ദശലക്ഷക്കണക്കിന് ക്രിയേറ്റര്‍മാര്‍ക്ക് പണമുണ്ടാക്കാൻ മാര്‍ഗമൊരുക്കുകയാണ് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമുമെന്ന് കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഇതിനായി അടുത്ത ഒന്നര വര്‍ഷത്തേക്ക് കമ്പനി മാറ്റിവച്ചിരിക്കുന്നത് 100 കോടി ഡോളറാണ് (ഏകദേശം 7478.25 കോടി രൂപ). ഇത്തരത്തില്‍ പണം നല്‍കുന്നത് പുതിയ കാര്യമൊന്നുമല്ലെന്നും, ഒന്നര വര്‍ഷത്തിനു ശേഷം കൂടുതല്‍ പണമിറക്കുമെന്നുമാണ് സക്കര്‍ബര്‍ഗ് പറഞ്ഞിരിക്കുന്നത്. 

∙ വെബ് വഴി സ്വയം തൊഴില്‍ കണ്ടെത്തല്‍

യൂട്യൂബില്‍ നിന്ന് പണമുണ്ടാക്കുന്നവരുടെ എണ്ണം ഇന്ത്യയിലും വര്‍ധിക്കുകയാണ്. വിദേശത്താണെങ്കില്‍ ടിക്‌ടോക്കും തങ്ങളുടെ ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കുന്നുണ്ട്. കണ്ടെന്റ് ക്രിയേറ്റര്‍മാരെ പിടിച്ചുനിർത്താൻ ഇതേ വഴി സ്വീകരിക്കുകയാണ് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും. ഇതിനായി 2022 അവസാനിക്കുന്നതിനു മുൻപ് ലോകമെമ്പാടുമുള്ള, ഫെയ്‌സ്ബുക്കോ ഇന്‍സ്റ്റഗ്രാമോ വഴി കണ്ടെന്റ് പോസ്റ്റു ചെയ്യുന്നവര്‍ക്ക് നല്‍കാനായി 100 കോടി ഡോളറാണ് മാറ്റിവച്ചിരിക്കുന്നത്. പണം നല്‍കുന്നത് പല രീതികളിലായിരിക്കും. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന വിഡിയോയ്‌ക്കൊപ്പം പരസ്യം കാണിക്കാന്‍ തയാറാകുന്നവര്‍ക്ക് ബോണസായും പണം ലഭിച്ചേക്കും. 

ഫെയ്‌സ്ബുക് വഴി ലൈവ് സ്ട്രീം ചെയ്യുന്നവര്‍ ചില നേട്ടങ്ങള്‍ ഉണ്ടാക്കിയാല്‍ (ഫെയ്‌സ്ബുക്കിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മൈല്‍സ്റ്റോണ്‍സ് കൈവരിച്ചാല്‍) അവര്‍ക്കും പണം ലഭിച്ചേക്കും. ആര്‍ട്ടിസ്റ്റുകള്‍, സ്റ്റൈല്‍ വിദഗ്ധർ, വിനോദ വ്യവസായത്തിലേക്ക് കടന്നുവരുന്നവർ മുതല്‍ വിവിധ രീതിയില്‍ സര്‍ഗാത്മകത പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെല്ലാം പരീക്ഷിക്കാവുന്നതാണ് പുതിയ പദ്ധതി. തങ്ങളുടെ ‘ലൈവ് ഓഡിയോ റൂംസ്’, ‘ബുള്ളറ്റിന്‍’ തുടങ്ങിയ ടൂളുകളും, വരുമാനമുണ്ടാക്കാനുള്ള പ്രൊഡക്ടുകളായ ‘സ്റ്റാര്‍സ്’, ‘അഫിലിയേറ്റ്’ തുടങ്ങിയ ഉൽപന്നങ്ങളും ഉപയോഗിക്കുന്ന ക്രിയേറ്റര്‍മാര്‍ക്കാണ് പണം നല്‍കാന്‍ ഉദ്ദേശിക്കുന്നത്. തങ്ങളുടെ ഉപയോക്താക്കൾ ഇഷ്ടപ്പെടുന്ന ഉള്ളടക്കം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ഉദ്ദേശമുണ്ടെന്നും കമ്പനി പറയുന്നു. 

ഫെയ്സ്ബുക് വഴി പണമുണ്ടാക്കാനുള്ള ടൂളുകള്‍ ഉപയോഗിക്കുന്നവര്‍ക്കും സഹായം ലഭിച്ചേക്കും. കൂടാതെ, തുടങ്ങാന്‍ പണമില്ലാതെ മാറ്റിവച്ചിരിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാനായി സഹായം നല്‍കുമെന്നും (seed funding) കമ്പനി അറിയിക്കുന്നു. തങ്ങളുടെ ലക്ഷ്യം പരമാവധി കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് സ്ഥിരവരുമാനം ലഭിക്കാനും, അത് ദീര്‍ഘകാലം നിലനിര്‍ത്താനും സഹായിക്കലായിരിക്കുമെന്നും ഫെയ്‌സ്ബുക് പറയുന്നു.

ഇതു കൂടാതെ, ആളുകള്‍ ആസ്വദിക്കുന്ന മികച്ച പ്രാദേശിക ഉള്ളടക്കം ഫെയ്‌സ്ബുക് വഴി കാണിക്കുന്നവര്‍ക്ക്  പാരിതോഷികങ്ങള്‍ നല്‍കും. ഇവയെ ബോണസ് പ്രോഗ്രാംസ് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബോണസ് പ്രോഗ്രാമുകള്‍ ചില സീസണുകളില്‍ മാത്രമായിരിക്കും ഉണ്ടാകുക. ഇതിനുള്ള ക്ഷണം കമ്പനി തിരഞ്ഞെടുത്ത ക്രിയേറ്റര്‍മാര്‍ക്ക് നല്‍കിത്തുടങ്ങി. ഇന്‍സ്റ്റഗ്രാമിലെ ‘ബാഡ്ജസ് ആന്‍ഡ് സ്റ്റാര്‍സ് ചലഞ്ചെസ്’ വിഭാഗത്തില്‍ ബോണസ് ലഭിക്കാന്‍ മാത്രമായി ഒരു സെക്ഷന്‍ തുടങ്ങും. തുടര്‍ന്ന് ഫെയ്‌സ്ബുക്കിലും ഇതു ലഭ്യമാകും. ഇവിടെ എത്തിയാല്‍ ക്രിയേറ്റര്‍മാര്‍ക്ക് എന്തെല്ലാം തരത്തിലുള്ള ബോണസാണ് ലഭിക്കാന്‍ സാധ്യതയുള്ളതെന്ന് മനസ്സിലാക്കാം.

Facebook | Instagram | Whatsapp | Social Media Logos (Photo by Lionel BONAVENTURE / AFP)

∙ ഇപ്പോള്‍ ലഭ്യമായ ബോണസുകള്‍

അടുത്ത നാലു മാസത്തേക്ക് ഇന്‍സ്ട്രീം ആഡുകള്‍ (https://bit.ly/2Tkaq3l) ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത വിഡിയോ ക്രിയേറ്റര്‍മാര്‍ക്ക് ബോണസിന് അര്‍ഹതയുണ്ടായിരിക്കും. സ്റ്റാര്‍സ് (https://bit.ly/3y1qbeJ) ചലഞ്ചസ് ഉപയോഗിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ പ്രതിമാസ ബോണസ് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. ഇന്‍സ്റ്റഗ്രാമിലും ബോണസ് ഉണ്ട്. പക്ഷേ ഇത് ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായിരിക്കും ലഭിക്കുക. ഐജിടിവി പരസ്യങ്ങള്‍ക്കായി സൈന്‍-അപ് ചെയ്യുന്നവരെ പരിഗണിക്കും. ‘ദി ബാഡ്ജസ് ഇന്‍ ലൈവ് ബോണസ്’ വിഭാഗത്തില്‍ 11 രാജ്യങ്ങളില്‍ നിന്നുള്ളവരെ പരിഗണിക്കും.

റീല്‍സ് സമ്മര്‍ ബോണസാണ് മറ്റൊന്ന്. ഇത് അമേരിക്കയില്‍ നിന്നുള്ള ക്രിയേറ്റര്‍മാര്‍ക്കു മാത്രമാണ് ഇപ്പോള്‍ നല്‍കുക. അതേസമയം, കൂടുതല്‍ ബോണസ് പ്രോഗ്രാമുകള്‍ വര്‍ഷാവസാനത്തോടെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനി അവതരിപ്പിച്ചിരിക്കുന്ന മോണിട്ടൈസേഷന്‍ ടൂളില്‍ (https://www.facebook.com/creators/tools/mta) കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. 

∙ ഇതുകൊണ്ട് ഫെയ്‌സ്ബുക് എന്താണ് ഉദ്ദേശിക്കുന്നത്?

ഫെയ്‌സ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും സ്ട്രീമിങ് മാധ്യമമാക്കി മാറ്റാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കമ്പനിക്ക് ധാരാളം കണ്ടെന്റും ട്രാഫിക്കും ലഭിക്കുകയും ചെയ്യും. കൂടാതെ, കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ ഒരു ഉൽപന്നെത്തെയാണ് പരിചയപ്പെടുത്തുന്നതെങ്കില്‍ അത് ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം വഴി വാങ്ങാനുള്ള അവസരമൊരുക്കിയേക്കും. ഇതിലൂടെ കമ്പനിക്ക് കമ്മിഷന്‍ ലഭിച്ചേക്കും.

kevin-instagram

∙ ഈ ആഴ്ച ഇന്ത്യയിലെത്തുന്ന പ്രധാന ഗാജറ്റ്‌സ്

ഈ ആഴ്ച ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമെന്നു കരുതുന്ന പ്രധാന ഉൽപന്നങ്ങളാണ് വണ്‍പ്ലസ് നോര്‍ഡ് 2 5ജി, പോക്കൊ എഫ്3 ജിടി എന്നിവ. 

∙ വണ്‍പ്ലസ് നോര്‍ഡ് 2 5ജി

വണ്‍പ്ലസ് നോര്‍ഡിന്റെ പുതിയ വേര്‍ഷനായ നോര്‍ഡ് 2 5ജി ജൂലൈ 22ന് അവതരിപ്പിക്കുമെന്ന് കരുതുന്നു. മീഡിയാടെക് ഡിമെന്‍സിറ്റി 1200-എഐ ആയിരിക്കും പ്രോസസര്‍ എന്നാണ് കരുതുന്നത്. എഐ കേന്ദ്രീകൃത ഫീച്ചറുകളായിരിക്കും പ്രധാന മികവുകളിലൊന്ന്.

∙ വണ്‍പ്ലസ് ബഡ്‌സ് പ്രോ

നോര്‍ഡ് 2നൊപ്പം കമ്പനി ഇറക്കുമെന്നു കരുതുന്ന മറ്റൊരു ഉപകരണമാണ് ടിഡബ്ലൂഎസ് ഇയര്‍ബഡ്‌സ്. അഡാപ്റ്റീവ് നോയിസ് ക്യാന്‍സലേഷന്‍, മൂന്നു മൈക്രോഫോണുകള്‍ എന്നിവയായിരിക്കും ഇതിന്റെ സവിശേഷതകള്‍. 

∙ പോക്കൊ എഫ് 3 ജിടി

ജൂലൈ 23നാണ് ഷഓമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ പ്രധാന മോഡല്‍ അവതരിപ്പിക്കുമെന്ന് കരുതുന്നത്. നിലവില്‍ പോക്കൊ എക്‌സ്, എം, സി സീരീസുകളിലുള്ള ഫോണുകളാണ് വില്‍ക്കുന്നത്. കമ്പനി 2018ല്‍ അവതരിപ്പിച്ചതായിരുന്നു എഫ് സീരീസ്. പോക്കൊ എഫ്1നെ തുടര്‍ന്ന് ഈ ശ്രേണിയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചിരുന്നില്ല. പോക്കൊയുടെ ഏറ്റവും മികച്ച ഫോണുകളായിരിക്കും എഫ് ശ്രേണിയില്‍ ലഭിക്കുക. മീഡിയടെക് ഡിമെന്‍സിറ്റി 1200 ചിപ്പായിരിക്കും പ്രോസസര്‍ എന്നു കരുതുന്നു. 

ഇവ കൂടാതെ, റിയല്‍മി വാച്ച് 2 പ്രോ, റിയല്‍മി ബഡ്‌സ് വയര്‍ലെസ്, റിയല്‍മി വാച്ച് 2, റിയല്‍മി ബഡ്‌സ് വയര്‍ലെസ് 2 നിയോ, റിയല്‍മി ബഡ്‌സ് ക്യൂ1 നിയോ, സാംസങ് ഗ്യാലക്‌സി എം21 2021 എഡിഷന്‍, റെഡ്മി നോട്ട് 10 5ജി തുടങ്ങിയ ഉപകരണങ്ങളും അവതരിപ്പിച്ചേക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *