തിരുവനന്തപുരം: സുരക്ഷാ ഭീഷണി ലഘൂകരിക്കാന്‍ കേരളത്തില്‍ ഡ്രോണ്‍ റിസര്‍ച്ച് ലബോറട്ടറി സ്ഥാപിക്കുമെന്ന് സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ അനില്‍ കാന്ത്. അടുത്ത കാലങ്ങളിലായി ഡ്രോണ്‍ കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഡ്രോണ്‍ റിസര്‍ച്ച് ലാബും ഡ്രോണ്‍ ഫോറന്‍സിക് ലാബും ആരംഭിക്കാനാണ് തീരുമാനമെന്ന് ഡിജിപി പറഞ്ഞു.

ഡ്രോണ്‍ വിരുദ്ധ സംവിധാനം വികസിപ്പിക്കാനും കേരള പോലീസ് ആലോചിക്കുന്നുണ്ട്. ഇതിനായി സൈബര്‍ഡോമിലെ സന്നദ്ധ പ്രവര്‍ത്തകരുമായും ഈ മേഖലയിലെ മറ്റ് വിദഗ്ധരുമായും പദ്ധതിയിട്ടിട്ടുള്ളതായി ഓണ്‍ലൈന്‍ പ്രസ് മീറ്റില്‍ അദ്ദേഹം പറഞ്ഞു. കേരള പോലീസിന്റെ സാങ്കേതിക ഗവേഷണ വികസന കേന്ദ്രമാണ് സൈബര്‍ഡോം. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരിഷ്‌കരണങ്ങള്‍ നടത്തും.

കൂടാതെ, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്ന പദ്ധതികളും തയ്യാറാക്കുമെന്നും ഡിജിപി പറഞ്ഞു. സ്ത്രീധന പീഡനം പോലെയുള്ള കുറ്റകൃത്യങ്ങള്‍ അടുത്ത കാലത്തായി വളരെയധികം കൂടിവരുന്നതായി കാണുന്നുണ്ട്. പിങ്ക് പട്രോളിംഗ്, പിങ്ക് സെല്‍ പോലെയുള്ള സംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *