യൂട്യൂബ് വീഡിയോ തുടർന്ന് കാണുന്നതിന് ‘കണ്ടിന്യു വാച്ചിങ്’ സവിശേഷത ആൻഡ്രോയിഡിലും ഐഒഎസിലും അവതരിപ്പിക്കുന്നതായാണ് റിപ്പോർട്ട്
YouTube ‘continue watching’ feature: സ്മാർട്ഫോണുകളിൽ വീഡിയോകൾ കണ്ടു നിർത്തിയിടത്തു നിന്നും വീണ്ടും കാണാൻ കഴിയുന്ന ഫീച്ചർ യൂട്യൂബ് അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. പുതിയ ഫീച്ചർ എല്ലാ ഉപയോക്താൾക്കും ലഭ്യമാക്കുന്നതിനായി യൂട്യൂബ് പ്രവർത്തിക്കുകയാണെന്ന് 9ടു5ഗൂഗിൾ റിപ്പോർട്ട് ചെയ്തു.
മറ്റു ഡിവൈസുകളിൽ ഉൾപ്പടെ യൂട്യൂബ് വീഡിയോകൾ തുടർന്ന് കാണുന്നതിന് ‘കണ്ടിന്യു വാച്ചിങ്’ സവിശേഷത ആൻഡ്രോയിഡിലും ഐഒഎസിലും അവതരിപ്പിക്കുന്നതായാണ് റിപ്പോർട്ട്.
സമാനമായ ഫീച്ചർ യൂട്യൂബിന്റെ വെബ് പതിപ്പിൽ ഇതിനകം ലഭ്യമാണ്, ഉപയോക്താക്കൾ അവസാനമായി കണ്ടു നിർത്തിയിടത്ത് നിന്ന് വീണ്ടും വീഡിയോ കണ്ട് തുടരാൻ അനുവദിക്കുന്നതാണ് ഈ സവിശേഷത.
ഇപ്പോൾ ഈ ഫീച്ചർ ഒന്നിലധികം ഉപകരണങ്ങളിലേക്ക് വിപുലീകരിക്കുന്നതിനായാണ് യുട്യൂബ് പ്രവർത്തിക്കുന്നത്.
എന്നുവെച്ചാൽ, നിങ്ങൾ ലാപ്‌ടോപ്പിൽ ഒരു യുട്യൂബ് വീഡിയോ കാണുകയും അതേ വീഡിയോ സ്മാർട്ട്‌ഫോണിൽ തുടർന്ന് കാണാൻ ആഗ്രഹിക്കുകയും ചെയ്യുകയാണെങ്കിൽ ഫോണിൽ യുട്യൂബ് ആപ്പ് തുറന്ന് നിങ്ങൾക്ക് ആ വീഡിയോ നിർത്തിയിടത്തു നിന്നും കാണാൻ കഴിയും.
യൂട്യൂബ് ആപ്പിൽ നിങ്ങൾ പൂർത്തിയാക്കാത്ത വീഡിയോകൾക്കായി താഴെ ഒരു മിനി പ്ലെയറിലായി കാണാൻ സാധിക്കും. നിങ്ങൾ ഒരേ മെയിൽ ഐഡിയിൽ നിന്നു തന്നെയാണ് രണ്ടു ഡിവൈസിലും യൂട്യൂബ് എടുത്തിരിക്കുന്നത് എങ്കിൽ മാത്രമാണ് ഇത് സാധ്യമാകുക എന്നതും പ്രത്യേകം ശ്രദ്ധിക്കണം.
ഈ ഫീച്ചർ എപ്പോഴാണ് എല്ലാ ഉപയോക്താക്കൾക്കും ലഭിക്കുക എന്നതിൽ യൂട്യൂബ് വ്യക്തത നൽകിയിട്ടില്ല എന്നാൽ ഇത് ഉടൻ തന്നെ ലഭ്യമാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.