ഉപയോക്താക്കളുടെ ബ്രൗസിങ് ഡേറ്റ അടക്കമുള്ള കാര്യങ്ങള്‍ ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കന്റെയും കൈകളിലെത്താതിരിക്കാൻ ആപ്പിൾ പല പ്രതിരോധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സഹായകരമായിരിക്കില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ ബ്രൗസറായ സഫാരിയില്‍ കുക്കികള്‍ ബ്ലോക്ക് ചെയ്തിട്ട് ബ്രൗസ് ചെയ്യുന്നവരെ വരെ തിരിച്ചറിയാനുള്ള ശേഷിയാണ് ഇരു കമ്പനികള്‍ക്കുമുള്ളത് എന്നാണ് പുതിയ ആരോപണം. ഇതിനായി ഫെയ്‌സ്ബുക്കും ഗൂഗിളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

സഫാരിയില്‍ കുക്കികള്‍ ഡിസേബിൾ ചെയ്ത് ബ്രൗസ് ചെയ്യുന്നവരെ തിരിച്ചറിയാനുള്ള ഫെയ്‌സ്ബുക്കിന്റെ ശേഷി വര്‍ധിപ്പിക്കാനായി ഇരു കമ്പനികളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു, ഇതുവഴി ആപ്പിളിന്റെ പ്രതിരോധങ്ങളെ തകര്‍ത്തു എന്നുമാണ് ആരോപണം. ഇരു കമ്പനികളുടെയും സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് കിറ്റ്‌സ് (എസ്ഡികെസ്) ഒരുമിപ്പിച്ചാണ് ഐഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഗൂഗിള്‍ ഫെയ്‌സ്ബുക്കിന് ചോര്‍ത്തി നില്‍കിവന്നതെന്നാണ് പുതിയ ആരോപണം. ഇതുവഴി ഫെയ്‌സ്ബുക്കിന് യൂസര്‍ ഐഡി കുക്കിമാച്ചിങ് നടത്താന്‍ സാധിച്ചു. കൂടാതെ ഇരുകമ്പനികളും പല രാജ്യങ്ങളിലുമുള്ള പ്രസാധകരുടെ താത്പര്യങ്ങള്‍ക്കെതിരായി കാര്യങ്ങള്‍ നീക്കാന്‍ സഹകരിച്ചു എന്നുമാണ് ആപ്പിള്‍ ഇന്‍സൈഡര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ലോക പരസ്യ മേഖലയെ അടക്കിവാഴാനുള്ള ഇരുകമ്പനികളുടെയും ശ്രമമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ഗൂഗിളിനെതിരെ അറ്റോര്‍ണീസ് ജനറല്‍ അമേരിക്കയില്‍ ഫയല്‍ ചെയ്ത കേസിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആപ്പിള്‍ തങ്ങളുടെ സഫാരിയില്‍ 2018ലാണ് ഇന്റലിജന്റ് ട്രാക്കിങ് പ്രൊട്ടക്ഷന്‍ 2.0 കൊണ്ടുവരുന്നത്. ഇതിനെയാണ് ഇരു കമ്പനികളും ചേര്‍ന്ന് തകര്‍ത്തതെന്നാണ് ഒക്ടോബര്‍ 22ന് പരിഷ്‌കരിച്ചു സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 

∙ ഫെയ്‌സ്ബുക് ഗൂഗിളിന്റെ സഹായമില്ലാതെയും ഐഫോണ്‍ ഉപയോക്താക്കളെ ട്രാക്കു ചെയ്യുന്നു – ഗവേഷകര്‍

ഐഫോണുകളിലും ഐപാഡുകളിലും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഫെയ്‌സ്ബുക് ആപ് ആക്‌സലറോമീറ്റര്‍ ഉപയോഗിച്ച് ഉപയോക്താക്കളെ ട്രാക്കു ചെയ്യുന്നതു തുടരുന്നു എന്നാണ് ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച പുതിയ ലേഖനത്തില്‍ ആരോപിച്ചിരിക്കുന്നത്. ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം തേഡ്പാര്‍ട്ടി ആപ് ട്രാക്കിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആപ്പിള്‍ അവസരം ഒരുക്കിയിട്ടുണ്ട്. അത്തരത്തില്‍ വിട്ടുനില്‍ക്കുന്നവരെ പോലും ഫെയ്‌സ്ബുക് ട്രാക്കു ചെയ്യുന്നുവെന്നാണ് ആരോപണം. ഉപയോക്താവിന്റെ ലൊക്കേഷന്‍ ഡേറ്റ ആക്‌സലറോമീറ്റര്‍ റെക്കോർഡ് ചെയ്യുന്നു. ഇതു ശേഖരിക്കുന്ന ഫെയ്‌സ്ബുക്കിന് ദിവസവും ഒരോ സമയത്തും നിങ്ങള്‍ എവിടെയാണ് എന്ന കാര്യം കണ്ടറിഞ്ഞ് നിങ്ങളുടെ ശീലങ്ങളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും ധാരണ ഉണ്ടാക്കാന്‍ സാധിക്കുന്നു എന്നാണ് പുതിയ ആരോപണം. 

ആക്‌സലറോമീറ്റര്‍ ഡേറ്റ ശേഖരിക്കുന്ന ഫെയ്‌സ്ബുക്കിന് നിങ്ങള്‍ കിടക്കുകയാണോ, ഇരിക്കുകയാണോ, നടക്കുകയാണോ എന്നുവരെ അറിയാന്‍ സാധിക്കുമെന്നും ഗവേഷകരായ ടോമി മിസ്‌കും തലാല്‍ ഹജ് ബക്രിയും കാണിച്ചു തരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക് ആപ് മാത്രമല്ല, കമ്പനിക്കു കീഴിലുള്ള ഇന്‍സ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയവ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവരെയും ഇങ്ങനെ ട്രാക്കു ചെയ്യാം. എന്നാല്‍, ഈ മൂന്ന് ആപ്പുകളില്‍ വാട്‌സാപ്പില്‍ മാത്രം ഈ ഫീച്ചര്‍ ഡിസേബിൾ ചെയ്യാമെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം, സകലരും കുറ്റപ്പെടുത്തുന്ന ചൈനീസ് ആപ്പായ ടിക്‌ടോക്ക് തങ്ങള്‍ പരിശോധിച്ചുവെന്നും അതിനു പോലും ഈ പ്രശ്‌നമില്ലെന്നും ഗവേഷകര്‍ പറയുന്നു. ചൈനീസ് ആപ്പായ വീചാറ്റ്, ആപ്പിളിന്റെ സ്വന്തം ഐമെസേജ്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ ആപ്പുകളും ഉപയോക്താക്കളെ ആക്‌സലറോമീറ്റര്‍ ഉപയോഗിച്ച് ട്രാക്കു ചെയ്യുന്നില്ല. നിലവില്‍ ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആക്‌സലറോമീറ്റര്‍ ഉപയോഗിച്ചു സദാ നടത്തിക്കൊണ്ടിരിക്കുന്ന ഒളിഞ്ഞു നോട്ടം ഒഴിവാക്കാന്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലെന്നും ഗവേഷകര്‍ പറയുന്നു.

ios-15

∙ ഐഒഎസ് 15.1, മാക്ഒഎസ് മോണ്ടറെയ് എത്തി

ആപ്പിള്‍ ഉപകരണങ്ങള്‍ക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പുതുക്കിയ സോഫ്റ്റ്‌വെയര്‍ എത്തി. ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയ്ക്ക് 15.1 വേര്‍ഷനും ആപ്പിള്‍ വാച്ചിന് വാച്ച്ഒഎസ് 8.1ഉം, മാക്ക് ഉപയോഗിക്കുന്നവര്‍ക്ക് മാക്ക്ഒഎസ് മോണ്ടറെയ്‌യുമാണ് (Monterey) ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

∙ വാച്ച്ഒഎസ് 8.1ല്‍ കോവിഡ് വാക്‌സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇടാം

ആപ്പിളിന്റെ വാച്ച്ഒഎസ് 8.1 ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ വോലറ്റ് ആപ്പില്‍ ഒരാളുടെ വാക്‌സീനേഷന്‍ കാര്‍ഡ് ഇടാനുള്ള അവസരമുണ്ടായിരിക്കുമെന്ന് മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ ജിയോഫോണ്‍ നെക്‌സ്റ്റ് പ്രവര്‍ത്തിക്കുന്നത് പ്രഗതി ഒഎസില്‍

ജിയോഫോണ്‍ നെക്‌സ്റ്റ് സ്മാര്‍ട് ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പുതിയ ഹാൻഡ്സെറ്റ് ദീപാവലിക്ക് മുൻപ് അവതരിപ്പിച്ചേക്കും. ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. ആന്‍ഡ്രോയിഡ് ഒഎസ് ഇന്ത്യയ്ക്കായി പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് എന്നാണ് ജിയോ അവകാശപ്പെടുന്നത്. ആന്‍ഡ്രോയിഡ് ഒഎസിന് ജിയോയുടെ സ്വന്തം സ്‌കിന്‍ ആണ് പ്രഗതിഒഎസ് (PragatiOS). എന്നാല്‍, ആന്‍ഡ്രോയിഡിന്റെ ഏതുവേര്‍ഷനാണ് പ്രഗതിഒഎസിലുള്ളത് എന്ന് ഇപ്പോള്‍ വ്യക്തമല്ല.

∙ അമേരിക്കന്‍ നെറ്റ്‌വര്‍ക്കുകള്‍ക്കെതിരെ റഷ്യന്‍ സൈബര്‍ ആക്രമണം

സോളാര്‍വിന്‍ഡ്‌സ് സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നിലുള്ള സംഘം അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്കു നേരെ വീണ്ടും ആക്രമണങ്ങള്‍ നടത്തുന്നതായി മൈക്രോസോഫ്റ്റ്. ഒക്ടോബര്‍ 24ന് പോസ്റ്റ് ചെയ്ത ബ്ലോഗില്‍ പറഞ്ഞിരിക്കുന്നത് നൊബെലിയം (Nobelium) എന്നറിയപ്പെടുന്ന ഗ്രൂപ്പിന്റെ പുതിയ ആക്രമണങ്ങളുടെ ഇരകള്‍ റീസെല്ലര്‍മാരും സാങ്കേതികവിദ്യാ സേവനദാതാക്കളുമാണ് എന്നാണ്. ജൂലൈ 1നും ഒക്ടോബര്‍ 19നും ഇടയില്‍ ഇത്തരത്തിലുള്ള 609 ആക്രമണങ്ങള്‍ നടന്നു എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. അതേസമയം, പുതിയ ആക്രമണങ്ങളില്‍ ചെറിയൊരു ശതമാനം മാത്രമെ ഫലപ്രദമായുള്ളു എന്നും പറയുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ അധികാരികള്‍ ഉടനെ പ്രതികരിക്കുമെന്നാണ് കരുതുന്നത്.

cyber-attack-iran

∙ ദക്ഷിണ കൊറിയന്‍ ടെലികോം ഓപ്പറേറ്റര്‍ക്കു നേരെ കടുത്ത സൈബര്‍ ആക്രമണം

ദക്ഷിണ കൊറിയയലെ പ്രമുഖ ടെലികോം സേവനദാതാവായ കെടി കോര്‍പിനെതിരെ (KT Corp) കടുത്ത സൈബര്‍ ആക്രമണം നടന്നുവെന്നും അവരുടെ സേവനങ്ങള്‍ താറുമാറായെന്നും റിപ്പോര്‍ട്ട്. ഡിസ്ട്രിബ്യൂട്ടഡ് – ഡിനയല്‍ – ഓഫ് – സര്‍വീസ് (ഡിഡിഒഎസ്) ആക്രമണങ്ങളാണ് നടന്നത്. ഇന്റര്‍നെറ്റ്, പണമടയ്ക്കല്‍, ഫോണ്‍ കോള്‍ സേവനങ്ങള്‍ എന്നിവയെല്ലാം വയര്‍ലെസ്, വയേഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്നവരെ ബാധിച്ചു. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്ന് കമ്പനി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *