ആപ്പിളിന്റെ ഈ വര്‍ഷത്തെ സുപ്രധാന സമ്മേളനമായ വേള്‍ഡ്‌വൈഡ് ഡവലപ്പര്‍ കോണ്‍ഫറന്‍സ് (ഡബ്ല്യുഡബ്ല്യുഡിസി) ജൂണ്‍ 6ന് ആരംഭിക്കും. എല്ലാ വര്‍ഷവും ഈ കോണ്‍ഫറന്‍സിലെ പ്രധാന വിഭവം തന്നെ ആപ്പിളിന്റെ ഉപകരണങ്ങളിലെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഉടനെ ലഭിച്ചേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളാണ്. എന്നാല്‍, അതുമാത്രമായിരിക്കില്ല താനും. ഈ വര്‍ഷം ഐപാഡിന് വയര്‍ലെസ് ചാര്‍ജിങ് നല്‍കുന്ന കാര്യം, ആപ്പിള്‍ ടിവിക്കു വരുന്ന മാറ്റങ്ങള്‍ തങ്ങളുടെ വെര്‍ച്വല്‍ റിയാലിറ്റി അല്ലെങ്കില്‍ മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയും പുറത്തുവിടുമെന്നും കരുതുന്നു. ഇതിനു പുറമെ ആയിരിക്കും തങ്ങളുടെ പുതിയ സേര്‍ച്ച് എൻജിനെക്കുറിച്ചുള്ള പ്രഖ്യാപനം വരുമെന്ന് ചില കേന്ദ്രങ്ങള്‍ പറയുന്നത്. കൂടാതെ, ഐഫോണുകള്‍ക്ക് ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലേ ഫീച്ചര്‍ നല്‍കിയേക്കുമെന്നും പറയുന്നു.

∙ ഐഫോണിന് ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലേ?

തുടക്ക ദിനത്തില്‍ തന്നെയുള്ള കീനോട്ട് പ്രഖ്യാപനങ്ങളില്‍ ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയുടെ 16-ാം പതിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നു കരുതുന്നു. മാക്ഒഎസ്, വാച്ച് ഒഎസ് എന്നിവയെക്കുറിച്ചും സംസാരിച്ചേക്കും. ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവ 15-ാം തലമുറയെ അനുസ്മരിപ്പിക്കുന്ന കാഴ്ചാനുഭവം തന്നെയായിരിക്കും നല്‍കുക. പക്ഷേ, മൊത്തത്തില്‍ പല പ്രകടന മികവുകളും കൊണ്ടുവരും. കൂടാതെ, ചില ഉപകരണങ്ങള്‍ക്ക് ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലേ, ലോക്‌സ്‌ക്രീന്‍ വിജിറ്റ്‌സ്, മെസേജ് ആപ്പിലുള്ള വ്യത്യാസം തുടങ്ങിയവയും പ്രതീക്ഷിക്കുന്നു. സദാഓണ്‍ ആയിരിക്കുന്ന ഡിസ്‌പ്ലേ ഫീച്ചര്‍ വന്നാല്‍ തന്നെ അത് ഐഒഎസ് 16 കിട്ടുന്ന എല്ലാ മോഡലുകള്‍ക്കും കിട്ടിയേക്കില്ല. മിക്കവാറും ഓലെഡ് സ്‌ക്രീനുകളുള്ള എല്ലാ ഐഫോണുകള്‍ക്കും ഈ ഫീച്ചര്‍ കിട്ടിയേക്കുമെന്നു പറയുന്നു. അതേസമയം, മിക്ക ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കും വര്‍ഷങ്ങളായി ലഭിക്കുന്ന ഫീച്ചറാണ് സദാ ഓണായിരിക്കുന്ന ഡിസ്‌പ്ലേ എന്നത് മറ്റൊരു വസ്തുതയാണ്.

∙ എന്നാണ് പുതിയ ഒഎസ് ലഭ്യമാക്കുക?

പുതിയ ഒഎസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡബ്ല്യുഡബ്ല്യുഡിസിയില്‍ പുറത്തുവിട്ടേക്കുമെങ്കിലും ഒഎസിന്റെ ബീറ്റാ പതിപ്പ് ജൂലൈയില്‍ പ്രതീക്ഷിക്കാം. ഐഫോണ്‍ 14 സീരീസിനൊപ്പമായിരിക്കും പുതുക്കിയ ഒഎസ് ലഭിക്കുക.

∙ ഏതെല്ലാം ഐഫോണുകള്‍ക്കാണ് ഐഒഎസ് 16 ലഭിക്കുക?

ഐഫോണ്‍ 6എസ് മുതലുള്ള ഉപകരണങ്ങള്‍ക്കാണ് ഇപ്പോള്‍ ഐഒഎസ് 15 ലഭിക്കുന്നത്. എന്നാല്‍, ഐഒഎസ് 16 ഐഫോണ്‍ 7 മുതല്‍ ഉള്ള ഫോണുകള്‍ക്കായിരിക്കാം ലഭിക്കുക. ഐപാഡ് എയര്‍ 2നു ശേഷമുള്ള ഐപാഡുകള്‍ക്ക് ഐപാഡ് ഒഎസ് 16 പ്രതീക്ഷിക്കുന്നു.

∙ മെസേജിങ്

ആപ്പിളിന്റെ മെസേജിങ് സംവിധാനത്തില്‍ വലിയ മാറ്റം വന്നേക്കുമെന്നാണ് മറ്റൊരു കേട്ടുകേള്‍വി. സമൂഹ മാധ്യമങ്ങളില്‍ കണ്ടുവരുന്നതിനു സമാനമായ ഫീച്ചറുകളായിരിക്കും വരിക എന്നു പറയുന്നു. എന്നാല്‍, ഇത് എങ്ങനെ ആയിരിക്കുമെന്നതിനെക്കുറിച്ച് വലിയ ധാരണയൊന്നും ആര്‍ക്കുമില്ല. ഓഡിയോ മെസേജിന്റെ കാര്യത്തിലായിരിക്കും മാറ്റം പ്രതീക്ഷിക്കാവുന്നത് എന്നാണ് ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്. അതേസമയം, ഇപ്പോള്‍ത്തന്നെ ആപ്പിളിന്റെ ഐമെസേജ് ആപ്പിളിന്റെ ഒഎസ് പരിസ്ഥിതിയിലുള്ളവര്‍ക്ക് ഒരു സമൂഹമാധ്യമത്തിന്റെ പ്രതീതി നല്‍കുന്നുമുണ്ട്. അമേരിക്കയില്‍ ടീനേജര്‍മാരില്‍ വലിയൊരു ശതമാനവും ഐമെസേജ് ഒഴികെ ഒന്നും ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ പുതിയ സേര്‍ച്ച് എൻജിന്‍ വരുമോ?

ലോകത്തെ സേര്‍ച്ചിന്റെ 90 ശതമാനത്തോളം കൈയ്യടക്കി വച്ചിരിക്കുന്നത് ഗൂഗിളാണ്. ഗൂഗിളിന്റെ സേര്‍ച്ചിന്റെ സുപ്രധാന ഘടകങ്ങളിലൊന്ന് അവരുടെ പേജ്‌റാങ്ക് (PageRank) അല്‍ഗോറിതമാണെന്ന് സൈഡോമീഡിയ പറയുന്നു. ഒരാള്‍ സേര്‍ച്ചു ചെയ്യുന്ന കാര്യത്തെക്കുറിച്ചുള്ള 200 റാങ്കിങ് കാര്യങ്ങള്‍ പരിഗണച്ചാണ് സേര്‍ച്ച് നടത്തുന്നത്. അതേസമയം, ഗൂഗിളിന്റെ സേര്‍ച് എൻജിന്‍ റിസള്‍ട്ട് പേജസ് അല്ലെങ്കില്‍ എസ്ഇആര്‍പി മികച്ച വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് എത്തിച്ചു കൊടുക്കുന്നു എന്ന് ഉറപ്പാക്കും. ഒപ്പം സേര്‍ച്ച് ചെയ്യുന്നയാള്‍ വെബില്‍ എന്തെല്ലാം ചെയ്യുന്നുഎന്നു നോക്കിയിരിക്കുകയും ചെയ്യുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആപ്പിളിന്റെ സേര്‍ച്ച് എൻജിന്‍ ഇതില്‍നിന്നു വ്യത്യസ്തമായിട്ടാകും പ്രവര്‍ത്തിക്കുക.

∙ ഗൂഗിളിന്റെ സേര്‍ച്ച് കച്ചവടം പൊളിയുമോ?

ആപ് പ്രൈവസി ഫീച്ചര്‍ കൊണ്ടുവരിക വഴി കഴിഞ്ഞ വര്‍ഷം ഫെയ്‌സ്ബുക്കിന്റെ കുതിപ്പിനു തടയിട്ട ആപ്പിള്‍ ഇനി ഒരുങ്ങുന്നത് ഗൂഗിളിന്റെ അപ്രമാദിത്യം പൊളിക്കാനായിരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ആപ്പിളിന്റെ സേര്‍ച്ച് എൻജിന്റെ പേര് ‘സ്‌പോട്‌ലൈറ്റ്’ എന്നായിരിക്കാം. നിലവില്‍ ആപ്പിളിന്റെ ഉപകരണങ്ങള്‍ക്കുള്ളില്‍ നടത്തുന്ന സേര്‍ച്ചുകള്‍ സ്‌പോട്‌ലൈറ്റാണ് ചെയ്യുന്നത്. എന്നാല്‍, അതുമാത്രമല്ല വെബ്, ക്ലൗഡ് കേന്ദ്രീകൃത റിസള്‍ട്ടുകളും കൊണ്ടുവരാനും അതു പഠിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുണ്ട്. ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ നീക്കം ഫെയ്‌സ്ബുക്കിന് ഒരു വര്‍ഷം നല്‍കിയത് ഏകദേശം 1000 കോടി ഡോളറിന്റെ നഷ്ടമാണ്. ആപ്പിളിന്റെ സേര്‍ച്ച് നീക്കം ഫലിച്ചാല്‍ ഗൂഗിളിനും സമാനമായ തിരിച്ചടി ഉണ്ടായേക്കാം. അതേസമയം, ഗൂഗിള്‍ മാപ്‌സിനെതിരെ അവതരിപ്പിച്ച ആപ്പിള്‍ മാപ്‌സ് കാര്യമായ ചലനം ഉണ്ടാക്കിയില്ലെന്നുള്ളത് ഗൂഗിളിന് ആശ്വാസം പകര്‍ന്നേക്കും.

∙ എന്തുകൊണ്ടാണ് ഗൂഗിളിന്റ സേര്‍ച്ച് ആധിപത്യം തുടരുന്നത്?

ഗൂഗിള്‍ മികച്ച സേര്‍ച്ച് റിസള്‍ട്ട് നല്‍കുന്നു എന്നതും മിക്കവാറും ഉപയോക്താക്കള്‍ക്കൊന്നും സ്വകാര്യതയെക്കുറിച്ച് വേണ്ട അവബോധം ഇല്ലെന്നുള്ളതുമാണ് സേര്‍ച്ച് ആധിപത്യത്തിനു പിന്നില്‍. ഗൂഗിള്‍ പ്രോഡക്ടുകളെക്കുറിച്ച് പൊതുവെ നിലനില്‍ക്കുന്ന ഒരു ആരോപണമാണ് ഉപയോക്താക്കളുടെ ചെയ്തികള്‍ നിരീക്ഷിക്കുന്നു എന്നത്. ‘ഗൂഗിള്‍ ക്രോം ആണ് ട്രാക്കിങ്ങില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് എന്തെങ്കിലും അര്‍ഥവത്തായ പരിരക്ഷ നല്‍കാത്ത ബ്രൗസര്‍’ എന്ന് മോസില ഫോര്‍ബ്‌സിനോടു പറഞ്ഞു. ആപ്പിളിന്റെ സഫാരി ബ്രൗസറില്‍ ഡീഫോള്‍ട്ട് സേര്‍ച്ച് എൻജിനായിരിക്കാൻ ഗൂഗിള്‍ കഴിഞ്ഞ ഒരു വര്‍ഷത്തേക്ക് 1500 കോടി ഡോളറാണ് നല്‍കിയതെന്നു പറയുന്നു. ഡീഫോള്‍ട്ട് സേര്‍ച്ച് എൻജിന്‍ ആര്‍ക്കും മാറ്റാം. എന്നാല്‍, ആരും മാറ്റുന്നില്ലെന്നുള്ള തിരിച്ചറിവാണ് ഗൂഗിള്‍ ഇത്ര വലിയ തുക ആപ്പിളിനു നല്‍കുന്നത്. അതേസമയം, ആപ്പിളിന്റെ സേര്‍ച്ച് എൻജിന്‍ അരങ്ങേറ്റത്തിനു സജ്ജമായെങ്കില്‍ അതായിരിക്കാം ഇനി സഫാരിയില്‍ ഡീഫോള്‍ട്ട് സേര്‍ച്ച് എൻജിനാക്കുക.

∙ ആപ്പിള്‍ ഫാന്‍സ് കരുതുന്നു, ആപ്പിളിന്റെ സേര്‍ച്ച് എൻജിന്‍ ഗൂഗിളിനെ തോല്‍പ്പിക്കുമെന്ന്

ആപ്പിള്‍ കമ്പനിയുടെ ശക്തി അവരുടെ ഫാന്‍സ് ആണ്. ആപ്പിള്‍ ചെയ്യുന്നതെന്തും ശരിയാണെന്ന് അവര്‍ കരുതുന്നു. ആപ്പിളിന്റെ സേര്‍ച്ച് എൻജിന്‍ ഫാന്‍സ് ഏറ്റെടുത്തേക്കാം. നൂതനത്വത്തിന്റെ രാജാവാണ് ആപ്പിള്‍ എന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, ലോകത്ത് ആളുകളെക്കുറിച്ച് ഏറ്റവുമധികം ഡേറ്റ ശേഖരിച്ച കമ്പനികളിലൊന്നാണ് ഗൂഗിള്‍. ആപ്പിള്‍ ഒരു സേര്‍ച്ച് എൻജിന്‍ കൊണ്ടുവന്നാല്‍ ഗൂഗിളിന് അടിയന്തരമായി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതായി വന്നേക്കാം. സ്വകാര്യത, ഉപയോഗ സുഖം, പരസ്യക്കാരെ അകറ്റി നിർത്തല്‍, ഓര്‍ഗാനിക് സേര്‍ച്ച് തുടങ്ങിയവയായിരിക്കും ആപ്പിള്‍ സേര്‍ച്ചിന്റെ മികവ് എന്നു കരുതപ്പെടുന്നു. അതേസമയം, ഇരു ഭീമന്മാരും സേര്‍ച്ചിന്റെ ഗോദായില്‍ ഏറ്റുമുട്ടിയേക്കില്ലെന്നു കരുതുന്നവരും ഉണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *