കൊച്ചി: കോവിഡ് മഹാമാരിക്കിടയിലും കൊച്ചി ഇന്‍ഫോപാര്‍ക്കിലെ മൊത്തം ഐടി കയറ്റുമതി 2020 ല്‍ 1,110 കോടിയിലധികം വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം 5200 കോടിയായിരുന്ന എക്‌സ്‌പോര്‍ട്ട് മൂല്യം ഈ കലണ്ടര്‍ വര്‍ഷത്തില്‍ 6310 കോടിയായാണ് ഉയര്‍ന്നത്. അതായത്, 22 ശതമാനം വര്‍ധന. ഇന്‍ഫോപാര്‍ക്കിലെ വിവിധ കാമ്പസുകളിലായി 415 കമ്പനികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഹാമാരിക്കിടയിലും 40 ലധികം കമ്പനികള്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

കൂടാതെ, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുളള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ആറു ലക്ഷം ചതുരശ്ര അടിയിലേറെ വികസനം നടത്തും. ഈ വര്‍ഷം അവസാനത്തോടെ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. കോവിഡ് മഹാമാരിക്കിടയിലും ഐടി മേഖലയില്‍ നിരവധി പുതിയ അവസരങ്ങള്‍ ഉണ്ടായതായി ഇന്‍ഫോപാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. പുറത്ത് ജോലി ചെയ്യുന്ന നിരവധി ഐടി ജീവനക്കാര്‍ കൂടുതലായി കേരളത്തിലേക്ക് മടങ്ങുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തെ സുരക്ഷിതമായ ഒരു ജോലിസ്ഥലമായി അവര്‍ കാണുന്നു, ബെംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ ഐടി കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പകര്‍ച്ചവ്യാധിയുടെ സമയത്ത് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇന്‍ഫോപാര്‍ക്ക് ഒരു മാസ് കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. ഇന്‍ഫോപാര്‍ക്കിലെ ഓഫീസുകളിലെ മിക്കവാറും എല്ലാ ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിച്ചു. നിലവില്‍, ഐടി കമ്പനികള്‍ അവരുടെ ഓഫീസുകളില്‍ പരിമിതമായ എണ്ണം ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്നു, ബാക്കിയുള്ളവ വര്‍ക്ക് ഫ്രം ഹോം മോഡിലാണ് പ്രവര്‍ത്തിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *