സൂപ്പര്‍ എന്ന പേരില്‍ പുതിയ ലൈവ് സ്ട്രീമിങ് സേവനം പരീക്ഷിച്ച് ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ. ട്വിച്ച് (Twitch) പ്ലാറ്റ്‌ഫോമിന് സമാനമായ ലൈവ് സ്ട്രീമിങ് പ്ലാറ്റ് ഫോം ആണിത്. ഈ പ്ലാറ്റ്‌ഫോം പരീക്ഷിക്കുന്നതിനായി മെറ്റ വിവിധ ഇന്‍ഫ്‌ളുവന്‍സര്‍മാരെ സമീപിച്ചുവെന്നാണ് വിവരം.

ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ഇതില്‍ സൈന്‍ ഇന്‍ ചെയ്യാം. ഇതിനകം നൂറോളം ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ മാത്രമാണ് സൂപ്പര്‍ ഉപയോഗിച്ച് നോക്കിയിട്ടുള്ളത്. നിലവില്‍ വീഡിയോ സ്ട്രീമിങ് സേവനമായ ടിക് ടോക്ക് ലൈവിലേക്ക് മാത്രമേ ഇതുപയോഗിച്ച് ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കൂ.

സൂപ്പറിന്റെ വെബ്‌സൈറ്റ് ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാണ്. വെബ്‌സൈറ്റിന്റെ താഴെയായി ഈ സേവനം നല്‍കുന്നത് മെറ്റയുടെ എന്‍പിഇ ടീം ആണെന്ന് കാണിക്കുന്നുണ്ട്. മെറ്റയുടെ പുതിയ ആപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യുന്ന മെറ്റയുടെ ഡെവലപ്പര്‍ സംഘമാണ് എന്‍പിഇ. കൂടുതല്‍ വിവരങ്ങളൊന്നും ഇതില്‍ ലഭ്യമല്ല.

മുമ്പും സൂപ്പര്‍ വാര്‍ത്തകൡ ഇടം പിടിച്ചിരുന്നു. അന്ന് പക്ഷെ ഫെയ്‌സ്‌ടൈമിന് സമാനമായ വീഡിയോ കോളിങ് പ്ലാറ്റ്‌ഫോം എന്ന പേരിലായിരുന്നു ഇത് അന്ന് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ട്വിച്ചിന് സമാനമായ ഫീച്ചറുകളുമായാണ് സൂപ്പര്‍ ഇപ്പോള്‍ എത്തുന്നത്. ട്വിച്ചിന് സമാനമായ ലൈവ് സ്ട്രീമിങിലുടെ പണം സമ്പാദിക്കാന്‍ സൂപ്പറിലൂടെ ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കും.

ഇതിലെ രസകരമായ ഒരു കാര്യം, മെറ്റയുടെ തന്നെ ഇന്‍സ്റ്റാഗ്രാമുമായോ ഫെയ്‌സ്ബുക്കുമായോ സൂപ്പര്‍ പ്ലാറ്റ്‌ഫോമിനെ ബന്ധിപ്പിച്ചിട്ടില്ല. കമ്പനിയുടെ തന്നെ പ്രധാന എതിരാളിയായ ടിക് ടോക്കിലേക്കുള്ള ലൈവ് സ്ട്രീമിങ് മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് മാത്രമേ ഇതില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

സൂപ്പര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇതിന്റെ അന്തിമ രൂപവും ഫീച്ചറുകളും എന്തൊക്കെയാണെന്ന് ഇപ്പോള്‍ പറാനാവില്ല. നിലവില്‍ തിരഞ്ഞെടുത്ത ക്രിയേറ്റര്‍മാര്‍ക്ക് അക്കൗണ്ട് നിര്‍മിക്കാനും പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നോക്കാനും സാധിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *