വ്യൂ വൺസ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാൻ പുതിയ തന്ത്രവുമായി വാട്സാപ്.
വാട്സാപ് എല്ലാ ഉപയോക്താക്കൾക്കും പുതിയതും നിർണായകവുമായ 3 സ്വകാര്യതാ ഫീച്ചറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യൂ വൺസ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതാണ് ഒരു ഫീച്ചർ.
വാട്സാപ് വ്യൂ വൺസ് അവതരിപ്പിച്ചെങ്കിലും മിക്കവരും അത്തരം സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എടുത്തിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഒരിക്കൽ മാത്രം കാണുക അല്ലെങ്കിൽ മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ ഉപയോക്താക്കളെ ഫോട്ടോകളോ വിഡിയോകളോ ഒരിക്കൽ മാത്രം ഷെയർ ചെയ്യാൻ അനുവദിക്കുന്നതാണ്. വ്യൂ വൺസ്മ എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ സ്വീകർത്താവിന് ഒരു തവണ മാത്രമാണ് സന്ദേശം കാണാൻ കഴിയുകു. കുറച്ചു കാലമായി ഇൻസ്റ്റാഗ്രാമിൽ സമാനമായ ഫീച്ചർ ലഭ്യമാണ്.
വ്യൂ വൺസ് സന്ദേശങ്ങൾക്കായുള്ള സ്‌ക്രീൻഷോട്ട് ബ്ലോക്കിങ് ഫീച്ചർ കമ്പനി നിലവിൽ പരീക്ഷിച്ചു വരികയാണെന്നും ഇത് എല്ലാവർക്കും ഉടൻ ലഭ്യമാകുമെന്നും വാട്‌സാപ് സ്ഥിരീകരിച്ചു. ഈ ഫീച്ചറിന് പിന്നിലെ പ്രധാന ആശയം ഒരു അധിക പരിരക്ഷ വാഗ്ദാനം ചെയ്യുക എന്നതാണ്.
എങ്ങനെയാണ് വാട്സാപിൽ വ്യൂ വൺസ് സെറ്റിങ് പ്രവർത്തനക്ഷമമാക്കുന്നത്? ഐഒഎസിലും ആൻഡ്രോയിഡിലും ഈ പ്രക്രിയ സമാനമാണ്.
ആദ്യം വാട്സാപ് ആപ് അപ്ഡേറ്റ് ചെയ്യുക, കോൺടാക്റ്റുമായി ഒരു തവണ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ഫോട്ടോയോ വിഡിയോയോ തിരഞ്ഞെടുക്കുക, അടിക്കുറിപ്പ് ബാറിന് അടുത്തായി ലഭ്യമായ വ്യൂ വൺസ് ഐക്കണിൽ ക്ലിക്ക് ചെയ്യുക, ഫീച്ചറിന്റെ ആക്ടിവേഷൻ സ്ഥിരീകരിക്കുക, പിന്നീട് ഫോട്ടോയോ വിഡിയോയോ ഷെയർ ചെയ്യാൻ സെൻഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
വാട്സാപ് രണ്ട് സ്വകാര്യതാ ഫീച്ചറുകൾ കൂടി ഇപ്പോൾ പ്രഖ്യാപിച്ചു. ഒരെണ്ണം എല്ലാവരിൽ നിന്നും അവരുടെ ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കാൻ അനുവദിക്കുന്നതാണ്. നിർദിഷ്‌ട കോൺടാക്റ്റുകളിൽ നിന്ന് അവസാനം കണ്ടതും പ്രൊഫൈൽ ഫോട്ടോയും സ്റ്റാറ്റസും മറയ്ക്കുന്നത് പോലെയാണ് ഇത് പ്രവർത്തിക്കുന്നത്. രണ്ടാമത്തെ ഫീച്ചർ അടിസ്ഥാനപരമായി ഉപയോക്താക്കളെ ആരെയും അറിയിക്കാതെ ഗ്രൂപ്പ് വിടാൻ അനുവദിക്കുന്നു. നിലവിൽ നിങ്ങൾ ഒരു ഗ്രൂപ്പ് വിട്ടാൽ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും അറിയും.