മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 11 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കള്‍. എന്നാല്‍ ഈ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് ചില ഹാക്കർമാർ. വിന്‍ഡോസ് 11 ഉമായി ബന്ധപ്പെട്ട് ഒരു മാല്‍വെയര്‍ പുറത്തിറങ്ങിയിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ അനോമലിയിലെ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു മൈക്രോസോഫ്റ്റ് വേഡ് ഡോക്യുമെന്റിലൂടെയാണ് മാല്‍വെയര്‍ പ്രചരിപ്പിക്കുന്നത്. ഉപകരണങ്ങളില്‍ അപകടകരമായ കോഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹാക്കര്‍മാരെ സഹായിക്കുന്ന ജാവാ സ്‌ക്രിപ്റ്റ് കൂടി ചേര്‍ത്തതാണ് ഈ ഫയല്‍. ഇത്തരത്തില്‍ ആറ് വേർഡ് ഡോക്യുമെന്റുകള്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. 

ഈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ സൈബര്‍ കുറ്റവാളി സംഘമായ ഫിന്‍7 (FIN7) ആണെന്നാണ് കരുതുന്നത്. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള സംഘമാണിത്. അന്താരാഷ്ട്ര സ്ഥാപനങ്ങളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ചും അമേരിക്കന്‍ സ്ഥാപനങ്ങള്‍. പലപ്പോഴായി നടത്തിയിട്ടുള്ള സൈബര്‍ ആക്രമണങ്ങളിലൂടെ 100 കോടിയിലേറെ ഡോളറിന്റെ നഷ്ടം ഇവര്‍ ഇത്തരം കമ്പനികള്‍ക്കുണ്ടാക്കിയിട്ടുണ്ട്. 

പുതിയ വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ച് കാര്യമായ അറിവില്ലാത്തവരെയാണ് ഈ സൈബറാക്രമണം ലക്ഷ്യമിടുന്നത്. ഏത് രീതിയിലാണ് ഇത് പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായിട്ടില്ല. ഇമെയില്‍ വഴിയാണ് അപകടകരമായ വേർഡ് ഫയലുകള്‍ പ്രചരിപ്പിക്കുന്നത് എന്നാണ് അനോമലിയുടെ അനുമാനം. 

വേഡ് ഡോക്യുമെന്റ് വിന്‍ഡോസ് 11 ആല്‍ഫയില്‍ നിര്‍മിച്ചതാണെന്നും ഈ ഫയല്‍ സുരക്ഷിതമായി തുറക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക എന്നും നിര്‍ദേശിക്കും. ഈ ഫയല്‍ കാണാന്‍ Enable Editing ക്ലിക്ക് ചെയ്യാനും ശേഷം Enable Content ക്ലിക്ക് ചെയ്യാനുമാണ് നിര്‍ദേശം. 

ഈ നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ വേഡ് ഡോക്യുമെന്റില്‍ ഹാക്കര്‍മാര്‍ ഒളിച്ചുവെച്ച ജാവാ സ്‌ക്രിപ്റ്റ് ബാക്ക്‌ഡോര്‍ ആക്റ്റിവേറ്റ് ആവും. ഇതോടെ ഹാക്കര്‍മാര്‍ക്ക് കംപ്യൂട്ടറില്‍ നുഴഞ്ഞുകയറാനും സാധിക്കും. ഉപയോക്താവിന്റെ സാമ്പത്തിക നഷ്ടത്തിനിടയാക്കുന്ന വിവരങ്ങളായിരിക്കും ഇവരുടെ ലക്ഷ്യം.

ഒക്ടോബര്‍ അഞ്ചിനാണ് വിന്‍ഡോസ് 11 പുറത്തിറക്കുന്നത്. നിലവില്‍ വിന്‍ഡോസ് ഇന്‍സൈഡര്‍ പ്രോഗ്രാം അംഗങ്ങള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും ബീറ്റാ ടെസ്റ്റര്‍മാര്‍ക്കും മാത്രമാണ് വിന്‍ഡോസ് 11 ഓഎസ് ലഭ്യമായിട്ടുള്ളത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *