ചെന്നൈ: ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതില്‍ ഓണ്‍ലൈന്‍ സ്വകാര്യതയും സൈബര്‍ സുരക്ഷയും നിര്‍ണായക ഘടകങ്ങളായി ഉയര്‍ന്നുവരുന്ന ഒരു ഘട്ടത്തില്‍, മികച്ച ഓണ്‍ലൈന്‍ സൈബര്‍ സുരക്ഷാ ശീലങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 19-ാം സ്ഥാനത്ത്. സര്‍വേയില്‍ പങ്കെടുത്തതില്‍ തുര്‍ക്കിയും ജപ്പാനും മാത്രമാണ് ഇന്ത്യയ്ക്ക് താഴെയുള്ളത്. ആഗോള വിപിഎന്‍ സേവന ദാതാക്കളായ നോര്‍ഡ്വിപിഎന്‍ അടുത്തിടെ നടത്തിയ ദേശീയ സ്വകാര്യതാ ടെസ്റ്റില്‍ 100ല്‍ 51.2 പോയിന്റാണ് (ആഗോളശരാശരിയേക്കാള്‍ 14പോയിന്റ് കുറവ്)ഇന്ത്യ നേടിയത്.
192 രാജ്യങ്ങളില്‍ നിന്നുള്ള 48,063 പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയില്‍, അവരുടെ ഡിജിറ്റല്‍ ശീലങ്ങള്‍, സ്വകാര്യതാ അവബോധം, ഡിജിറ്റല്‍ റിസ്‌ക് ടോളറന്‍സ് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളിലൂടെയാണ് പോയിന്റുകള്‍ കണക്കാക്കിയത്. 71.2 പോയിന്റ് നേടി ജര്‍മ്മനിയാണ് ഒന്നാം സ്ഥാനത്തുള്ളത്. പിന്നാലെ, നെതര്‍ലാന്റ്‌സ് (69.5) , സ്വിറ്റ്‌സര്‍ലന്‍ഡ് (68.9) യുണൈറ്റഡ് സ്റ്റേറ്റ്‌സ് (68.5) എന്നിവയാണുള്ളത്. സോഷ്യല്‍ മീഡിയ ഉപയോഗം പോലെയുള്ളവയില്‍ ഇന്ത്യക്കാര്‍ അശ്രദ്ധരാണെന്നും പഠനത്തില്‍ പറയുന്നു. നെറ്റ്ഫ്‌ളിക്‌സ്, സ്‌പോട്ടിഫൈ പോലെയുള്ള അക്കൗണ്ടുകള്‍ ഇബേയില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ തയ്യാറാണെന്ന് 51.8 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഇത്തരം അക്കൗണ്ടുകള്‍ സാധാരണഗതിയില്‍ മോഷ്ടിക്കപ്പെട്ടവയായിരിക്കാം.
ജര്‍മ്മനിയുടെ 90.2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യക്തിഗത ഡാറ്റ വെളിപ്പെടുത്തല്‍ പോലുള്ള ഭീഷണികള്‍ നേരിടുമ്പോള്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള അവബോധത്തില്‍ ഇന്ത്യക്കാര്‍ 65.2 ശതമാനം നേടി. സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള അവബോധത്തെക്കുറിച്ചുള്ള കാര്യങ്ങളില്‍ ഇന്ത്യ 57.6 ശതമാനം പോയിന്റ് നേടി. ശക്തമായ പാസ്വേഡുകള്‍ എങ്ങനെ സജ്ജീകരിക്കാമെന്നുള്ള ചോദ്യത്തില്‍ 78 ശതമാനം ആണ് ഇന്ത്യ നേടിയ സ്‌കോര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവയ്ക്കാന്‍ പാടില്ലാത്ത വിവരങ്ങളെക്കുറിച്ചുള്ള അവബോധത്തില്‍ ഇന്ത്യക്കാര്‍ നേടിയത് വളരെ കുറഞ്ഞ പോയിന്റായിരുന്നു. വെറും 36 ശതമാനമായിരുന്നു ഇന്ത്യയുടെ പോയിന്റ്.
ആളുകളുടെ ഡിജിറ്റല്‍ ശീലങ്ങളും വിവിധ ആപ്ലിക്കേഷനുകളില്‍ നല്‍കുന്ന അനുമതികളും മനസ്സിലാക്കുന്ന രീതികള്‍, പാസ്വേഡുകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയെല്ലാം അടിസ്ഥാനമാക്കി ആളുകളുടെ സ്വകാര്യത അവബോധം വിലയിരുത്തി. ഫിഷിംഗ് ഇമെയിലുകളോ ഓണ്‍ലൈന്‍ ബ്ലാക്ക്‌മെയിലുകളോ പോലെയുള്ളവയോട് ആളുകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഡിജിറ്റല്‍ റിസ്‌ക് ടോളറന്‍സും വിലയിരുത്തപ്പെട്ടു. ആഗോളതലത്തില്‍ സര്‍വേയില്‍ പോള്‍ ചെയ്തവരില്‍ പകുതിയോളം പേരും ബ്രൗസിംഗ് ഹിസ്റ്ററി ക്ലിയര്‍ ചെയ്യുന്നതിലൂടെ അവ പൂര്‍ണമായും നീക്കം ചെയ്യപ്പെടുമെന്ന് വിശ്വസിച്ചവരാണ്. എന്നാല്‍, വെബ്സൈറ്റുകള്‍ക്കും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും സര്‍ക്കാരുകള്‍ക്കും നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി അത് ക്ലിയര്‍ ചെയ്തതിന് ശേഷവും നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ് യാഥാര്‍ത്ഥ്യം.
