ഫെയ്സ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ അപ്രതീക്ഷിതമായി നിലച്ചത് വന്‍ ചര്‍ച്ചകള്‍ക്കു വഴി വച്ചിരിക്കുകയാണ്. ഇതിന്റെ കാരണം തേടി ഫെയ്‌സ്ബുക്കിനുള്ളിലും പുറത്തുമുള്ള സുരക്ഷാ വിദഗ്ധര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പുതിയ നിഗമനങ്ങള്‍ പ്രകാരം ഇതു സംഭവിച്ചിരിക്കാന്‍ കാരണം ഫെയ്‌സ്ബുക്കിന്റെ സ്റ്റാഫ് നടത്തിയ അട്ടിമറിയോ അവരുടെ കയ്യില്‍ നിന്ന് അറിയാതെ വന്ന പിഴവോ ആകാമെന്നാണ് ഒരു വിഭാഗം സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. രണ്ടിനും സാധ്യതയുണ്ടെന്നാണ് പറയുന്നത്. അടുത്തിടെയായി സിലിക്കന്‍ വാലി കമ്പനികളില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങിയിരിക്കുന്നു എന്നതും ഇതിനോടു കൂട്ടി വായിക്കാവുന്നതാണ്. ഫെയ്‌സ്ബുക്കിന്റെ സെര്‍വറുകളിലേക്ക് ഇന്റര്‍നെറ്റിനെ കടത്തിവിടുന്നിടത്തു സംഭവിച്ച പിഴവാണെന്നാണ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നിരവധി ഫെയ്‌സ്ബുക് ജോലിക്കാർ പറഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.