വ്യാജ അക്കൗണ്ടുണ്ടാക്കി ഫെയ്സ്ബുക്കിലൂടെ പണം തട്ടാനുള്ള ശ്രമം വ്യാപകമായി നടക്കുന്നു. സ്വകാര്യ വ്യക്തികളുടെ യഥാര്‍ത്ഥ ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍നിന്നും പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവും എടുത്ത് അതേ മാതൃകയില്‍ സമാനമായ പേര് നല്കി പുതിയ അക്കൗണ്ട് നിര്‍മിക്കുകയാണ് തട്ടിപ്പുകാര്‍. ശേഷം യഥാര്‍ത്ഥ അക്കൗണ്ട് ഉടമയുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ട് പണം കടം ചോദിക്കുകയാണ് ചെയ്യുന്നത്.
ഏറെ നാളുകളായി ഈ രീതിയിലുള്ള തട്ടിപ്പുകള്‍ ഫെയ്സ്ബുക്കില്‍ നടക്കുന്നുണ്ട്. ആശുപത്രിയിലാണ്, അത്യാവശ്യമാണ് എന്നെല്ലാമുള്ള അടിയന്തിര കാരണങ്ങള്‍ പറഞ്ഞാണ് ഇത്തരക്കാര്‍ കടം ചോദിക്കുന്നത്. സുഹൃത്തല്ലേ എന്ന് കരുതി ചിലര്‍ പണം അയച്ചുകൊടുത്ത് കെണിയിലാവുന്നുണ്ട്.
പ്രമുഖരെന്നും സാധാരണക്കാരെന്നും വ്യത്യാസമില്ലാതെയാണ് ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകളുടെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പുകാര്‍ വ്യാജ അക്കൗണ്ട് നിര്‍മിക്കുന്നത്. 2021-ല്‍ എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘത്തെ ഉത്തര്‍പ്രദേശില്‍ നിന്ന് കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞമാസം കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കലിന്റെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നു.
പണം അയക്കാന്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള സേവനങ്ങളുടെ ഐഡിയും ഫോണ്‍ നമ്പറുമാണ് നല്‍കുക. ഒരു വര്‍ഷം മുമ്പ് കോഴിക്കോട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവറുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അയാളുടെ സുഹൃത്തില്‍നിന്നു പണം തട്ടാനുള്ള ശ്രമം നടന്നു. പരിമിതമായ വിദ്യാഭ്യാസവും ഇംഗ്ലീഷ് പരിജ്ഞാനം അത്രയേറെയില്ലാത്ത ഓട്ടോകാരനായ സുഹൃത്ത് ഒഴുക്കുള്ള ഇംഗ്ലീഷില്‍ പണം കടം ചോദിച്ചത് കണ്ട് സംശയം തോന്നിയ സുഹൃത്ത് അയാളെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്.
നിരവധി ഉപഭോക്താക്കള്‍ തങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ട് പ്രചരിക്കുന്നതായി അറിയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് വഴി സുഹൃത്തുക്കളായ ആരെങ്കിലും കടം ചോദിച്ചാല്‍ അയാളെ നേരിട്ട് ബന്ധപ്പെട്ട് കാര്യ വിവരങ്ങള്‍ തിരക്കിയതിന് ശേഷം മാത്രം പണം കൈമാറുക. അല്ലെങ്കില്‍ ഈ തട്ടിപ്പിന് ഇരയായേക്കും.