ആപ്പിള്‍ കമ്പനിയുടെ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട വേള്‍ഡ് വൈഡ് ഡവലപ്പര്‍ കോണ്‍ഫറന്‍സ് 2022ന്റെ (ഡബ്ല്യുഡബ്ല്യൂഡിസി) കീനോട്ട് അഡ്രസ് കഴിഞ്ഞു. ഒരു പിടി പുതുമകളുമായി തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെയെല്ലാം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കിയിരിക്കുകയാണ് കമ്പനി. ഇത്തരത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 16 ആണ്. മെസേജിങ്, ലോക് സ്‌ക്രീന്‍ വിജറ്റ്‌സ്, പുതിയ നോട്ടിഫിക്കേഷന്‍ സെന്റര്‍, ലൈവ് ആക്ടിവിറ്റീസ് ഫോക്കസ് ഫില്‍റ്റേഴ്‌സ് തുടങ്ങി പലപുതുമകളും ഐഒഎസില്‍ എത്തുന്നു. ഇതിൽ ചിലത് പരിശോധിക്കാം: 

∙ മെയിലില്‍ പുതുമകള്‍

മിക്ക വര്‍ഷങ്ങളിലും എന്തെങ്കിലും പുതുമ കൊണ്ടുവരുന്ന ആപ്പുകളിലൊന്നാണ് മെയില്‍. ഈ വര്‍ഷവും അതില്‍ മാറ്റമില്ല. മെയിലുകള്‍ അയയ്ക്കാനുള്ള സമയം മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ പുതുമകളിലൊന്ന്. കൂടാതെ, അയച്ച മെയില്‍ കിട്ടേണ്ടയാള്‍ക്കു കിട്ടുന്നതിനുമുൻപ് തിരിച്ചുവിളിക്കാനുള്ള ശേഷിയും ലഭിക്കുന്നു. ഇതിലേറെ പ്രധാനപ്പെട്ടതാണ് മെയിലില്‍ ഉള്‍ക്കൊള്ളിക്കാത്ത കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പറയുക എന്നത്. ഉദാഹരണത്തിന് ഒരു അറ്റാച്ച്‌മെന്റ് മറന്നുപോയെങ്കില്‍ അത് ഓര്‍മിപ്പിക്കും.

∙ മെസേജിങ് ആപ്

അമേരിക്കയിലെങ്കിലും വാടസാപ്പിന് കടുത്ത മത്സരം നല്‍കുന്ന ആപ്പുകളിലൊന്നാണ് ആപ്പിളിന്റെ മെസേജസ്. ഇതിലേക്കും കൂടുതല്‍ ഫീച്ചറുകള്‍ ആപ്പിള്‍ ചേര്‍ത്തിട്ടുണ്ട്. മൂന്നു പ്രധാനപ്പെട്ട മാറ്റങ്ങളാണ് ഐഫോണിന്റെ മെസേജസില്‍ എത്തുന്നത്. അയച്ച മെസേജ് വീണ്ടും എഡിറ്റ് ചെയ്യാന്‍ അനുവദിക്കുക എന്നതാണ് അതിലൊന്ന്. മറ്റൊന്ന് അയച്ച മെസേജ് പൂര്‍ണമായും ഡിലീറ്റു ചെയ്യാനുള്ള അവസരമാണ്. വാട്സാപ്പിലേതു പോലെ സന്ദേശം അയച്ചിരുന്നു എന്നതിന്റെ തെളിവും ബാക്കിവയ്ക്കില്ല. വായിച്ച മെസേജ് അണ്‍റെഡ് വിഭാഗത്തില്‍ പെടുത്താനുള്ള ശേഷിയാണ് മൂന്നാമത്തെ പുതിയ ഫീച്ചർ.

∙ ലൈവ് ടെക്സ്റ്റിന് വിഡിയോ സപ്പോര്‍ട്ട്

ലൈവ് ടെക്‌സ്റ്റ് ഫീച്ചറിനു കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങള്‍ ഉപയോഗിച്ച് കണ്ടുകൊണ്ടിരിക്കുന്ന വിഡിയോ പോസു ചെയ്ത ശേഷം സ്‌ക്രീനിലുള്ള ടെക്‌സ്റ്റുമായി ഇടപെടാം എന്നതാണ്. ഫോട്ടോസില്‍ നേരത്തെ ഉണ്ടായിരുന്ന ഇത്തരം സംവിധാനത്തിന് സമാനമാണിത്. മറ്റ് ആപ്പുകളുടെ ഡവലപ്പര്‍മാര്‍ക്ക് സമാന ഫീച്ചര്‍ ഉണ്ടാക്കാനായി അതിന്റെ എപിഐ ലഭ്യമാക്കിയിട്ടുമുണ്ട്.

∙ വിഷ്വല്‍ ലുക്ക് ആപ്പില്‍ മാറ്റം

ചില ഉപയോക്താക്കള്‍ക്ക് വളരെയധികം ആസ്വദിക്കാവുന്ന ഒരു ഫീച്ചര്‍ വിഷ്വല്‍ ലുക്ക് ആപ്പില്‍ എത്തുന്നു. ഫോട്ടോകളില്‍ ഉളള മൃഗങ്ങളുടെയും പക്ഷികളുടെയും ഫൊട്ടോകള്‍ കണ്ടെത്തി അവയെ അതിവേഗം സ്റ്റിക്കറുകളാക്കാന്‍ സാധിക്കും. പിന്നെ ഇവ മെസേജസിലേക്കും മറ്റും ഡ്രാഗ് ആന്‍ഡ്ഡ്രോപ് ചെയ്യുകയും ആകാം.

ios-16-features-

∙ ഐക്ലൗഡ് ഷെയേഡ് ഫൊട്ടോ ലൈബ്രറി

ഐഫോണുകളുള്ള അഞ്ചു പേര്‍ ഒരു യാത്ര പോകുന്നുവെന്ന് ഇരിക്കട്ടെ. അഞ്ചു പേരും എടുക്കുന്ന ചിത്രങ്ങളെല്ലാം ഒരു ലൈബ്രറിയല്‍ എത്തിക്കാനായാലോ? അത്തരം ഫീച്ചറാണ് ഇപ്പോള്‍ ഐക്ലൗഡ് ഷെയേഡ് ലൈബ്രറിയില്‍ എത്തുന്നത്. ഏറ്റവും നല്ല ഫൊട്ടോകളെല്ലാം എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്യും. ഇത്തരത്തില്‍ ബന്ധിപ്പിച്ചാല്‍ ഫൊട്ടോകള്‍ പരസ്പരസം കൈമാറേണ്ടിവരില്ല എന്നുമാത്രമല്ല മിക്ക ഫൊട്ടോകളും എല്ലാവര്‍ക്കും കിട്ടുകയും ചെയ്യും. ഓരോരുത്തരുടെയും മെമ്മറീസിലും ഫീച്ചേഡ് ഫൊട്ടോസിലും ഇവ കാണുകയും ചെയ്യാം.

∙ ഫോക്കസ് ഫില്‍റ്റര്‍

ചില കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ അനുവദിക്കുന്നതാണ് ഫോക്കസ് ഫില്‍റ്റര്‍. സഫാരി, കലണ്ടര്‍, ചില കമ്യൂണിക്കേഷന്‍ ആപ്പുകള്‍ തുടങ്ങിയവയിലൊക്കെ ഇതിന്റെ പ്രഭാവം കാണാനാകും. ചില നിര്‍ണായക കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനും അപ്രധാനമായവയെ പശ്ചാത്തലത്തിലേക്കു തള്ളാനും അനുവദിക്കുന്നതാണിത്. ഇതുവഴി അടുക്കുംചിട്ടയുമില്ലാത്ത രീതികള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് കമ്പനി പറയുന്നു.

∙ നോട്ടിഫിക്കേഷന്‍ സെന്റര്‍, ലൈവ് ആക്ടിവിറ്റീസ്

നോട്ടിഫിക്കേഷന്‍ സെന്ററില്‍ ഐഒഎസ് 12നു ശേഷം എത്തുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണ് ഐഒഎസ് 16ല്‍ കിട്ടുന്നത്. നോട്ടിഫിക്കേഷന്‍സിനു താഴെ നിന്ന് മുകളിലേക്ക് ചുരുളഴിച്ചെടുക്കാവുന്ന രീതിയിലാണ് കൊണ്ടുവരുന്നത്. ഇവ ഒളിച്ചു വയ്ക്കുകയും ചെയ്യാം. കൂടാതെ ഇവയില്‍ ചിലത് ഇന്ററാക്ടീവ് വിജറ്റുകളെ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നു പറഞ്ഞാല്‍ നോട്ടിഫിക്കേഷനില്‍ നിന്നു തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കാം. ആപ്പിള്‍ ടിവി തുടങ്ങിയ ആപ്പുകള്‍ക്കാണ് ഇത് സാധ്യമാകുന്നത്. ലൈവ് ആക്ടിവിറ്റീസ് എപിഐ പ്രയോജനപ്പെടുത്തി ഡവലപ്പര്‍മാര്‍ക്ക് അവരവരുടെ ആപ്പുകള്‍ക്ക് പിന്‍ ചെയ്യാവുന്ന നോട്ടിഫിക്കേഷനുകള്‍ അയയ്ക്കാനുള്ള ഫീച്ചറുകള്‍ നല്‍കാന്‍ സാധിക്കും.

∙ ലോക് സ്‌ക്രീന്‍ വിജറ്റ്‌സ്

ഐഒഎസ് 14ല്‍ ആണ് ആദ്യമായി ഹോം സ്‌ക്രീന്‍ വിജറ്റ്‌സ് കൊണ്ടുവരുന്നത്. ഐഒഎസ് 16നില്‍ വരാന്‍പോകുന്ന ഒരു പുതിയ എംബഡഡ് വിജറ്റ്‌സ് ഫീച്ചര്‍ പ്രയോജനപ്പെടുത്തിയാല്‍ വിജറ്റ്‌സ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് വാള്‍പേപ്പറുകള്‍ സെറ്റു ചെയ്യാന്‍ അനുവദിക്കും. ഇത്തരം വിജറ്റുകളെ ലോക്‌സ്‌ക്രീനില്‍ നിന്നു തന്നെ കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കാം. മിസ്ഡ് കോളുകള്‍, ടെക്‌സ്റ്റ് നോട്ടിഫിക്കേഷനുകള്‍, അലേര്‍ട്ടുകള്‍ തുടങ്ങിയവയ്‌ക്കൊക്കെ ഇത് പ്രയോജനപ്രദമായിരിക്കും. ഈ വിഭാഗം കസ്റ്റമൈസു ചെയ്യാനായി ലോങ്പ്രസ് നടത്തിയാല്‍ മതി. വേണ്ട ടെംപ്ലേറ്റുകള്‍ ഇടത്തോട്ടോ വലത്തോട്ടേ സ്വൈപ് ചെയ്ത് തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന ടെംപ്ലേറ്റിനെന്റെ നിറം അടക്കം പല കാര്യങ്ങളും യഥേഷ്ടം മാറ്റുകയു ചെയ്യാം.

∙ വോലറ്റിലും മാറ്റങ്ങള്‍

ആപ്പിള്‍ പേ ഉപയോക്താക്കള്‍ക്ക് പേ ലേറ്റര്‍ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്. പ്രധാന മാറ്റം അമേരിക്കയിലെ ഉപയോക്താക്കള്‍ക്കു മാത്രമാണ് തുടക്കത്തില്‍ ഈ സേവനം ലഭ്യമാക്കുക. ഓര്‍ഡര്‍ ട്രാക്കിങ് ഫീച്ചറും വരുന്നു. വോലറ്റ് ആപ്പില്‍ തന്നെ റിസീറ്റുകള്‍ കിട്ടും. ആപ്പില്‍ നിന്നു തന്നെ ഓര്‍ഡറുകളും ട്രാക്കു ചെയ്യാം. തിരിച്ചറിയല്‍ രേഖകളും വോലറ്റില്‍ ഇനി സൂക്ഷിക്കാം. വയസു തെളിയിക്കാനുള്ള രേഖകളും ചേര്‍ക്കാം.

∙ കാര്‍പ്ലേ

പുതിയ തലമുറ കാര്‍പ്ലേ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. വണ്ടിയുടെ ഹാര്‍ഡ്‌വെയറുമായി കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയലാണിത്. ഒന്നിലേറെ സ്‌ക്രീനുകളിലേക്ക് കണ്ടെന്റ് പകര്‍ന്നു നല്‍കാനുള്ള ശേഷിയും ഇത് ആര്‍ജിച്ചു. കാര്‍പ്ലേക്ക് ഇന്ധനം എത്രബാക്കിയുണ്ട്, കാറിനുള്ളിലെ താപം, സ്പീഡ് തുടങ്ങിയവയും ഇനി കാണിക്കാന്‍ സാധിക്കും.

ios-16-features-1

∙ ഷെയര്‍പ്ലേ

ഫെയ്‌സ്‌ടൈമില്‍ നിന്നു മാത്രമല്ല മെസേജസില്‍ നിന്നും ഷെയര്‍പ്ലേയിലേക്ക് പോകാന്‍ ഐഒഎസ് 16 ല്‍ സാധിക്കും. 

∙ ഡിക്ടേഷനില്‍ മാറ്റം

പറഞ്ഞുകൊടുത്ത് എഴുതിക്കുന്ന തത്സമയ ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ഉപയോഗിച്ച് ടൈപ്പു ചെയ്യുന്നതു കുറയ്ക്കാം. ടൈപ്പിങും ഡിക്‌റ്റേഷനും തമ്മില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റിയെടുക്കാം. 

∙ ഐഫോണ്‍ 7 കാര്‍ക്ക് സപ്പോര്‍ട്ടില്ല

ഐഫോണ്‍ 8നു ശേഷം അവതരിപ്പിച്ച ഫോണുകള്‍ക്കെല്ലാം ഐഒഎസ് 16 ലഭ്യമാക്കുമെന്നാണ് മനസ്സിലാകുന്നത്. അതായത് നിലവില്‍ ഐഒസ് 15 പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 7, 7 പ്ലസ്, 6എസ്, 6എസ്പ്ലസ്, ഐഫോണ്‍ എസ്ഇ (ആദ്യ മോഡല്‍) എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഒഎസ് ലഭിക്കില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *