ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോഡ്ഡ് ലാംഡയ്ക്ക് (LaMDA) സ്വന്തം വികാരങ്ങളുണ്ടെന്ന് പറഞ്ഞ സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കമ്പനിയില്‍ നിന്ന് പുറത്താക്കിയതായി ഗൂഗിള്‍.

കഴിഞ്ഞ മാസം തന്നെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ബ്ലേക്ക് ലെമോയിനെ നിര്‍ബന്ധിത അവധി നല്‍കി കമ്പനി മാറ്റി നിര്‍ത്തിയിരുന്നു. ഇദ്ദേഹം കമ്പനിയുടെ നയങ്ങള്‍ ലംഘിച്ചുവെന്നും ലാംഡയെ കുറിച്ച് അടിസ്ഥാന രഹിതമായ വാദങ്ങളാണുന്നയിച്ചതെന്നും ഗൂഗിള്‍ പറഞ്ഞു.

ഉല്‍പന്നത്തെ കുറിച്ചുള്ള വിവരങ്ങളുടെ സംരക്ഷണം ഉള്‍പ്പടെ കമ്പനിയുടെ തൊഴില്‍ സുരക്ഷ, ഡാറ്റ സുരക്ഷ പോളിസികളുടെ വ്യക്തമായ ലംഘനമാണ് നടത്തിയത്.

മനുഷ്യര്‍ക്ക് സമാനമായി മനുഷ്യരോട് സംസാരിക്കാന്‍ സാധിക്കുന്ന വിധം രൂപകല്‍പന ചെയ്‌തെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയാണ് ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍സ് എന്ന ലാംഡ.

ലാംഡയുമായുള്ള സംഭാഷണം ഉള്‍പ്പടെ പുറത്തുവിട്ടാണ് ഇതിന് വൈകാരികമായി ചിന്തിക്കാനാകുന്നുണ്ടെന്ന് ലെമോയിന്‍ അവകാശപ്പെട്ടത്.

എന്നാല്‍ ഈ വാദത്തെ സാങ്കേതിക വിദഗ്ദര്‍ ഉടനടി തള്ളിക്കളഞ്ഞു. തെറ്റിദ്ധരിപ്പിക്കും വിധമാണ് ഈ വാദമെന്നും. മനുഷ്യന് സമാനമായ രീതിയില്‍ ആശയവിനിമയം നടത്തും വിധം പരിശീലിപ്പിച്ചെടുത്ത അല്‍ഗൊരിതമാണ് ലാംഡയിലേതെന്നും അവര്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *