ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചറുകളിലൊന്ന്. ഇതൊരു പ്രധാന അപ്‌ഡേറ്റാണ്. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയ പതിപ്പുകൾ അതിവേഗം പുറത്തിറക്കുകയും ചെയ്യുന്നുണ്ട്.
പുതിയ ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചർ മേയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി ഇത് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കുമായി ഈ ഫീച്ചർ ലഭ്യമാണ്. നിലവിൽ ഗ്രൂപ്പിൽ ചേർക്കാവുന്ന പരാമവധി അംഗങ്ങളുടെ പരിധി 256 ആണ്. ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ഇനി 512 പേരെ വരെ ഗ്രൂപ്പിൽ ചേർക്കാനാകും. വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റാ പതിപ്പുകളിലാണ് പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നതെന്നും ഓർക്കുക.
നിങ്ങളൊരു ബീറ്റാ ടെസ്റ്ററാണെങ്കിൽ, വാട്സാപ്പിന്റെ 2.22.12.10 ആൻഡ്രോയിഡ് പതിപ്പ്, 22.12.0.70 ഐഒഎസ് പതിപ്പും ഡൗൺലോഡ് ചെയ്തു ഉപയോഗിക്കുക. ബീറ്റാ ടെസ്റ്റർ അല്ലെങ്കിലും ബീറ്റാ പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്യാം. പക്ഷേ, ഈ വാട്സാപ്പിന്റെ ബീറ്റാ പ്രോഗ്രാമിൽ അംഗത്വം ലഭിക്കുക അത്ര എളുപ്പമല്ല. കുറച്ചു പേർക്ക് മാത്രമാണ് ഈ സേവനം നൽകുന്നത്.