ഇന്റര്‍നെറ്റ് മേഖലയില്‍ മുമ്പെങ്ങും ഇല്ലാതിരുന്ന തരത്തിലുള്ള ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്രമെന്നു സൂചന. സന്ദേശക്കൈമാറ്റവും ഫോണ്‍ കോളുകളും നടത്താവുന്ന ഓവര്‍ ദ ടോപ് (ഒടിടി) സേവനങ്ങള്‍ക്ക് ഇന്ത്യ ലൈസന്‍സ് ഏര്‍പ്പെടുത്തിയേക്കുമെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. കേന്ദ്ര ഐടി മന്ത്രാലയം താമസിക്കാതെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ടെലികമ്യൂണിക്കേഷന്‍സ് ബില്‍ 2022ല്‍ ആണ് പുതിയ മാറ്റങ്ങള്‍ വരിക. ബില്ലിന്റെ കരടു രൂപത്തില്‍ ആണ് ഇത്തരം പരാമര്‍ശം ഉള്ളത്. ടെലികമ്യൂണിക്കേഷന്‍ സര്‍വീസോ, ടെലികമ്യൂണിക്കേഷൻ നെറ്റ്വര്‍ക്കോ നടത്തുന്ന കമ്പനി അതിന് ലൈസന്‍സ് സമ്പാദിച്ചിരിക്കണം എന്നാണ് പറയുന്നത്.
വാട്സാപ്, സൂം ഉപയോഗിക്കുന്നവര്‍ കെവൈസി സമര്‍പ്പിക്കേണ്ടി വന്നേക്കാം
ബിൽ പാസായാൽ ആപ്പുകള്‍ വഴി സന്ദേശങ്ങള്‍ കൈമാറുന്നവരും കോള്‍ നടത്തുന്നവരും ഒക്കെ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) ഫോം സമര്‍പ്പിക്കേണ്ടതായി വന്നേക്കാം. കരടു ബില്‍ പുറത്തുവിടുക വഴി ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനെപ്പറ്റിയുള്ളഅഭിപ്രായം ആരായുകയാണ് കേന്ദ്ര വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് ചെയ്തിരിക്കുന്നത്. ടെലികമ്യൂണിക്കേഷന്‍ എന്ന വിഭാഗത്തിലേക്ക് ഒടിടി പ്ലാറ്റ്ഫോമുകളെ കൂടെ എത്തിക്കാനാണ് സർക്കാർ ശ്രമം. ഇതോടെ വാട്സാപ്, സൂം, ഗൂഗിള്‍ ഡുവോ തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കുന്നവരും പുതിയ നിയമത്തിന്റെ പരിധിയില്‍ വന്നേക്കാം.
ടെലകോം ഓപ്പറേറ്റര്‍മാരുടെ ചിരകാലാഭ്യര്‍ത്ഥന
ടെലകോം കമ്പനികള്‍ വര്‍ഷങ്ങളായി ഉയര്‍ത്തി വന്ന ഒരു പ്രശ്നത്തിനായിരിക്കും ഇതോടെ പരിഹാരമാകുക-തങ്ങള്‍ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു സൂക്ഷിക്കുന്നു. അതേസമയം, ഒരു വിവരവും നല്‍കാതെ വാട്സാപ് പോലെയുളള സംവിധാനങ്ങള്‍ വഴി ഉപയോക്താക്കള്‍ക്ക് യഥേഷ്ടം കോളുകള്‍ നടത്തുകയും സന്ദേശം കൈമാറുകയും ചെയ്യാം. അതിനൊരു മാറ്റം വരുത്തണം എന്നാണ് ടെലോകം കമ്പനികള്‍ ആവശ്യപ്പെട്ടു വന്നത്. ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കള്‍ എന്നതിന്റെ നിര്‍വചനം വിപുലപ്പെടുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ഒടിടി കമ്യൂണിക്കേഷൻ സര്‍വീസസ്, ഇന്റര്‍നെറ്റ്-കേന്ദ്രീകൃത സര്‍വീസസ്, ബ്രോഡ്കാസ്റ്റിങ് സര്‍വീസസ് തുടങ്ങിയവയെല്ലാം പുതിയ ബില്ലിന്റെ പരിധിയില്‍ വന്നേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍.
ആരാണ് കോള്‍ നടത്തുന്നത് എന്ന് അറിയാനുള്ള അവകാശം
തന്നെ ആരാണ് വിളിക്കുന്നത് എന്ന് അറിയാനുള്ള അവകാശം നല്‍കുകയാണ് ഓരോ ആള്‍ക്കും എന്നാണ് മന്ത്രി പറയുന്നത്. കെവൈസി വാങ്ങിക്കുന്നതിനാല്‍ നടത്തുന്ന കോളുകളെക്കുറിച്ചും, സന്ദേശത്തെക്കുറിച്ചും മുമ്പു സാധ്യമായിരുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സർക്കാറിനും അറിയാനായേക്കും. വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിളി നടത്തുന്നുണ്ടെങ്കില്‍ അവയൊക്കെ നിയമത്തിന്റെ പരിധിയില്‍ വരണം എന്നാണ് സർക്കാറിന്റെ നിലപാട്. സാങ്കേതികവിദ്യ മാറിയതോടെ, വോയിസ് കോള്‍, ഡേറ്റാ കോള്‍ എന്ന രീതിയിലുള്ള വിഭജനം അർഥരഹിതമായി എന്നുംപറയുന്നു.
മറ്റൊരു രാജ്യത്തുമില്ലാത്ത നിയമങ്ങള്‍ വരും?
അടുത്ത ഒന്നര രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ കോള്‍-സന്ദേശക്കൈമാറ്റ രീതിക്ക് സമ്പൂര്‍ണ മാറ്റം വരുമെന്ന സൂചനയാണ് മന്ത്രി വൈഷ്ണവ് നല്‍കിയത്. പുനര്‍രൂപീകരണമാണ് സർക്കാറിന്റെ ലക്ഷ്യം. ഡിജിറ്റല്‍ ലോകത്തെ ഇടപാടുകള്‍ക്ക് പരിപൂര്‍ണ്ണമായി നവീകരിച്ച നിയമങ്ങള്‍ കൊണ്ടുവന്നേക്കും. അതേസമയം, ലോകത്ത് വിവിധ രാജ്യങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഇന്ത്യയില്‍ കോപ്പിയടിച്ചു നടപ്പാക്കാനല്ല ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മറിച്ച് ഇന്ത്യ നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് ലോകം നോക്കി പഠിക്കുകയാണ് ചെയ്യേണ്ടത്. അതൊരുവലിയ ലക്ഷ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മറ്റൊരു രാജ്യത്തും ഇല്ലാത്ത തരത്തിലുള്ള നിയമങ്ങള്‍ ഇന്ത്യ നടപ്പിലാക്കിയാല്‍ അത്ഭുതപ്പെടേണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഫ്ളിപ്കാര്‍ട്ടിലും ആമസോണിലും ആദായ വില്‍പ്പന തുടരുന്നു
രാജ്യത്തെ ഏറ്റവും വലിയ ആദായ വില്‍പ്പന ഓണ്‍ലൈന്‍ വില്പ്പനശാലകളായ ഫ്ളിപ്കാര്‍ട്ടിലും ആമസോണിലും പൊടിപൊടിക്കുകയാണ്. ഇലക്ട്രോണിക് ഉപകരണങ്ങളടക്കം എല്ലാത്തരം ഡിവൈസുകളും താരതമ്യേന കുറഞ്ഞ വിലയില്‍ വാങ്ങാമെന്നതാണ് മേളയുടെ സവിശേഷത.
ഐഒഎസ് 16.0.2 പുറത്തിറക്കി
ഐഫോണ്‍ 14 പ്രോ മോഡലുകളുടെ ക്യാമറകള്‍ക്ക് കണ്ടെത്തിയ പ്രശ്നം അടക്കമുള്ളവ പരിഹരിക്കാനായി ഐഒഎസ് 16.0.2 പുറത്തിറക്കി. ഐഫോണ്‍ 10, 10ആര്, 11 തുടങ്ങിയ ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ ചിലര്‍ക്ക് സ്ക്രീനുകളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നു. അതും പുതിയ അപ്ഡേറ്റ് വഴി ശരിയാക്കിയെന്നു പറയുന്നു. അപ്ഡേറ്റിന്റെ സൈസ് 352.7എംബിയാണ് എന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഗെയ്മര്‍മാര്‍ക്ക് ആവേശം വിതറി ജിടിഎ 6 അണിയറയില്‍ ഒരുങ്ങുന്നു
കംപ്യൂട്ടര്‍ ഗെയിമിങ്ങില്‍ ഏറ്റവുമധികം ആരാധകരുള്ള ഗെയിമുകളിലൊന്നാണ് ജിടിഎ. അതിന്റെ ഏറ്റവും പുതിയ വേര്ഷനെക്കുറിച്ചുള്ള കേട്ടുകേള്‍വി മാസങ്ങളായി പ്രചരിച്ചു വരികയായിരുന്നു. എന്നാലിപ്പോള്‍, ജിടിഎ 6 എന്നു പേരിട്ടിരിക്കുന്ന ഗെയിം തങ്ങള്‍ വികസിപ്പിച്ചു വരികയാണെന്ന് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ റോക്സ്റ്റാര്‍ ഗെയിംസ് വെളിപ്പെടുത്തി. ഈ പ്രഖ്യാപനത്തോടെ ഗെയിമിങ് പ്രേമികളുടെ ആവേശം വാനോളം ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍, ഗെയിം പുറത്തിറക്കാന്‍ വളരെ കാലതാമസം എടുത്തേക്കാം എന്നാണ് സൂചന. ഏപ്രില്‍ 2023നും മാര്‍ച്ച് 2024നും ഇടയിലായിരിക്കും പുതിയ ഗെയിം എത്തുക.
വണ്‍പ്ലസ് നോര്‍ഡ് വാച്ച് താമസിയാതെ പുറത്തിറക്കിയേക്കും
ധാരാളം ആരാധകരുള്ള വണ്‍പ്ലസ് കമ്പനി തങ്ങളുടെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് വാച്ച് അധികം താമസിയാതെ പുറത്തിറക്കിയേക്കും. വണ്‍പ്ലസ് നോര്‍ഡ് വാച്ച് എന്നായിരിക്കും അതിന്റെ പേര്. വാച്ചിന് 1.78-ഇഞ്ച് വലുപ്പമുള്ള അമോലെഡ് സ്ക്രീനായിരിക്കാം ഉണ്ടായിരിക്കുക എന്നാണ്വിവരങ്ങള് പുറത്തുവിട്ട മുകുല്‍ ശര്‍മ്മ എന്ന ട്വിറ്റര്‍ യൂസര്‍ പറയുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളുമായും, ഐഓഎസ് ഫോണുകളുമായും ബന്ധപ്പെടുത്തി ഉപയോഗിക്കാവുന്ന വാച്ചിന് 10 ദിവസം വരെ ബാറ്ററി ലൈഫ് ലഭിച്ചേക്കാം.
ആന്‍ഡ്രോയിഡ് 13 മുതല്‍ ഫോണ്‍ നിർമാതാക്കള്‍ക്ക് പുതിയ നിബന്ധന വന്നേക്കും
തങ്ങളുടെ ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിച്ച് ഫോണ്ഡ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് പുതിയ നിബന്ധന നല്കാന് ഒരുങ്ങുകയാണ് ഗൂഗിള്‍ എന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് 13 മുതല്‍ ആയിരിക്കും പുതിയ നിബന്ധന നിലവില്‍ വരിക. ഗൂഗിള്‍ ആന്‍ഡ്രോയിഡ് 7ല്‍ അവതരിപ്പിച്ചതാണ് സീംലെസ്അപ്ഡേറ്റ് ഫീച്ചര്‍. അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് ഉപയോക്താവിന് ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം. പല കമ്പനികളും ഇത് ഇല്ലാതെയാണ് ഇപ്പോള്‍ ഫോണ്‍ ഇറക്കുന്നത്. എന്നാല്‍, ആന്‍ഡ്രോയിഡ് 13ല്‍ ഇത് നിര്‍ബന്ധമായും വേണം എന്നായിരിക്കും ഗൂഗിളിന്റെനിലപാട്. ചുരുക്കിപ്പറഞ്ഞാല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ ഇനി പുറത്തിറക്കാന്‍ പോകുന്ന ഉപകരണങ്ങളുടെ ഹാര്‍ഡ് ഡ്രൈവുകളില്‍ വെര്‍ച്വലായി എ/ബി വിഭജനം കൊണ്ടുവരണം.