കാലാവസ്ഥാ വ്യതിയാനം എന്ന മഹാവിപത്ത് ഭാവിയിൽ ഭൂമിയിലെ ജീവിതം ദുസഹമാക്കിയേക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇത് വകവയ്ക്കാതെയാണ് ചിലർ അങ്ങനെയൊന്നും സംഭവിക്കില്ല എന്ന പ്രചാരണവുമായി ഇന്റര്‍നെറ്റില്‍ അരങ്ങു കൊഴുപ്പിക്കുന്നത്. ഇത്തരാക്കാര്‍ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ്, ഫെയ്‌സ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് നിറഞ്ഞാടുന്നത്. യൂട്യൂബില്‍ ഇത്തരം ഹിറ്റ് വിഡിയോകള്‍ ചെയ്യുന്നത് കാരണം ജനങ്ങള്‍ ഈ സമയത്ത് പുലര്‍ത്തേണ്ട കനത്ത ജാഗ്രത ഇല്ലാതാക്കുന്നു. കൂടാതെ അവർ ധാരാളം പണവും ഉണ്ടാക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഇല്ലെന്ന പ്രചാരണം നടത്തുന്ന യൂട്യൂബ് വിഡിയോകള്‍ക്ക് അവ എത്രപേര്‍ കണ്ടാലും ഇനിമുതൽ പണം നല്‍കില്ലെന്ന തീരുമാനമാണ് ഗൂഗിള്‍ കൈക്കൊണ്ടിരിക്കുന്നത്.
സേര്‍ച്ച് എൻജിനിലും യൂട്യൂബിലും ഇത്തരം പ്രചരണം നടത്തുന്നവരുടെ ഉള്ളടക്കത്തിനടുത്ത് ഇനിമേല്‍ ഒരു പരസ്യവും പ്രദർശിപ്പിക്കില്ലെന്നും ഗൂഗിള്‍ അറിയിച്ചു. ഗൂഗിളില്‍ പരസ്യം നല്‍കുന്നവര്‍ക്കായി പുതുക്കി ഇറക്കിയ നയരേഖയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് എന്ന് എഎഫ്ബി റിപ്പോര്‍ട്ടുചെയ്യുന്നു. ഇത്തരം ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവര്‍ക്കും ഈ വാദങ്ങള്‍ പ്രചരിപ്പിക്കാനായി യൂട്യൂബ് വിഡിയോകള്‍ നിർമിക്കുന്ന കണ്ടെന്റ് ക്രീയേറ്റര്‍മാര്‍ക്കും വന്‍ തിരിച്ചടിയായിരിക്കും ഇത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ വ്യക്തമായ നിലപാടുസ്വീകരിച്ചു കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഉണ്ടെന്നും, എങ്ങനെയാണ് അത് സംഭവിക്കുന്നത് എന്ന കാര്യത്തിലും ശാസ്ത്രജ്ഞര്‍ തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ട്. ഇതിനു വിരുദ്ധമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിച്ചിടുന്നവര്‍ക്കാണ് ഇനി പണം നല്‍കില്ലെന്ന് ഗൂഗിള്‍ പറഞ്ഞിരിക്കുന്നത്.
ഭൂമിക്കായി, ഭാവി തലമുറകള്‍ക്കായി എല്ലാവരും കൈകോര്‍ക്കേണ്ട സന്ദര്‍ഭത്തില്‍ അതിനെതിരെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ എടുത്ത നടപടി ഗൂഗിള്‍ കൈക്കൊണ്ട ഏറ്റവും മികച്ച നിലപാടാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഈ വിഷയത്തില്‍ വര്‍ഷങ്ങളായി ജനങ്ങളെ തെറ്റിധരിപ്പിച്ചു വന്നതിനു പിന്നില്‍ ഇത്തരം വിഡിയോകളും മറ്റുമായിരുന്നു. മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഗൂഗിളിന്റെ പാത പിന്തുടരണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. ഫെയ്‌സ്ബുക്കും കാലാവസ്ഥാ വ്യതിയാനം അതിവേഗം സംഭവിച്ചികൊണ്ടിരിക്കുന്നു എന്ന വാദം അംഗീകരിച്ച കമ്പനിയാണ്. എന്നാല്‍ അവര്‍ ഇത്തരം പോസ്റ്റുകളില്‍ നിന്ന് പമമുണ്ടാക്കുന്നതു തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.