ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് തുടക്കമിടും. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനത്തിന് മുമ്പായി സെപ്റ്റംബര്‍ 29 ന് തന്നെ പ്രധാനമന്ത്രി 5ജിയ്ക്ക് തുടക്കമിടുമെന്ന് ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
5ജി സേവനങ്ങള്‍ വിന്യസിക്കുന്നതിന് ടെലികോം സേവനദാതാക്കള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ സേവനം പ്രഖ്യാപിക്കുന്നത് മാറ്റേണ്ടി വന്നുവെന്ന് ഇതുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെയാണ് പരിപാടി നടക്കുക. അങ്ങനെയെങ്കില്‍ ഒക്ടോബര്‍ ഒന്നിന് പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ തന്നെ 5ജി പ്രഖ്യാപനം ഉണ്ടായേക്കും. ദീപാവലിയോടെ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. സമീപദിവസങ്ങളില്‍ തന്നെ ഭാരതി എയര്‍ടെലും 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും