വാട്‌സാപ് ഉപയോക്താക്കളുടെ ഡേറ്റ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കാൻ 2021ല്‍ കൊണ്ടുവന്ന വിവാദ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസില്‍ കമ്പനിക്ക് തിരിച്ചടി. പുതിയ സ്വകാര്യതാ നയത്തെക്കുറിച്ച് ഇന്ത്യയുടെ കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കമ്പനി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആ കേസിലാണ് മെറ്റാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്ബുക്, വാട്‌സാപ് കമ്പനികള്‍ക്ക് തിരിച്ചടി നേരിട്ടിരിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങുന്ന ബെഞ്ചാണ് പുതിയ വിധി പ്രഖ്യാപിച്ചത്. സിസിഐക്ക് തങ്ങളുടെ പുതിയ നയത്തെക്കുറിച്ച് അന്വേഷിക്കാനാവില്ലെന്നാണ് വാട്‌സാപ് കോടതിയില്‍ വാദിച്ചത്. ഇന്ത്യയുടെ പുതിയ ഡേറ്റ പരിപാലന നിയമം വരുന്നതുവരെയും വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിവരുന്നതു വരെയുമാണ് തങ്ങള്‍ നയം നടപ്പാക്കുന്നതു മാറ്റിവച്ചിരിക്കുന്നത് എന്നാണ് വാട്‌സാപ് വാദിച്ചത്. തങ്ങള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസില്ല, ഇതിനാല്‍ സിസിഐക്ക് അന്വേഷിക്കാന്‍ പറ്റില്ലെന്നാണ് ഫെയ്‌സ്ബുക് ഉന്നയിച്ച വാദം.
എന്നാല്‍, തങ്ങള്‍ വാട്‌സാപ് ഫെയ്‌സ്ബുക്കുമായി ഡേറ്റ പങ്കുവയ്ക്കുന്ന കാര്യത്തെക്കുറിച്ചാണ് അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഡേറ്റ പരിപാലന ബില്ലിന്റെ പരിധിയില്‍ വരുന്ന സ്വകാര്യതാ പ്രശ്‌നത്തെക്കുറിച്ചല്ലെന്നും സിസിഐ വാദിച്ചു. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും നയം ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നതു ശ്രദ്ധിക്കണമെന്നുമാണ് സിസിഐ വാദിച്ചത്. കൂടാതെ തങ്ങളുടെ അന്വേഷണം പ്രധാനമായും വാട്‌സാപിലെ ഡേറ്റ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുമ്പോള്‍ എതിരാളികളായ കമ്പനികള്‍ക്കുണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് എന്നും സിസിഐ കോടതിയില്‍ പറഞ്ഞു. ഇതോടെ, കോടതി വാട്‌സാപിന്റെയും ഫെയ്‌സ്ബുക്കിന്റെയും വാദങ്ങള്‍ തള്ളുകയായിരുന്നു.
∙ സൗജന്യ ഇമെയില്‍ സംരക്ഷണവുമായി ഡക്ഡക്‌ഗോ
സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നവര്‍ ഉപയോഗിക്കുന്ന സേര്‍ച് എൻജിനായ ഡക്ഡക്‌ഗോ കമ്പനി പുതിയ സേവനം തുടങ്ങി. ഇതും സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ്. കൈമാറപ്പെടുന്ന ഇമെയിലില്‍ 85 ശതമാനത്തിലും വിവിധ തരത്തിലുള്ള ട്രാക്കിങ് സംവിധാനങ്ങള്‍ ഉണ്ടെന്ന് കമ്പനി പറയുന്നു. ഇതിനെതിരെയാണ് കമ്പനിയുടെ പുതിയ സേവനം അവതരിപ്പിക്കുന്നത്.
ഡക്ഡക്‌ഗോ ഇമെയില്‍ പ്രൊട്ടക്‌ഷന്‍ എന്നു വിളിക്കുന്ന പുതിയ സേവനം സൗജന്യമാണ്. ഇതൊരു ഇമെയില്‍ ഫോര്‍വേഡിങ് സംവിധാനമാണ്. ഇത് വേണ്ടവര്‍ ഒരു പുതിയ (@duck.com) ഇമെയില്‍ അഡ്രസ് സൃഷ്ടിക്കണം. നിങ്ങളുടെ നിലവിലുള്ള ഇമെയില്‍ അഡ്രസ് ഡക്ഡക്‌ഗോയുടെ സേവനവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. നിലവിലുള്ള ഇമെയില്‍ തന്നെ ഉപയോഗിക്കാം. ഇമെയിലിനൊപ്പം എത്തുന്ന ട്രാക്കിങ് സംവിധാനം ഒഴിവാക്കുമെന്നതു കൂടാതെ സ്മാര്‍ട് എന്‍ക്രിപ്ഷനും ഡക്ഡക്‌ഗോ നല്‍കുന്നു. ഐഒഎസിലും ആന്‍ഡ്രോയിഡിലുമുള്ള ഡക്ഡക്‌ഗോ ആപ് വഴി @duck.com അഡ്രസ് സൃഷ്ടിക്കാം.
ആപ്പിന്റെ സെറ്റിങ്‌സില്‍ ഇമെയില്‍ പ്രൊട്ടക്‌ഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാെമന്നും കമ്പനി പറയുന്നു. ഇനി, കംപ്യൂട്ടറിലാണ് സേവനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് duckduckgo.com/email അഡ്രസിലെത്തിയാല്‍ മതിയെന്നും കമ്പനി അറിയിക്കുന്നു. ഇത് വിന്‍ഡോസ്, ലിനക്‌സ് ഉപയോക്താക്കള്‍ക്കു വേണ്ടിയാണ്. എന്നാല്‍ മാക് ഉപയോഗിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ഒരു ഡക്ഡക്‌ഗോ ബീറ്റാ ആപും ഉണ്ട്.
മിക്കവരും ആപ്പുകളിലോ ബ്രൗസറുകളിലോ സ്വന്തം ഇമെയില്‍ തുറന്നു വയ്ക്കുന്ന ശീലക്കാരാണ്. ഇതുവഴി കമ്പനികള്‍ക്ക് വ്യക്തികളെ തിരിച്ചറിയാനാകും. ഇതിനൊരു തടയിടാനാണ് ഡക്ഡക്‌ഗോ ശ്രമിക്കുന്നത് എന്നാണ് പറയുന്നത്. ഇതിനു പുറമെ, ചില സേവനങ്ങള്‍ക്ക് ഇമെയില്‍ അഡ്രസ് ചോദിക്കും. നിങ്ങള്‍ക്ക് പ്രധാന മെയില്‍ അഡ്രസ് നല്‍കാന്‍ താത്പര്യമില്ലെങ്കില്‍ തത്കാലത്തേക്കായി ഒരു സ്വകാര്യ ഡക് അഡ്രസ് സൃഷ്ടിക്കുകയും ചെയ്യാം.
∙ സാംസങ് ഗാലക്‌സി എസ്23 അള്‍ട്രായ്ക്ക് ഡിസൈനില്‍ വ്യത്യാസം കണ്ടേക്കില്ല
സാംസങ്ങിന്റെ അടുത്ത പ്രീമിയം സ്മാര്‍ട് ഫോണുകള്‍ അവതരിപ്പിക്കാന്‍ ഇനിയും ആറുമാസം വരെയെടുത്തേക്കും. എന്നാല്‍, ഇതേക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഇപ്പോള്‍ത്തന്നെ പുറത്തുവരുന്നുണ്ട്. ഐസ് യൂണിവേഴ്‌സ് ആണ് ഇപ്പോള്‍ വില്‍പനയിലുള്ള ഗാലക്‌സി എസ്22 അള്‍ട്രായും ഇനി ഇറങ്ങാന്‍ പോകുന്ന എസ്23 അള്‍ട്രായും തമ്മില്‍ ഡിസൈനിന്റെ കാര്യത്തില്‍ കാര്യമായ വ്യത്യാസം പ്രതീക്ഷിക്കേണ്ടന്ന് പറഞ്ഞിരിക്കുന്നത്. ക്യാമറാ ഡിസൈനിന്റെ കാര്യത്തിലും വലുപ്പത്തിലുമൊന്നും ഇരു മോഡലുകളും തമ്മില്‍ ചെറിയ വ്യത്യസം പോലും വരില്ലെന്നാണ് പ്രവചനം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങളുടെ ഫോണുകള്‍ക്ക് കാര്യമായ ഡിസൈന്‍ വ്യത്യാസങ്ങള്‍ കൊണ്ടുവരുന്നില്ലെന്ന ആരോപണം സാംസങ്ങിനെതിരെ ഉയരുന്നതിനിടെയാണ് പുതിയ ലീക്കുകള്‍ എത്തിയിരിക്കുന്നത്.
∙ അമേരിക്കയുടെ 5200 കോടി ഡോളറിന്റെ ചിപ്‌സ് നിയമം ബൈഡന്‍ ഒപ്പുവയ്ക്കും
കംപ്യൂട്ടര്‍, സ്മാര്‍ട് ഫോണ്‍, സെല്‍ഫ് ഡ്രൈവിങ് കാര്‍, ആയുധങ്ങള്‍ തുടങ്ങിയവയ്ക്ക് അടക്കമുള്ള പ്രോസസറുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിയമം അമേരിക്ക കൊണ്ടുവരുമെന്ന് മാസങ്ങളായി പറഞ്ഞു കേള്‍ക്കുന്നതാണ്. ഇതിനായി അമേരിക്കയില്‍ വന്‍തോതില്‍ മുതല്‍മുടക്കു നടത്താന്‍ സാംസങ് അടക്കമുള്ള കമ്പനികള്‍ മുന്നോട്ടുവരികയും ചെയ്തിരുന്നു. എന്നാല്‍, സർക്കാരിന്റെ ഭാഗത്തുനിന്ന് അനക്കം ഇല്ലാതിരുന്നതിനാല്‍ ഇത് നടന്നേക്കില്ലെന്നുള്ള ആശങ്ക പോലും നിലനിന്നിരുന്നു. അത്തരം സന്ദേഹങ്ങളെ അസ്ഥാനത്താക്കി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുതിയ നിയമത്തില്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇത് ‘5270 കോടി ഡോളര്‍ സെമികണ്‍ഡക്ടര്‍ ചിപ്‌സ് മാനുഫ്ക്ചറിങ് സബ്‌സിഡി റിസേര്‍ച് നിയമം’ എന്നാണ് അറിയപ്പെടുന്നത്. ചൈനയുടെ ശാസ്ത്ര-സാങ്കേതികവിദ്യാ മേഖലയിലുള്ള കുതിപ്പിനെതിരെ അമേരിക്കയ്ക്കും സഖ്യ കക്ഷികള്‍ക്കും കൂടുതല്‍ വളര്‍ച്ച കൈവരിക്കാനുള്ള പാത തെളിക്കുക എന്നതായിരിക്കും പുതിയ നിയമത്തിന്റെ ഉദ്ദേശ്യം.
∙ വണ്‍പ്ലസ് നോര്‍ഡ് വയേഡ് ബഡ്‌സ് 27-ാം തിയതി അവതരിപ്പിച്ചേക്കും ?
പുതിയ വയര്‍ലെസ് ഇയര്‍ബഡ്‌സ് മാത്രം അവതരിപ്പിക്കുന്ന ട്രെന്‍ഡിനിടയില്‍ വയേഡ് ഇയര്‍ബഡ്‌സ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വണ്‍പ്ലസ് കമ്പനി. വണ്‍പ്ലസ് നോര്‍ഡ് വയേഡ് ഇയര്‍ഫോണ്‍സിന് 9.2 എംഎം ഡൈനാമിക് ഡ്രൈവര്‍ യൂണിറ്റും, 0.42 സിസി സൗണ്ട് കേവിറ്റിയും (cavity) ഉണ്ടായിരിക്കുമെന്നാണ് സൂചന. ഇയര്‍ഫോണ്‍സില്‍ ഫോണ്‍ കോളുകളും വിഡിയോകോളും നടത്താന്‍ പാകത്തിനു മൈക്കും ഉണ്ടായിരിക്കുമെന്നു കരുതുന്നു. ഇതിന് 3.5 എംഎം ഓഡിയോ ജാക്കും ഉണ്ടായിരിക്കും.
∙ ആമസോണിനെതിരെ ടിക്‌ടോക് താരങ്ങള്‍
അമേരിക്കയില്‍ തരംഗമായ സമൂഹ മാധ്യമ ആപ്പായ ടിക്‌ടോക് നിരവധി ഇന്‍ഫ്‌ളുവന്‍സര്‍മാരെയും താരങ്ങളെയും സൃഷ്ടിച്ചിരിക്കുകയാണ്. ഏകദേശം 5.1 കോടിയിലേറെ പേരാണ് ഇവര്‍ക്ക് ഫോളോവേഴ്സായി ഉള്ളതെന്നു പറയുന്നു. പാട്ടും ഡാന്‍സുമൊക്കെയായി ജീവിതം ആഘോഷമായി കൊണ്ടാടുന്ന ഇവരിപ്പോൾ ഓണ്‍ലൈന്‍ വില്‍പനാ ഭീമന്‍ ആമസോണിനെതിരെ തിരിഞ്ഞിരിക്കുകയാണ് എന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്യുന്നു. ആമസോണിലെ ജോലിക്കാര്‍ക്ക് നീതി ലഭിക്കുന്നതുവരെയും ഇവിടെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതുവരെയും ആമസോണിനോട് സഹകരിക്കേണ്ടന്നാണ് ടിക്‌ടോക് താരങ്ങള്‍ തങ്ങളുടെ ഫോളോവേഴ്സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.