കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യയിൽ ഐടി വ്യവസായം വളർന്നത് പ്രതിവർഷം ശരാശരി 7.5% നിരക്കിലാണെങ്കിൽ ഇനി 2025 വരെയുള്ള കാലം വളരാൻ പോകുന്നത് 12.5% നിരക്കിലാണ്. വളർച്ച ഇരട്ടിയോളം. കോവിഡ് കാലമായ 18 മാസത്തിന്റെ നേട്ടമാണിത്. ഐടി വ്യവസായങ്ങളുടെ സംഘടനയായ നാസ്കോം തന്നെയാണ് ഈ അനുമാനത്തിലെത്തിയിരിക്കുന്നത്.
കോവിഡ് കാലത്ത് ലോകമാകെ ഡിജിറ്റലിൽ ഇടപാടുകളിലേക്കു തിരിഞ്ഞു. ഇന്റർനെറ്റ് ഇല്ലാതെ ഇനി ജീവിതമില്ലെന്നായി. നെറ്റ് ഉപയോഗം വൻ തോതിൽ വർധിച്ചു. അതനുസരിച്ച് ലോകമാകെ എല്ലാ സ്ഥാപനങ്ങളും ഡിജിറ്റൽ സേവനങ്ങൾ വർധിച്ച രീതിയിൽ നൽകേണ്ടി വന്നു. ഇന്ത്യയിലാകട്ടെ കോവിഡ് മൂലം യാതൊരു പ്രശ്നവും ഐടി രംഗത്തുണ്ടായില്ലെന്നു മാത്രമല്ല ഉത്പാദന ക്ഷമതയും ഉത്പാദനവും കൂടുകയും ചെയ്തു. അതോടെ ലോകമാകെ നിന്ന് ഐടി പ്രൊജക്ടുകൾ ഇന്ത്യയിലേക്കു പ്രവഹിക്കുകയാണ്. അതിന്റെ ഗുണമാണ് അടുത്ത 5 വർഷം ഉണ്ടാകാൻ പോകുന്നതെന്ന് ഐബിഎസ് ചെയർമാൻ വി.കെ.മാത്യൂസ് ചൂണ്ടിക്കാട്ടി.
സോഫ്റ്റ്‌വെയർ ആസ് സർവീസ് (എസ്എഎസ്) നൽകുന്ന കമ്പനികൾക്കെല്ലാം നേട്ടമാണ്. സ്വന്തം ഡിജിറ്റൽ പ്ളാറ്റ് ഫോം ഉണ്ടാക്കി വിമാനക്കമ്പനികൾക്കു പ്രവർത്തിക്കാനുള്ള ഡിജിറ്റൽ ചട്ടക്കൂട് നൽകുന്ന ഐബിഎസ് പോലുള്ള കമ്പനികൾക്കു മാത്രമല്ല വിവിധ സ്ഥാപനങ്ങളഇൽ കംപ്യൂട്ടർവൽക്കരണം നടത്തുന്ന കമ്പനികൾക്കുമെല്ലാം നേട്ടമാണ്. പ്രൊജക്ടുകൾ കൂടുതലായി ലോകമാകെ നിന്നു ലഭിക്കുന്നതിനാൽ പരിചയം സിദ്ധിച്ച ടെക്കികളുടെ എണ്ണം കൂടുതലായി വേണം. അതിനാൽ എല്ലാ കമ്പനികളും റിക്രൂട്ട്മെന്റ് തകൃതിയാക്കിയിട്ടുണ്ടെന്ന് മാത്യൂസ് പറയുന്നു.
എവിടെ നിന്നു വേണമെങ്കിലും ടെക്കികളെ തിരഞ്ഞെടുക്കാമെന്നതാണ് കോവിഡ് കാലം സൃഷ്ടിച്ച മാറ്റം. ഓഫിസുമായി അവർക്കു ബന്ധം ഉണ്ടാവണമെന്നില്ല. മുമ്പ് ടെക്നോപാർക്കിലും ഇൻഫൊപാർക്കിലും ഭൂരിപക്ഷവും തിരുവനന്തപുരം, എറണാകുളം ജില്ലകളിലും പരിസര ജില്ലകളിൽ നിന്നുമായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയാകെ നിന്നുള്ള ടെക്കികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നമ്മുടെ ചെറുപ്പക്കാരും ഇവിടെയിരുന്ന് നോയിഡയിലേയും ഹൈദരാബാദിലേയും മറ്റും കമ്പനികളിൽ ജോലി ചെയ്യുന്നു. എങ്ങോട്ടും പോകേണ്ട.
∙ വനിതാ ടെക്കികൾക്കു നേട്ടം
കുട്ടികളെ പഠിപ്പിക്കണം, വളർത്തണം, മാതാപിതാക്കൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ നോക്കണം…ഇതൊക്കെ വനിതാ ടെക്കികളുടെ എക്കാലത്തേയും പ്രശ്നമായിരുന്നു. ഓഫിസിൽ പോകാനും വരാനും എടുക്കുന്ന സമയവും ജോലിയും അവരെക്കൊണ്ട് അവധി എടുപ്പിക്കാനും ഓഫിസ് ജോലിയിൽ പിന്നോക്കം പോകാനും ഇടവരുത്തി. ഇനി ആ പ്രശ്നമില്ല. വീട്ടിലിരുന്നു തന്നെ ജോലി ചെയ്യാം.
∙ ഭിന്നശേഷിക്കാർക്ക് അവഗണനയില്ല
ഓഫിസിൽ നേരിട്ടു വരുന്ന സ്ഥിതിയിൽ ഭിന്നശേഷിക്കാർക്ക് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അംഗവൈകല്യം യാത്രകൾക്കും ദീർഖനേരം ഇരിക്കുന്നതിനും മറ്റും തടസമായി. വീട്ടിൽ ഇരിക്കാമെന്നു വന്നതോടെ ഇനി അവരുടെ മസ്തിഷ്ക്കം മാത്രം നന്നായി പ്രവർത്തിച്ചാൽ മതി. ശാരീരിക പ്രശ്നങ്ങൾ ജോലിയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിൽ നിന്ന് അവരെ അകറ്റുന്നില്ല. ഐടിയിൽ മാത്രമല്ല അഭിഭാഷകവൃത്തി പോലുള്ളവയിലും ഭിന്നശേഷിക്കാർക്ക് വീട്ടിലിരുന്ന് പരിമിതികളെ മറികടക്കാൻ കഴിയുന്നു.
∙ ഡൗൺസൈഡ്
എന്നാൽ കോവിഡ്കാലത്തെ വീട്ടിലിരുപ്പിൽ ചില പ്രശ്നങ്ങളും ഉണ്ടെന്നു വി.കെ.മാത്യൂസ് ചൂണ്ടിക്കാട്ടി. പലപ്പോഴും ഇടപാടുകാരുടെ ഡേറ്റ ചോരാത്തവിധത്തിൽ സുരക്ഷ നൽകാൻ വീട്ടിൽ സാധിക്കണമെന്നില്ല. കമ്പനിയിൽ നിന്നു മാത്രം ജോലി ചെയ്യുമ്പോൾ സുരക്ഷാ പ്രശ്നമില്ല. ടെക്കിയുടെ വീട്ടിലിരിക്കുന്ന ലാപ്ടോപിലേക്ക് ഡേറ്റ വരുന്നത് ചോരുമോ എന്ന ആശങ്ക ഉണർത്തുന്നതാണ്. ഇന്റലക്വച്വൽ പ്രോപ്പർട്ടി (ബൗദ്ധിക സ്വത്ത്) സംരക്ഷിക്കൽ വെല്ലുവിളിയായി.
വീട്ടിൽ പലപ്പോഴും കുട്ടികളുടെ സാന്നിദ്ധ്യവും മറ്റും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു തടസമായിരുന്നു. ഓഫിസിലെ സാമൂഹിക ജീവിതം നഷ്ടമാവുകയും ചെയ്തു. വൈകിട്ട് ജോലി വിട്ട് വീട്ടിലേക്കു വരുന്ന ശീലം മാറി രാത്രിയും ജോലിയിൽ മുഴുകുന്ന സ്ഥിതിയായി. ഇതൊക്കെയാണെങ്കിലും ടെക്കികളുടെ സംഭാവന വർധിക്കുകയേ ചെയ്തിട്ടുള്ളു.
∙ അപ്രൈസൽ
ടെക്കികളുടെ പ്രകടനം വിലയിരുത്തുന്നത് മാനേജർ നേരിട്ടായിരുന്നു നേരത്തേ. മാനേജരുടെ കൺമുന്നിലാണു ജോലികൾ നടക്കുന്നത്. റിമോട്ട് ജോലിവന്നപ്പോൾ ഓരോരുത്തർക്കും അന്നന്നത്തെ ജോലിയും ലക്ഷ്യങ്ങളും നിശ്ചയിച്ചു നൽകുകയും അതു നേടുന്നുണ്ടോ എന്നു നിരീക്ഷിക്കുകയും വേണമെന്നായി. ടാസ്ക്, ഔട്ട്കം എന്നിവ പ്രധാനമായെന്ന് വി.കെ.മാത്യൂസ് ചൂണ്ടിക്കാട്ടി. അതനുസരിച്ചാണു പ്രകടനം വിലയിരുത്തുന്നതും ശമ്പള വർധനയും പ്രമോഷനും നൽകുന്നതും.
ഐബിഎസ് ഇന്ന് 3500–4000 ജീവനക്കാരുള്ള ഹോം ഗ്രോൺ കമ്പനിയാണ്. കേരളത്തിന്റെ സ്വന്തം ടെക്നോളജി കമ്പനി. വിമാന യാത്രക്കാരുടേയും ചരക്കിന്റേയും എണ്ണം എത്രയായാലും ഐബിഎസിന്റെ സോഫ്റ്റ്‌വെയർ ഉത്പന്നം ഉപയോഗിച്ചേ പറ്റൂ. വിമാനക്കമ്പനി എത്ര വിമാനം പറത്തുന്നുവെന്നതും എത്ര യാത്രക്കാരെ കൊണ്ടു പോകുന്നുവെന്നതും ഐബിഎസിന്റെ ബിസിനസുമായി ബന്ധമില്ല. ഒന്നോ രണ്ടോ വിമാനമേ ഉള്ളുവെങ്കിൽ പോലും സോഫ്റ്റ്‌വെയർ ഇല്ലാതെ പറ്റില്ലല്ലോ– അവിടെയാണ് കോവിഡാനന്തര ഭാവി ശുഭോദാർക്കമാവുന്നതെന്ന് മാത്യൂസ് പറഞ്ഞു.