മേയിൽ 19 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട്. ‘റിപ്പോർട്ട്’ ഫീച്ചറിലൂടെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച ‘നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള’ പ്രതികരണമായും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് അറിയിച്ചു. 

+91 ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടിൽ മേയ് 1 മുതൽ 31 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ഉൾപ്പെടുന്നത്. മേയിൽ ഇന്ത്യയിൽ നിന്ന് മൊത്തം 528 പരാതികൾ ലഭിച്ചു, ഇതില്‍ 24 അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചു.

കമ്പനിയുടെ നയങ്ങളും മാർഗനിർദ്ദേശങ്ങളും ലംഘിക്കുന്ന അക്കൗണ്ടുകൾ സാധാരണയായി നിരോധിക്കുമെന്ന് വാട്സാപ് നേരത്തേ വ്യക്തമാക്കിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സ്ഥിരീകരിക്കാത്ത സന്ദേശം ഒന്നിലധികം കോൺടാക്‌റ്റുകളിലേക്ക് ഫോർവേഡ് ചെയ്യുന്നതിനും മറ്റും ഒരു ഉപയോക്താവ് പ്രവർത്തിച്ചിട്ടുണ്ടെങ്കില്‍ വാട്സാപ് അക്കൗണ്ടുകൾ നിരോധിക്കും.

ദോഷകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു എന്നു കണ്ടെത്തിയതിനാലാണ് 19 ലക്ഷം അക്കൗണ്ടുകളും നിരോധിച്ചത്. മറ്റ് ഉപയോക്താക്കളുടെ പരാതി കണക്കിലെടുത്താണ് 24 അക്കൗണ്ടുകള്‍ നിരോധിച്ചതെന്നും കമ്പനി അറിയിച്ചു. ഏപ്രിലിൽ 16.66 ലക്ഷവും മാർച്ചിൽ 18 ലക്ഷം അക്കൗണ്ടുകളാണ് വാട്സാപ് നിരോധിച്ചത്. ഇന്ത്യയുടെ ഇൻഫർമേഷൻ ടെക്‌നോളജി ( ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ്, 2021 അനുസരിച്ചാണ് ഈ റിപ്പോർട്ടുകൾ പുറത്തിറക്കുന്നത്.

വാട്സാപ്പിന്റെ കംപ്ലയിൻസ് മെക്കാനിസങ്ങളിലൂടെ ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികൾ, ഇന്ത്യയിലെ നിയമങ്ങളോ കമ്പനിയുടെ നിബന്ധനകളോ ലംഘിക്കുന്നത് തടയുന്നതിനുള്ള സംവിധാനങ്ങൾ വഴി ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളുടെയും കണക്കുകൾ റിപ്പോർട്ടിൽ കാണിക്കേണ്ടതുണ്ട്. വാട്സാപ്പിന് ഇന്ത്യയിൽ ഒരു പരാതി സെൽ ഉണ്ട്. ഏതൊരു ഉപയോക്താവിനും ഇമെയിൽ അല്ലെങ്കിൽ സ്നൈൽ മെയിൽ വഴി കംപ്ലയിൻസ് ഓഫിസറെ ബന്ധപ്പെടാം. 

വാട്സാപ് പ്രത്യേകിച്ച് പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, കാരണം തെറ്റായ പ്രവർത്തനങ്ങൾ ആദ്യം തന്നെ തടയുന്നതാണ് നല്ലതെന്ന് കമ്പനി വിശ്വസിക്കുന്നു, അപകടം സംഭവിച്ചതിന് ശേഷം അത് കണ്ടെത്തുന്നതിനേക്കാൾ നല്ലത് നേരത്തേ കൈകാര്യം ചെയ്യുന്നതാണെന്നും കംപ്ലയിൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

‘ഞങ്ങളുടെ ലക്ഷ്യം കഴിയുന്നത്ര വേഗത്തിൽ ദുരുപയോഗം ചെയ്യുന്ന അക്കൗണ്ടുകൾ കണ്ടെത്തുകയും അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ്, ഈ അക്കൗണ്ടുകൾ സ്വമേധയാ തിരിച്ചറിയുന്നത് സാധ്യമല്ല. പകരം, അക്കൗണ്ടുകൾ നിരോധിക്കുന്നതിന് ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും പ്രതികരിക്കുന്ന വിപുലമായ മെഷീൻ ലേണിങ് സംവിധാനങ്ങൾ ഞങ്ങളുടെ പക്കലുണ്ട്,’ എന്നും റിപ്പോർട്ടിൽ പറയുന്നു.

95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബൾക്ക് മെസേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് പ്രസ്താവിച്ചിരുന്നു. വാട്സാപ് പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം തടയാൻ നിരോധിക്കുന്ന ആഗോള ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം ഏകദേശം 80 ലക്ഷം അക്കൗണ്ടുകളാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ 14.26 ലക്ഷത്തിലധികം അക്കൗണ്ടുകളാണ് വാട്സാപ് നിരോധിച്ചത്. നിരോധിത അക്കൗണ്ടുകളുടെ എണ്ണം ജനുവരിയിൽ 18.58 ലക്ഷത്തിലധികമായിരുന്നു. 2021 ഡിസംബറിൽ ഇത് മൊത്തം 20.79 ലക്ഷം അക്കൗണ്ടുകളുമായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *