ഗൂഗിള്‍, വിരല്‍തുമ്പില്‍ എല്ലാം എത്തിച്ചു തരുന്ന സെര്‍ച്ച് എന്‍ജിന്‍. ലോകത്തിന്റെ ഏത് കോണിലിരുന്നും എന്തിനെക്കുറിച്ചും നമുക്ക് ഗൂഗിളിലൂടെ അറിയാന്‍ സാധിക്കും. പക്ഷെ ചിലപ്പോഴൊക്കെ നാം സെര്‍ച്ച് ചെയ്യുന്നത് ഒന്നും ലഭിക്കുന്നത് മറ്റൊന്നുമായിരിക്കും. നിങ്ങള്‍ സെര്‍ച്ച് ചെയ്യുന്ന കാര്യം കൃത്യമായി ലഭിക്കുന്നതിനുള്ള വിദ്യകള്‍ ഇതാ.
‘അഡ്വാന്‍സ്ഡ് സെര്‍ച്ച്’ ഉപയോഗിക്കുക
ഗൂഗിളില്‍ കയറി നമുക്ക് ആവശ്യമുള്ളത് ടൈപ്പ് ചെയ്തു കൊടുക്കുകയായിരിക്കും എല്ലാവരും ചെയ്യുന്നത്. എന്നാല്‍ അഡ്വാന്‍സ്ഡ് സെര്‍ച്ച് (Advanced Search) എന്നൊരു ഓപ്ഷന്‍ ഗൂഗിളിലുണ്ട്. ഇത് ഉപയോഗിച്ചാല്‍ സെര്‍ച്ച് ചെയ്യുന്ന കാര്യം കൃത്യമായി ലഭിക്കും. പ്രത്യേക ഭാഷ, സ്ഥലം എന്നിവയൊക്കെ ഈ ഓപ്ഷന്‍ ഉപയോഗിച്ച് തിരഞ്ഞെടുക്കാന്‍ കഴിയും.
ഈ സവിശേഷത ലഭിക്കുന്നതിനായി google.com/advanced_search എന്ന് നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലോ ടാബ്ലറ്റിലൊ സെര്‍ച്ച് ചെയ്യുക. കമ്പ്യൂട്ടറിലാണെങ്കില്‍ സെറ്റിങ്സില്‍ (Settings) നിന്ന് അഡ്വാന്‍സ്ഡ് സെര്‍ച്ച് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതിയാകും.
നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത കീവേര്‍ഡുകള്‍ ഒഴിവാക്കുക
നിങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഉദ്ദേശിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട ഒരുപാട് വിവരങ്ങളും വന്നേക്കാം. ഇത്തരം അവസരങ്ങളില്‍ കീവേര്‍ഡ് (keyword) കൂടി ചേര്‍ത്താല്‍ മതിയാകും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ടെസ്ലയെക്കുറിച്ചാണ് സെര്‍ച്ച് ചെയ്യുന്നത്, പക്ഷെ നിങ്ങള്‍ക്ക് ഇലോണ്‍ മസ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയേണ്ടതുമില്ല. അങ്ങനെയെങ്കില്‍ ടെസ്ല – മസ്ക് എന്ന് സെര്‍ച്ച് ചെയ്താല്‍ മതിയാകും. ഇങ്ങനെ സെര്‍ച്ച് ചെയ്യുകയാണെങ്കില്‍ ടെസ്ലയെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമായിരിക്കും ലഭിക്കുക.
ഫയലുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍
നിങ്ങള്‍ ചിലപ്പോള്‍ സെര്‍ച്ച് ചെയ്യുന്നത് പിഡിഎഫൊ അല്ലെങ്കില്‍ സ്പ്രെഡ്ഷീറ്റൊ ആകാം. ഇത് കണ്ടെത്തുന്നതിനും വഴിയുണ്ട്. സെര്‍ച്ച് ചെയ്യുന്നതിന് മുന്നോടിയായി ഫയല്‍ടൈപ്പ് (filetype) എന്നു കൂടി ചേര്‍ക്കുക. ഉദാഹരണത്തിന് നിങ്ങള്‍ പിഡിഎഫാണ് സെര്‍ച്ച് ചെയ്യുന്നതെങ്കില്‍ ഫയല്‍ടൈപ്പ്:പിഡിഎഫ് (filetype:pdf) എന്ന് കൊടുക്കുക.
ഗൂളില്‍ നിന്ന് തന്നെ പരിഭാഷയും ചെയ്യാം
ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു വാക്ക് ഒരു പ്രത്യേക ഭാഷയിലേക്ക് പരിഭാഷ ചെയ്യണമെങ്കില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലൂടെ സാധിക്കും (Google Translate). ഉദാഹരണത്തിന് Banana എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിലേക്ക് മാറ്റാനായി Banana in Malayalam എന്ന് സെര്‍ച്ച് ചെയ്താല്‍ മതിയാകും. പരിഭാഷ മാത്രമല്ല വാക്കിന്റെ ഉച്ചാരണം എപ്രകാരമാണെന്നും അറിയാന്‍ കഴിയും.