ഓഗസ്റ്റിൽ 20 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ് റിപ്പോർട്ട്. അതേസമയം, ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് 420 പരാതികളാണ് ലഭിച്ചതെന്നും വാട്സാപ് അറിയിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് 31 ദിവസത്തിനിടെ 20,70,000 ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ് അറിയിച്ചത്. +91 ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്നും റിപ്പോർട്ടിലുണ്ട്.
95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബൾക്ക് മെസേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ് പ്രസ്താവിച്ചിരുന്നു. വാട്സാപ് പ്ലാറ്റ്ഫോമിലെ ദുരുപയോഗം തടയാൻ നിരോധിക്കുന്ന ആഗോള ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം ഏകദേശം 80 ലക്ഷം അക്കൗണ്ടുകളാണ്.
ഓഗസ്റ്റിൽ അക്കൗണ്ട് സപ്പോർട്ട് (105), നിരോധന അപ്പീൽ (222), മറ്റ് പിന്തുണ (34), പ്രോഡക്ട് സപ്പോർട്ട് (42), സുരക്ഷ (17) എന്നിവയിലുടനീളം 420 ഉപയോക്തൃ റിപ്പോർട്ടുകൾ ലഭിച്ചതായാണ് വാട്സാപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. ലഭിച്ച പരാതികൾ പ്രകാരം ഇക്കാലയളവിൽ 41 അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തു.
ജൂൺ 16 നും ജൂലൈ 31 നും ഇടയിൽ 30 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകളും വാട്സാപ് നിരോധിച്ചിരുന്നു. ഈ സമയത്ത് 594 പരാതികളും ലഭിച്ചു. രാജ്യത്ത് മേയ് 26 മുതലാണ് പുതിയ ഐടി നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഇതുപ്രകാരം വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ (5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള) എല്ലാ മാസവും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം.