സാധാരണ വിമാന യാത്രകള്‍ക്കു പിന്നില്‍ പോലും സങ്കീര്‍ണമായ നിരവധി പ്രവര്‍ത്തനങ്ങൾ നടക്കുന്നുണ്ട്. ഉദാഹരണം നോക്കിയാല്‍ മഹാമാരി തുടങ്ങി ഒരു വര്‍ഷത്തിനു ശേഷം വിമാനങ്ങള്‍ സർവീസ് തുടങ്ങിയപ്പോള്‍ പലരും വെക്കേഷനുകള്‍ ആഘോഷിക്കാന്‍ അന്യനാടുകളിലേക്കു പറന്നു. അതേസമയം, അവരെപ്പോലെ തന്നെ ടിക്കറ്റ് ബുക്കു ചെയ്ത മറ്റുചിലർക്ക് കൂടുതല്‍ കാത്തിരിക്കാനായിരുന്നു വിധി. ഒരു വിമാനത്താവളത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പറക്കുന്നതിനിടയില്‍ ഏകീകരിക്കപ്പെടേണ്ട നിരവധി ഘടകങ്ങളുണ്ട്. ഇവയില്‍ ഏതിനെങ്കിലും പ്രശ്‌നമുണ്ടായാല്‍ പറക്കല്‍ നടക്കില്ല. ഇതെല്ലാം ഏകീകരിച്ച് പ്രശ്‌നരഹിതമാക്കാനുള്ള ശ്രമമായിരുന്നു നാസയുടെ എയര്‍സ്‌പേസ് ടെക്‌നോളജി ഡെമൊണ്‍സ്‌ട്രേഷന്‍ 2 അല്ലെങ്കില്‍ എറ്റിഡി-2 പദ്ധതി.
വ്യോമ ഗതാഗതത്തിലെ വെല്ലുവിളികള്‍ പരിഹരിക്കാനുള്ള മൂന്നു പദ്ധതികളില്‍ ഒന്നായിരുന്നു എറ്റിഡി-2. എയര്‍പോര്‍ട്ട് എത്രമാത്രം ഗതാഗതയോഗ്യമാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ പ്രവചിക്കാന്‍ ഉതകുന്ന ഒന്നായിരുന്നു അത്. ഏതുസമയത്ത് വിമാനം ടേക്ക്ഓഫ് ചെയ്യുന്നതാണ് നല്ലത് എന്നതടക്കമുള്ള കാര്യങ്ങള്‍ ഇതിന് നിര്‍ണയിക്കാന്‍ സാധ്യമായിരുന്നു. ഇതെല്ലാം കാത്തിരിപ്പുകള്‍ ഒഴിവാക്കാനും ഉപകരിച്ചു. ഇതിന്റെ പ്രധാന ഉപയോഗമെന്നു പറയുന്നത് വിമാനങ്ങളെ ഗെയിറ്റില്‍ നിന്ന് റണ്‍വേയിലേക്കും പിന്നീട് ആകാശത്തേക്കും ഉയര്‍ത്തുന്നതിലുള്ള കാലതാമസം പരമാവധി കുറയ്ക്കുക എന്നതായിരുന്നു. ഇതിന് പല അധിക ഗുണങ്ങളുമുണ്ട്. ഷെഡ്യൂളുകള്‍, യാത്രക്കാർ, എയര്‍ലൈന്‍സുകൾ, പരിസ്ഥിതി എന്നിവയ്ക്കു പോലും കൃത്യതയുള്ള ഇടപെടല്‍ ഗുണം ചെയ്യുമെന്നു കാട്ടിത്തരികയാണ് എറ്റിഡി-2.
ഒരു എയര്‍പോര്‍ട്ട് നടത്തിപ്പിനു പിന്നിലുള്ള പല കര്യങ്ങളെക്കുറിച്ചും ബഹുഭൂരിപക്ഷം പേര്‍ക്കും അറിയില്ല. വിമാനങ്ങളുടെ ലാന്‍ഡിങും, ടേക്ക് ഓഫ് വൈകലുകളും, കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളും അടക്കം പല കാര്യങ്ങളും കൃത്യമായി അറിയേണ്ടതുണ്ട്. ഇതിന്റെയെല്ലാം ഡേറ്റ വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങള്‍ ഏകീകരിക്കുന്ന വിവിധ ഗ്രൂപ്പുകളിലേക്ക് എത്തേണ്ടതുമുണ്ട്. നിലവില്‍ പല വിമാനത്താവളങ്ങളിലും ഇത് നടക്കുന്നത് ലളിതമായ ക്യൂ വിനെ ആശ്രയിച്ചാണ്. ക്യൂവില്‍ മുന്നിലുളള വിമാനം പുറപ്പെടാനാകുമ്പോള്‍ അത് റണ്‍വെ ഉപയോഗിക്കാനായി കാത്തു കിടക്കുന്നു. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ ക്യൂവിനു മാറ്റം വരാം. അത് വിമാനങ്ങള്‍ ലാന്‍ഡു ചെയ്യുന്നതിനെയും പറന്നു പൊങ്ങുന്നതിനെയും എല്ലാം ബാധിക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ട് എയര്‍ട്രാഫിക് മാനേജര്‍മാര്‍ ഒരോ പറക്കലിലുമിടയില്‍ അല്‍പം ഇടവേള ഒരുക്കുന്നു. ശരിക്കും പറഞ്ഞാല്‍ ഇത് മറ്റൊരു കാര്യപ്രാപ്തിക്കുറവാണ്. എറ്റിഡി-2 ടൂളുകള്‍ വഴി വിമാനം എയര്‍പോര്‍ട്ടില്‍ നിന്ന് ഉയരുന്നത് കൂടുതല്‍ പ്രവചനീയമാക്കാനുള്ള ശ്രമമാണ് നടത്തിവന്നത്. ഏറ്റവും മികച്ച രീതിയിലുള്ള ടേക്ക്ഓഫുകള്‍ നടത്താന്‍ ഇതിനു സാധിക്കും.
അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനിലേക്കെത്തുന്ന വിവിധ തരം ഡേറ്റയും എയര്‍ലൈന്‍സുകളില്‍ നിന്നു ലഭിക്കുന്ന ഡേറ്റയും ഏകീകരിച്ച് വിവിധ സിസ്റ്റങ്ങള്‍ വഴി പങ്കുവയ്ക്കുന്നു എന്നതാണ് എറ്റിഡി-2യുടെ ലക്ഷ്യം. ഇതിനു പിന്നിലുള്ള മറ്റൊരു ആശയം എയര്‍പോര്‍ട്ടുകളിലെ ആള്‍ത്തിരക്ക് കുറയ്ക്കുക എന്നതാണ്. ചുറ്റുപാടുമുള്ള വ്യോമപാതയിൽ നടക്കുന്ന കാര്യങ്ങളും ഇതോടൊപ്പം പരിഗണിക്കണം. വിമാനം ഇറങ്ങാനും ഉയരാനും എയര്‍പോര്‍ട്ടിലെ സര്‍ഫസ് ട്രാഫിക്കിനും വ്യത്യസ്ത സിസ്റ്റങ്ങള്‍ക്ക് പകരം ഒന്നു മതി എന്ന ആശയമാണ് എറ്റിഡി-2നു പിന്നില്‍. പല ഘട്ടങ്ങള്‍ക്കുമായി ഒരു സിസ്റ്റമാണ് എറ്റിഡി-2 വഴി കൊണ്ടുവന്നത്. ഇതിനുള്ള സോഫ്റ്റ്‌വെയറിന്റെ പേര് ഇന്റഗ്രേറ്റഡ് അറൈവല്‍/ഡിപ്പാര്‍ചര്‍/സര്‍ഫസ് ട്രാഫിക് മാനേജ്‌മെന്റ് (ഐഎഡിഎസ്) എന്നാണ്.
വിമാനങ്ങള്‍ നേരിട്ടു വന്ന് ക്യൂവില്‍ കിടക്കുന്നതിനു പകരം അവ ഒരു വെര്‍ച്വല്‍ ക്യൂ സൃഷ്ടിക്കുന്നു. ഹോട്ടലുകളിലും മറ്റുമുള്ള റിസര്‍വേഷനു സമാനമാണിത്. ഇതുവഴി വിമാനങ്ങള്‍ക്ക് എൻജിനുകള്‍ ഓഫ് ചെയ്ത് ഗെയ്റ്റിനടുത്ത് കാത്തുകിടക്കാം. ഇതുവഴി ഇന്ധനം ലാഭിക്കാം. ഇതിലൂടെ കൂടുതല്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹാര്‍ദപരവുമായ സാഹചര്യം സൃഷ്ടിക്കാനാകും. നേരത്തെ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു വന്നിരുന്ന സിസ്റ്റങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുക വഴി എറ്റിഡി-2 എഐഡിഎസ് സിസ്റ്റത്തിന് ഓപ്പറേറ്റര്‍മാര്‍ക്ക് എയര്‍പോര്‍ട്ടിലെ യാഥാര്‍ഥ്യങ്ങള്‍ അറിഞ്ഞു തന്നെ വിവരങ്ങള്‍ കൈമാറാനാകും. എറ്റിഡി-2വിന്റെ ടൂളുകളില്‍ ഉപയോക്താക്കള്‍ക്കുള്ള ആപ്പുകളും ഉണ്ട്. ഇവ വഴി ഏത് വിമാനമായിരിക്കും അടുത്തതായി സ്ഥാനംപിടിക്കുക എന്നതടക്കമുള്ള വിവരങ്ങള്‍ അറിയാനാകും. ഇതെല്ലാം മൊത്തം സിസ്റ്റത്തെ കൂടുതല്‍ കാര്യക്ഷമമാക്കും. ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം വ്യത്യസ്ത ഘടകങ്ങളെക്കുറിച്ചുള്ള ബോധം നല്‍കാനും എറ്റിഡി-2നു സാധിക്കുന്നു. ഇതുവഴി പൊതു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു സാധിക്കും.
എറ്റിഡി-2 ടീം ആദ്യമായി അവരുടെ ട്രാഫിക് ഷെഡ്യൂളിങ് സാങ്കേതികവിദ്യ ഉപയോക്താക്കള്‍ക്കായി തുറന്നു നല്‍കിയത് 2017 സെപ്റ്റംബറിലായിരുന്നു. ഇത് നടന്നത് നോര്‍ത്ത് കരൊലൈനയിലെ ഷാളറ്റ് ഡഗ്ലസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലായിരുന്നു. എഫ്എഎ, വ്യോമയാന കമ്പനികള്‍, എയര്‍ ട്രാഫിക് കണ്ട്രോളേഴ്‌സ് യൂണിയന്‍ തുടങ്ങിയവയുടെ എല്ലാം പ്രതിനിധികള്‍ക്കു മുന്നില്‍ എറ്റിഡി-2നു കൊണ്ടുവരാന്‍ സാധിക്കുന്ന ഗുണപരമായ കാര്യങ്ങള്‍ പ്രദർശിപ്പിക്കാനായി. കാത്തിരിപ്പുകള്‍ നാടകീയമായ രീതിയില്‍ കുറയ്ക്കാനും ഇന്ധനം കത്തിക്കൽ വഴിയുണ്ടാകുന്ന പാരിസ്ഥിതികാഘാതം കുറയ്ക്കാൻ സാധിക്കുമെന്നും തെളിയിക്കാനായി.
2021 മേയിലെ കണക്കുകൾ പ്രകാരം എഐഡിഎസ് ടൂള്‍ വഴി ഒരു ദശലക്ഷം ഗ്യാലന്‍ ജെറ്റ് ഇന്ധനം ലാഭിക്കാനായി എന്നു കാണാം. ഇത്ര ഇന്ധനം കത്തിച്ചിരുന്നെങ്കില്‍ ഉണ്ടായേക്കാമായിരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവ് നഗരപ്രദേശങ്ങളില്‍ 159,000ലേറെ മരങ്ങള്‍ വളര്‍ത്തിയാല്‍ മാത്രം പരിഹരിക്കാവുന്ന ഒന്നായിരുന്നു എന്നു കണക്കാക്കുന്നു. ജെറ്റ് എൻജിനുകളുടെ റണ്‍ ടൈം കുറച്ചതാണ് മെച്ചമായത്. ഇതുവഴി അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവും കുറയ്ക്കാനായി. യാത്രക്കാര്‍ക്ക് 837 മണിക്കൂര്‍ കാത്തിരിപ്പ് ഒഴിവായി. ഇതുവഴി നേടിയ സമയത്തിന്റെ മൂല്യം 40 ലക്ഷം ഡോളറാണെന്നും വിലയിരുത്തുന്നു. വ്യോമയാന കമ്പനികളാകട്ടെ ഏകദേശം 12 ലക്ഷം ഡോളര്‍ ഫ്‌ളൈറ്റ് ക്രൂ വിഭാഗത്തില്‍ ലാഭിച്ചിരിക്കാമെന്നും പറയുന്നു. ഇത് ഒരു എയര്‍പോര്‍ട്ടിലെ കണക്ക് മാത്രമാണ്!
അമേരിക്കയിലെ എല്ലാ വിമാനത്താവളങ്ങളിലും എറ്റിഡി-2 പ്രയോജനപ്പെടുത്തിയാല്‍ ഉണ്ടാകാവുന്ന പ്രയോജനങ്ങള്‍ എത്രയധികം ആണെന്നു മനസ്സിലാകുമല്ലോ. 2021 സെപ്റ്റംബറിലാണ് ആദ്യഘട്ട പരീക്ഷണം അവസാനിച്ചത്. നാസ ഇതിന്റെ ഗവേഷണ ഫലം എഫ്എഎയ്ക്കും മറ്റും കൈമാറി. ഇനി എഫ്എഎയുടെ ടെര്‍മിനല്‍ഫ്‌ളൈറ്റ് ഡേറ്റാ മാനേജര്‍ പ്രോഗ്രം, ഐഎഡിഎസ് ശേഷി വരും വര്‍ഷങ്ങളില്‍ അമേരിക്കയിലെ 27 പ്രധാന എയര്‍പോര്‍ട്ടുകള്‍ക്കും നല്‍കും.