മൈക്രാസോഫ്റ്റിന്റെ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തിലെ ഒരു സിസ്റ്റം ഹാക്കര്‍മാര്‍ അറ്റാക്ക് ചെയ്തതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഇത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്കും കമ്പനി മുന്നറിയിപ്പ് നല്‍കി. നൊബേലിയം എന്ന ഹാക്കര്‍ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്ന് കമ്പനി കണ്ടെത്തിയിട്ടുണ്ട്. ഹാക്കര്‍മാര്‍ അറ്റാക്ക് ചെയ്ത കംപ്യൂട്ടര്‍ വീണ്ടും സുരക്ഷിതമാക്കിയതായും കമ്പനി അറിയിച്ചു. നിലവില്‍ വളരെ ചെറിയ എണ്ണം കസറ്റമേഴ്‌സിനെയാകും ഇത് ബാധിക്കുക. ഹാക്കിംഗ് ബാധിക്കാനിടയുള്ള ഉപയോക്താക്കളെയും കമ്പനി വിവരം അറിയിച്ചിട്ടുണ്ട്.
ബില്ലിംഗ്, കോണ്‍ടാക്ടുകള്‍, ഉപയോഗിക്കുന്ന സര്‍വീസുകള്‍ എന്നിവയെല്ലാമാണ് ഹാക്കര്‍മാര്‍ അറ്റാക്ക് ചെയ്തിട്ടുള്ളത്. ഉപയോക്താക്കളുടെ കഴിഞ്ഞ മാസത്തെ (രണ്ടാം പകുതിയിലെ) വിവരങ്ങള്‍/ രേഖകളാണ് ഇവര്‍ ഹാക്ക് ചെയ്തിട്ടുള്ളത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാക്കിംഗ് ബാധിച്ചിട്ടുള്ള ഉപയോക്താക്കള്‍ക്ക്, അവര്‍ ഉപയോഗിക്കുന്ന യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ മാറ്റുന്നതിനും ബില്ലിംഗ് കോണ്‍ടാക്റ്റുകളുമായുള്ള ആശയവിനിമയത്തെക്കുറിച്ച് ജാഗ്രത പാലിക്കുന്നതിനും മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.
ഹാക്കിംഗ് നടത്തിയ നൊബേലിയം ഗ്രൂപ്പിന്റെ പുതിയ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ഈ ലംഘനം കണ്ടെത്തിയതെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റ് പറഞ്ഞു. ഇവര്‍ ലഷ്യം വയ്ക്കുന്നത് ഐടി കമ്പനികളെയാണ്. ഇതില്‍ സര്‍ക്കാര്‍ ഏജന്‍സികളെയും തുടര്‍ന്ന് ഒരു ചെറിയ ശതമാനം സര്‍ക്കാരിതര ഏജന്‍സികളെയും ധനകാര്യ സേവന സ്ഥാപനങ്ങളെയും തിങ്ക് ടാങ്കുകളെയും (വിദഗ്ധ ആളുകളുടെ ഒരു സംഘം/ ഉപദേശക സംഘം) ലക്ഷ്യമിടുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇതിന് സമാനമായി സോളാള്‍ വിന്‍ഡ് എന്ന ഐടി കമ്പനിയില്‍ ഇതേ ഗ്രൂപ്പ് ഹാക്കിംഗ് നടത്തിയിരുന്നു. അന്നും ഈ ഗ്രൂപ്പ് മൈക്രോസോഫ്ടിനെ ലക്ഷ്യം വച്ചിരുന്നു.