ടെക് ഭീമന്മാരുടെ അനാരോഗ്യകരമായ ഇടപെടലുകളിൽ നിന്ന് മോചനം തേടി കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കുകയാണ് ഗെയിമിങ് കമ്പനികൾ. മേക് മൈ ട്രിപ്, സൊമാറ്റോ, ഒയോ പോലുള്ള ടെക് അധിഷ്ഠിത കമ്പനികളുടെ കൂടി പിന്തുണയോടെയാണ് പാർലമെന്റ് സമിതിയെ സമീപിച്ചിരിക്കുന്നത്.
ഗൂഗിളിനെതിരായാണ് പ്രധാന പരാതി. ഇന്ത്യയിലെ സ്കിൽ – ഗെയിമിങ് പ്ലാറ്റ്ഫോമുകളോട് ഗൂഗിൾ വിവേചനം കാട്ടുന്നുവെന്നാണ് പരാതി. വിദേശ കമ്പനികൾക്ക് വേണ്ടി ഇന്ത്യൻ കമ്പനികളെ തഴയുന്നുവെന്നാണ് കുറ്റപ്പെടുത്തുന്നത്.
ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയന്ത് സിൻഹയുടെ അധ്യക്ഷതയിലുള്ളതാണ് പാർലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റി. ആഗോള ടെക് ഭീമന്മാരുടെ വിപണിയിലെ ഏകാധിപത്യ പ്രവണതകളെ ഈ സമിതി നിരീക്ഷിക്കുന്നുണ്ട്.
ഇന്ത്യൻ കമ്പനികളെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇടം അനുവദിക്കാതെ തഴയുന്നുവെന്നതാണ് പരാതി. ചൈനീസ് കമ്പനികളെയും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും കമ്പനികളെയും ഗൂഗിളിന്റെ സ്വന്തം പ്ലേ പാസിനെയും പ്രോമോട്ട് ചെയ്യുമ്പോൾ ഇന്ത്യാക്കാരോട് വിവേചനം കാട്ടുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ആളുകൾ തങ്ങളുടെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഗൂഗിൾ മുന്നറിയിപ്പ് സന്ദേശം നൽകി തടയുകയാണെന്നും ഇന്ത്യൻ കമ്പനികൾ കുറ്റപ്പെടുത്തുന്നു. 2021 ൽ കോംപറ്റീഷൻ കമ്മീഷന്റെ അന്വേഷണത്തിൽ ഗൂഗിളിനെതിരെ ഗുരുതരമായ കുറ്റങ്ങൾ കണ്ടെത്തിയിരുന്നു. അമേരിക്കയിൽ 36 സംസ്ഥാനങ്ങളിലും ഗൂഗിളിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ കേസുണ്ട്.