ്പ്യൂട്ടറുകൾക്കൊപ്പം ഐഫോൺ 13 സീരീസും കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു
മക്അഫീ (McAfee)
കമ്പനിയ്ക്കും അതിന്റെ സ്ഥാപകനായ മക്അഫീയ്ക്കും വലിയ ബുദ്ധിമുട്ടുകളേറിയ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടതായി വന്നിരുന്നു.
അതുകൊണ്ട് തന്നെ കമ്പനിക്ക് പേര് മൂന്ന് തവണ മാറ്റേണ്ടി വന്നു. 2021 ജൂണിൽ സ്ഥാപകനായ ജോൺ മക്കഫി മരണമടഞ്ഞു.
മക്അഫീ കമ്പനി സൃഷ്ടിക്കുകയും അതിന്റെ ആന്റിവൈറസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് പ്രശസ്തി നേടുകയും ചെയ്ത വ്യക്തിയാണ് ഇദ്ദേഹം.
യോഗ റിട്രീറ്റ് ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾ പരീക്ഷിക്കുന്നതിനായി 90കളിൽ താൻ സൃഷ്ടിച്ച കമ്പനിയിൽ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. അത് നല്ല രീതിയിൽ നടന്നില്ല എന്നുമാത്രമല്ല അദ്ദേഹത്തിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്തു. 2014ൽ, McAfee അസോസിയേറ്റ്സ് പേര് ഇന്റൽ സെക്യൂരിറ്റി ഗ്രൂപ്പ് എന്ന് മാറ്റാൻ തീരുമാനിച്ചു. കാരണം ആ സമയത്ത് കമ്പനി ഇന്റലിന്റെ ഉടമസ്ഥതയിലായിരുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം ഇന്റൽ ഈ കമ്പനിയെ കൈവിട്ടു. അതിനുശേഷമാണ് കമ്പനിയുടെ പേര് മക്കഫി എന്നാക്കി മാറ്റിയത്.
ബിപി (BP)
ബ്രിട്ടീഷ് പെട്രോളിയം 2000ലാണ് ബിപി (BP) ആയി മാറിയത്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു എണ്ണക്കമ്പനിക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തതിനാൽ പേര് മാറ്റി കമ്പനിയുടെ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാൻ ഒരു ശ്രമം നടത്തി. എന്നാൽ പിന്നീടും നിരവധി എണ്ണ ചോർച്ചകളും സ്ഫോടനങ്ങളും കാരണം ഈ പേരു മാറ്റത്തിന്റെ ഉദ്ദേശം നടന്നില്ല.
ലൈവ് സ്ട്രോങ് ഫൌണ്ടേഷൻ (LIVESTRONG Foundation)
‘ലാൻസ് ആംസ്ട്രോങ് ഫൗണ്ടേഷൻ’ എന്ന പേരിൽ 1997ൽ ആരംഭിച്ച ഈ എൻ ജി ഒ ക്യാൻസർ ബാധിച്ച ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒരുപാട് സഹായം നൽകിയിരുന്നു. അർബുദത്തെ അതിജീവിച്ച മുൻ റോഡ് റേസിംഗ് സൈക്ലിസ്റ്റ് ലാൻസിന് താൻ ഇത്തരമൊരു സംരംഭം തുടങ്ങാൻ പറ്റിയ ആളാണെന്ന് തോന്നി. എന്നാൽ 2012-ൽ, ഓപ്ര വിൻഫ്രെയ്ക്ക് നൽകിയ അഭിമുഖത്തിൽ, തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്ത് പ്രകടനം മെച്ചപ്പെടുത്തുന്ന ഉത്തേജന മരുന്നുകൾ ഉപയോഗിച്ചതായി ലാൻസ് സമ്മതിച്ചു. ഇത് കമ്പനിയെ മോശമായി ബാധിച്ചു. ലാൻസിൻ്റെ കുറ്റസമ്മതം കമ്പനിയെ തകർത്തു. തുടർന്ന് ആംസ്ട്രോങ്ങിന് സംഘടനയുടെ ചെയർമാൻ സ്ഥാനം ഒഴിയേണ്ടി വന്നു. അതിന് ശേഷം ലൈവ്സ്ട്രോങ് ഫൗണ്ടേഷൻ എന്ന പേരിലേയ്ക്ക് കമ്പനി മാറ്റാൻ ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു.