സ്വകാര്യത സംരക്ഷിക്കുന്ന ബ്രൗസര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡക്ക് ഡക്ക് ഗോ (ഡിഡിജെ) ബ്രൗസര്‍ അടുത്തിടെ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഉപഭോക്താക്കള്‍ തിരയുന്നത് എന്തെല്ലാമാണെന്ന് മനസിലാക്കി തേഡ് പാര്‍ട്ടി വെബ്സൈറ്റുകളേയും പരസ്യദാതാക്കളേയും മറ്റ് സേവനങ്ങളേയും ടാര്‍ഗറ്റഡ് പരസ്യ, ഉള്ളടക്ക വിതരണത്തിന് സഹായിക്കുന്ന പരിപാടി തങ്ങള്‍ ചെയ്യില്ലെന്ന് വാഗ്ദാനം നല്‍കിയ ഡക്ക് ഡക്ക് ഗോ ബ്രൗസര്‍ ആ വാക്ക് തെറ്റിച്ചുവെന്നും മൈക്രോസോഫ്റ്റിന്റെ ചില സേവനങ്ങള്‍ക്ക് ഡക്ക് ഡക്ക് ഗോ ബ്രൗസറില്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്നതിന് ഇളവ് നല്‍കുന്നുണ്ടെന്നുമുള്ള വിവരം പുറത്തുവന്നതോടെയാണ് ബ്രൗസറിനെതിരെ എതിര്‍പ്പുയര്‍ന്നത്.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് കമ്പനി. ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന മൈക്രോസോഫ്റ്റിന്റെ ട്രാക്കിങ് സ്‌ക്രിപ്റ്റുകള്‍ തേഡ് പാര്‍ട്ടി വെബ്‌സൈറ്റുകളില്‍ ലോഡ് ആവുന്നത് ഡക്ക് ഡക്ക് ഗോ തടഞ്ഞു.

വെബ്‌സൈറ്റുകളില്‍ സാധാരണ മറ്റ് കമ്പനികളില്‍ നിന്നുള്ള സ്‌ക്രിപ്റ്റുകള്‍ ഉണ്ടാവാറുണ്ട്. തേഡ് പാര്‍ട്ടി സ്‌ക്രിപ്റ്റുകള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. നിങ്ങള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ഈ സ്‌ക്രിപ്റ്റുകള്‍ ലോഡ് ആവും.

ഉദാഹരണത്തിന് മിക്ക വെബ്‌സൈറ്റുകളിലും സാധാരണയായി ഉപയോഗിക്കുന്ന സ്‌ക്രിപ്റ്റ് ആണ് ഗൂഗിള്‍ അനലറ്റിക്‌സിന്റേത്. വെബ്‌സൈറ്റുകളിലെ ദൈനംദിന സന്ദര്‍ശകരുടെ വിവരശേഖരണം നടത്തുന്നതിനാണിത്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഗൂഗിളിന് ഉപഭോക്താക്കളുടെ ഐപി അഡ്രസ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉപയോഗിച്ചുള്ള പ്രൊഫൈലുകള്‍ നിര്‍മിക്കാനാവുമെന്നാണ് ഡക്ക് ഡക്ക് ഗോ പറയുന്നത്.

ഇത്തരം ട്രാക്കിങ് സ്‌ക്രിപ്റ്റുകള്‍ ബ്ലോക്ക് ചെയ്യുന്ന സംവിധാനം ഡക്ക് ഡക്ക് ഗോ ബ്രൗസറിലുണ്ട്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികളുടെ ട്രാക്കറുകള്‍ ഈ രീതിയില്‍ ബ്രൗസറില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. ഇക്കൂട്ടത്തിലാണ് മൈക്രോസോഫ്റ്റിന്റെ ട്രാക്കറുകള്‍ക്ക് മാത്രം ഇളവ് ലഭിച്ചത്. സാക്ക് എഡ്വേര്‍ഡ്സ് എന്നയാളാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.

മൈക്രോസോഫ്റ്റുമായുള്ള സെര്‍ച്ച് എഗ്രിമെന്റിനെ തുടര്‍ന്നാണ് ഈ ഇളവ് നല്‍കിയത് എന്നായിരുന്നു ഡക്ക് ഡക്ക് ഗോയുടെ വിശദീകരണം.

നിങ്ങള്‍ സന്ദര്‍ശിക്കുന്ന തേഡ് പാര്‍ട്ടി സൈറ്റുകളിലെ എല്ലാ കുക്കീസും ഞങ്ങള്‍ ബ്ലോക്ക് ചെയ്യുന്നുണ്ട്. അതേസമയം മറ്റ് വെബ്സൈറ്റുകളിലെ മറച്ചുവെച്ച ചില ട്രാക്കിങ് സ്‌ക്രിപ്റ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഞങ്ങള്‍ക്കാവില്ല. എല്ലായിപ്പോഴും പൊങ്ങിവരുന്ന പുതിയ സ്‌ക്രിപ്റ്റുകള്‍ കണ്ടെത്തുക പ്രയാസമാണ്. ചില സൈറ്റുകളിലെ സ്‌ക്രിപ്റ്റുകള്‍ ബ്ലോക്ക് ചെയ്താല്‍ ആ പേജ് ചിലപ്പോള്‍ ഉപയോഗശൂന്യമാകും. മൈക്രോസോഫ്റ്റുമായുള്ള കരാര്‍ നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് ചിലത് ബ്ലോക്ക് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് തടസമുണ്ട് എന്നും ഡക്ക് ഡക്ക് ഗോ അന്ന് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *