കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യയിൽ ഐടി വ്യവസായം വളർന്നത് പ്രതിവർഷം ശരാശരി 7.5% നിരക്കിലാണെങ്കിൽ ഇനി 2025 വരെയുള്ള കാലം വളരാൻ പോകുന്നത് 12.5% നിരക്കിലാണ്. വളർച്ച ഇരട്ടിയോളം. കോവിഡ് കാലമായ 18 മാസത്തിന്റെ നേട്ടമാണിത്. ഐടി വ്യവസായങ്ങളുടെ സംഘടനയായ നാസ്കോം തന്നെയാണ് ഈ അനുമാനത്തിലെത്തിയിരിക്കുന്നത്.

കോവിഡ് കാലത്ത് ലോകമാകെ ഡിജിറ്റലിൽ ഇടപാടുകളിലേക്കു തിരിഞ്ഞു. ഇന്റർനെറ്റ് ഇല്ലാതെ ഇനി ജീവിതമില്ലെന്നായി. നെറ്റ് ഉപയോഗം വൻ തോതിൽ വർധിച്ചു. അതനുസരിച്ച് ലോകമാകെ എല്ലാ സ്ഥാപനങ്ങളും ഡിജിറ്റൽ സേവനങ്ങൾ വർധിച്ച രീതിയിൽ നൽകേണ്ടി വന്നു. ഇന്ത്യയിലാകട്ടെ കോവിഡ് മൂലം യാതൊരു പ്രശ്നവും ഐടി രംഗത്തുണ്ടായില്ലെന്നു മാത്രമല്ല ഉത്പാദന ക്ഷമതയും ഉത്പാദനവും കൂടുകയും ചെയ്തു. അതോടെ ലോകമാകെ നിന്ന് ഐടി പ്രൊജക്ടുകൾ ഇന്ത്യയിലേക്കു പ്രവഹിക്കുകയാണ്. അതിന്റെ ഗുണമാണ് അടുത്ത 5 വർഷം ഉണ്ടാകാൻ പോകുന്നതെന്ന് ഐബിഎസ് ചെയർമാൻ വി.കെ.മാത്യൂസ് ചൂണ്ടിക്കാട്ടി.

സോഫ്റ്റ്‌വെയർ ആസ് സർവീസ് (എസ്എഎസ്) നൽകുന്ന കമ്പനികൾക്കെല്ലാം നേട്ടമാണ്. സ്വന്തം ഡിജിറ്റൽ പ്ളാറ്റ് ഫോം ഉണ്ടാക്കി വിമാനക്കമ്പനികൾക്കു പ്രവർത്തിക്കാനുള്ള ഡിജിറ്റൽ ചട്ടക്കൂട് നൽകുന്ന ഐബിഎസ് പോലുള്ള കമ്പനികൾക്കു മാത്രമല്ല വിവിധ സ്ഥാപനങ്ങളഇൽ കംപ്യൂട്ടർവൽക്കരണം നടത്തുന്ന കമ്പനികൾക്കുമെല്ലാം നേട്ടമാണ്. പ്രൊജക്ടുകൾ കൂടുതലായി ലോകമാകെ നിന്നു ലഭിക്കുന്നതിനാൽ പരിചയം സിദ്ധിച്ച ടെക്കികളുടെ എണ്ണം കൂടുതലായി വേണം. അതിനാൽ എല്ലാ കമ്പനികളും റിക്രൂട്ട്മെന്റ് തകൃതിയാക്കിയിട്ടുണ്ടെന്ന് മാത്യൂസ് പറയുന്നു.

എവിടെ നിന്നു വേണമെങ്കിലും ടെക്കികളെ തിരഞ്ഞെടുക്കാമെന്നതാണ് കോവിഡ് കാലം സൃഷ്ടിച്ച മാറ്റം. ഓഫിസുമായി അവർക്കു ബന്ധം ഉണ്ടാവണമെന്നില്ല. മുമ്പ് ടെക്നോപാർക്കിലും ഇൻഫൊപാർക്കിലും ഭൂരിപക്ഷവും തിരുവനന്തപുരം, എറണാകുളം ജില്ലകളിലും പരിസര ജില്ലകളിൽ നിന്നുമായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയാകെ നിന്നുള്ള ടെക്കികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നമ്മുടെ ചെറുപ്പക്കാരും ഇവിടെയിരുന്ന് നോയിഡയിലേയും ഹൈദരാബാദിലേയും മറ്റും കമ്പനികളിൽ ജോലി ചെയ്യുന്നു. എങ്ങോട്ടും പോകേണ്ട.

By admin

Leave a Reply

Your email address will not be published. Required fields are marked *