മൊബൈല്‍ ഉപകരണങ്ങളിലേക്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എത്തിക്കാനുള്ള സംവിധാനങ്ങൾ പരിഗണിക്കുകയാണ് സ്‌പേസ്എക്‌സ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സ്റ്റാര്‍ലിങ്കും. നിലവില്‍ വിക്ഷേപിച്ച സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ക്കൊന്നും സ്മാര്‍ട് ഫോണുകളിലേക്കോ ചെറിയ ഉപകരണങ്ങളിലേക്കോ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ശേഷിയില്ല എന്ന് പിസി മാഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് എത്തിക്കുന്ന രീതിക്കു പ്രചാരം നേടാനായാല്‍ അത് മറ്റൊരു വിപ്ലവത്തിനു തന്നെ വഴിവച്ചേക്കാം.

∙ പുതിയ സൂചനകള്‍ എന്ത്?

സ്റ്റാര്‍ലിങ്ക് അമേരിക്കയിലെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷനു (എഫ്‌സിസി) സമര്‍പ്പിച്ച അപേക്ഷയിലാണ് പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് സൂചനയുള്ളത്. തങ്ങള്‍ക്ക് സാറ്റലൈറ്റ് വഴി 2 ഗിഗാഹെട്‌സ് (2GHz) ഫ്രീക്വന്‍സി വഴി കൂടി ഇന്റര്‍നെറ്റ് നല്‍കാനുളള അനുമതി നല്‍കണമെന്നാണ് അവര്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. എവിടെയും കണക്ടിവിറ്റി വേണ്ടവര്‍ക്കു വേണ്ടിയാണ് ഇത്. ഇങ്ങനെ പ്രക്ഷേപണം ചെയ്യുന്ന ഇന്റര്‍നെറ്റിന് അതിനു മുന്നിലുള്ള പല പ്രതിബന്ധങ്ങളെയും ഭേദിക്കാനുള്ള കഴിവുണ്ടെന്നും പറയുന്നു. ചെറിയ ഉപകരണങ്ങളിലേക്ക് നേരിട്ട് എത്താന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് സൂചന. 

∙ നിലവിലുള്ള സാറ്റലൈറ്റുകള്‍ക്ക് ഇത്തരം ശേഷിയില്ല

ആളുകള്‍ എവിടെയാണോ അവിടെ ഇന്റര്‍നെറ്റ് ലഭിക്കാനാണ് താത്പര്യം. അവര്‍ എന്തു ചെയ്തുകൊണ്ടിരിക്കുമ്പോഴും എപ്പോഴും ഇന്റര്‍നെറ്റ് വേണം. പ്രത്യേകിച്ചും സ്മാര്‍ട് ഫോണ്‍ വഴി കണക്ടു ചെയ്തിരിക്കാനാണ് ജനങ്ങൾക്ക് താത്പര്യമെന്നും സ്റ്റാര്‍ലിങ്ക് എഫ്‌സിസിക്കു സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. അതേസമയം, ഇങ്ങനെ അയയ്ക്കുന്ന ഇന്റര്‍നെറ്റ് സിഗ്നലുകള്‍ നിലവിലുള്ള സ്മാര്‍ട് ഫോണുകള്‍ക്ക് നേരിട്ട് സ്വീകരിക്കാനാകുമോ എന്ന കാര്യത്തിലും സംശയമുണ്ട്. എന്നാല്‍, കൈയ്യില്‍ കൊണ്ടു നടക്കാവുന്ന ചെറിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കാം സ്മാര്‍ട് ഫോണുകളിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കുക. അത്തരം ഉപകരണങ്ങളെക്കുറിച്ച് സ്റ്റാര്‍ലിങ്കിന്റെ അപേക്ഷയില്‍ പറയുന്നുമുണ്ട്.

∙ സാറ്റലൈറ്റ് സ്വീകരിക്കന്‍ ഡിഷ് വേണ്ടിവരുമോ?

മസ്‌കിന്റെ കമ്പനി നല്‍കാനുദ്ദേശിക്കുന്ന 2 ജിഗാഹെട്‌സ് ഫ്രീക്വന്‍സി നേരിട്ട് സ്വീകരിക്കാന്‍ സ്മാര്‍ട് ഫോണുകള്‍ക്ക് സാധിച്ചേക്കില്ല. അതേസമയം, എവിടെയും കൊണ്ടുനടക്കാവുന്ന ചെറിയ ഉപകരണത്തിൽ നിന്ന് സ്മാര്‍ട് ഫോണിലേക്ക് ഇന്റർനെറ്റ് എത്തിക്കുക എന്നതായിരിക്കും ലക്ഷ്യം. ഈ ചെറിയ ഉപകരണത്തിന്റെ വലുപ്പം എന്തുമാത്രമായിരിക്കുമെന്ന് കമ്പനിയുടെ അപേക്ഷയില്‍ പറഞ്ഞിട്ടില്ലെന്നും അത് വലിയൊരു ഡിഷ് ആയേക്കില്ലെന്നും പിസി മാഗ് അനുമാനിക്കുന്നു. ഈ ഉപകരണവും സ്റ്റാര്‍ലിങ്ക് തന്നെ നിര്‍മിക്കും.

∙ സഹായത്തിന് സ്വാം

കഴിഞ്ഞ വര്‍ഷം സ്‌പേസ്എക്‌സ് ഏറ്റെടുത്ത കമ്പനിയായ സ്പാം ആയിരിക്കാം കമ്പനിക്ക് പുതിയ ദിശയില്‍ സഞ്ചരിക്കാനുള്ള പാത തെളിച്ചിരിക്കുക എന്നും കരുതുന്നു. ഒരു നാനോ-സാറ്റലൈറ്റ് ടെക്നോളജി കമ്പനിയായ സ്വാമിന് ഇന്റര്‍നെറ്റ്-ഓഫ്-തിങ്‌സ് ഉപകരണങ്ങള്‍ക്ക് ഡേറ്റ നല്‍കി പരിചയമുണ്ട്. ഈ ഏറ്റെടുക്കലായിരിക്കാം ഒരു വര്‍ഷം മുൻപ് പോലും ചിന്തിക്കാനാകാന്‍ സാധിക്കാത്ത രീതിയിലുള്ള പുതിയ മാറ്റത്തിനു വഴിവച്ചിരിക്കുന്നത്. ഈ കമ്പനിയുടെ സാങ്കേതികവിദ്യയെ മുന്നില്‍ നിർത്തിയായിരിക്കും 2 ഗിഗാഹെട്‌സില്‍ ഇന്റര്‍നെറ്റ് നല്‍കാന്‍ സ്റ്റാര്‍ലിങ്ക് സജ്ജമാകുക.

starlink-map

∙ പുതിയ മാറ്റം ഇന്ത്യയിലും എത്തിയേക്കും

ടവറുകള്‍ വഴി നല്‍കുന്ന മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് മാറ്റം വരാൻ പോകുകയാണ്. കമ്പനികള്‍ 5ജിക്കു വേണ്ടി ഇറക്കുന്ന പണം പോലും നഷ്ടത്തില്‍ കലാശിച്ചേക്കാം. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ പെടുന്നത് ലിയോ അല്ലെങ്കില്‍ ലോ എര്‍ത് ഓര്‍ബിറ്റ് വിഭാഗത്തിലാണ്. ഇത്തരം സാറ്റലൈറ്റുകള്‍ എയര്‍ടെല്‍ കമ്പനി ഉടമ സുനില്‍ മിറ്റലിനും ഉണ്ട്. അദ്ദേഹം ബ്രിട്ടൻ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വണ്‍വെബ് ഏറ്റെടുക്കുകയായിരുന്നു. വണ്‍വെബിന് 648 സാറ്റലൈറ്റുകളാണ് ഇപ്പോള്‍ ഉള്ളതെന്നു പറയുന്നു.

റിലയന്‍സ് മേധാവി മുകേഷ് അംബാനിയും ഈ മേഖലയില്‍ ബിസിനസ് ചെയ്യാന്‍ തത്പരനാണ്. ടവറുകള്‍ സ്ഥാപിച്ചുള്ള ഇന്റര്‍നെറ്റ് പ്രക്ഷേപണത്തെക്കാളേറെ മികവുറ്റതായിരിക്കും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എങ്കില്‍ ഭാവി സേവനങ്ങള്‍ അതിലേക്കു മാറിയാല്‍ അദ്ഭുതപ്പെടേണ്ട. ഇപ്പോഴത്തെ 5ജിയിലെ ഏറ്റവുമധികം കരുത്തുറ്റ ഇന്റര്‍നെറ്റ് പകരുന്ന സാങ്കേതികവിദ്യയായ എംഎം വേവിനു പോലും ഭിത്തികളും മറ്റു പ്രതിബന്ധങ്ങളും ഭേദിക്കല്‍ എളുപ്പമല്ല. അതേസമയം, സാറ്റലൈറ്റ് ഇന്റര്‍നെറ്റിന് അത് സാധ്യമാണെങ്കില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആ വഴിക്കു ചിന്തിച്ചുകൂടായ്ക ഇല്ല.

∙ ആന്‍ഡ്രോയിഡിനെതിരെ ഹാര്‍മണിഒഎസ് 3.0

വാവെയ് കമ്പനി ഒരുക്കിയ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഹാര്‍മണിഒഎസിന്റെ മൂന്നാം പതിപ്പ് പുറത്തിറക്കി. സെപ്റ്റംബര്‍ മുതല്‍ ഇത് ഫോണുകള്‍ക്ക് ലഭ്യമാക്കുമെന്ന് സൗത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. അമേരിക്കന്‍ കമ്പനിയായ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെതിരെ കൊണ്ടുവന്ന ഈ ഒഎസിന്റെ ആദ്യ പതിപ്പ് 2019ല്‍ ആണ് ഇറക്കിയത്. അതേസമയം, വാവെയ് കമ്പനിയെ അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തിയതോടെ അവരുടെ പ്രാധാന്യം പാടെ ഇടിയുകയായിരുന്നു. ചൈനയൊഴികെ മറ്റു പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നും വാവെയ്ക്ക് കാര്യമായ സാന്നിധ്യം പോലും ഇല്ല. എന്നാല്‍, ചൈനയിലടക്കം 30 കോടിയിലേറെ വാവെയ് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

harmonyos
Photo: Huawei

∙ 6 ആക്‌സിസ് ഹൈബ്രിഡ് ഗിംബല്‍ സ്റ്റബിലൈസറുമായി സെന്‍ഫോണ്‍ 9

അസൂസിന്റെ സ്മാര്‍ട് ഫോണ്‍ ശ്രേണിയിലെ പുതിയ ഹാന്‍ഡ്‌സെറ്റ് എത്തി – സെന്‍ഫോണ്‍ 9. സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് അതിന്റെ 6 ആക്‌സിസ് ഹൈബ്രിഡ് സ്റ്റബിലൈസര്‍ ആണ്. കൂടാതെ, മറ്റ് ആന്‍ഡ്രോയിഡ് ഫ്ലാഗ്ഷിപ് ഫോണുകളെപ്പോലെയല്ലാതെ അല്‍പം വലുപ്പക്കുറവും ഉണ്ട്. 5.9 ഇഞ്ചാണ് സ്‌ക്രീന്‍ സൈസ്. എന്നാല്‍, ആധുനിക സ്‌ക്രീന്‍ ടെക്‌നോളജികള്‍ ഉള്‍പ്പെടുത്തിയിട്ടും ഉണ്ട്. ഫോണിന് 8ജിബി/16ജിബി വകഭേദങ്ങളാണ് ഉള്ളത്. സ്റ്റോറേജ് ശേഷി 128ജിബി/25ജിബി ആണ്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കി അസൂസ് ചിട്ടപ്പെടുത്തിയ സെന്‍യുഐ ആണ് ഒഎസ്. 

ഇരട്ട പിന്‍ ക്യാമറകളാണ് ഫോണിനുള്ളത്. പ്രധാന ക്യമാറയ്ക്ക് 50 എംപിയാണ് റെസലൂഷന്‍. സോണിയുടെ ഐഎംഎക്‌സ്766 സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. സെന്‍സറിനെക്കാളേറെ ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന 6 ആക്‌സിസ് ഹൈബ്രിഡ് സ്റ്റബിലൈസര്‍ ആണ് ഫോണിന്റെ മാറ്റു വര്‍ധിപ്പിക്കുന്നത്. മികവാർന്ന വിഡിയോകളും ഫോട്ടോകളും പകര്‍ത്താന്‍ ഈ സംവിധാനം സഹായിക്കും. കൂടാതെ, 16 എംപി 2എക്‌സ് ലോസ്‌ലെസ് സൂം നടത്താനും ഈ സെന്‍സറിന് സാധിക്കും. ഒപ്പമുള്ള 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയ്ക്ക് 12 എംപിയാണ് റെസലൂഷന്‍. ഫോണിന്റെ മറ്റൊരു മികച്ച ഫീച്ചര്‍ അതിന്റെ ഓഡിയോ കൈകാര്യം ചെയ്യലാണ്. ഇതിനായി ക്വാല്‍കമിന്റെ ഡൈറാക് ട്യൂണിങ് പ്രയോജനപ്പെടുത്തിയിരിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *