വാട്ട്സ്ആപ്പ് അടുത്തിടയായി നിരവധി സവിശേഷതകളാണ് അവതരിപ്പിക്കുന്നത്. ഇത്തവണ ഗ്രൂപ്പ് ചാറ്റുകളിലാണ് പുതിയ അപ്ഡേറ്റ് വരുന്നത്. ഗ്രൂപ്പുകളില്‍ വിവിധ ചിന്താഗതിയുള്ള ആളുകള്‍ ഉള്ളതിനാല്‍ സന്ദേശങ്ങള്‍ പലരേയും അലോസരപ്പെടുത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്ന വിധത്തിലാണ് കമ്പനി പുതിയ സവിശേഷത അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഗ്രൂപ്പില്‍ വരുന്ന അനാവശ്യ സന്ദേശങ്ങള്‍ ഇനിമുതല്‍ അഡ്മിന് ഡിലീറ്റ് ചെയ്യാന്‍ കഴിയും. വാട്ട്സ്ആപ്പിന്റെ ബീറ്റ വേര്‍ഷന്‍ 2.22.17.12 ല്‍ ഈ സവിശേഷതയുണ്ടെന്നാണ് വാബീറ്റഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷണ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. വൈകാതെ തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് വിവരം.
ഗ്രൂപ്പില്‍ ഏത് അംഗം അയച്ച സന്ദേശവും ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് സാധിക്കും. നിലവില്‍ ഏതൊരു അംഗത്തേയും പോലെ സ്വന്തം സന്ദേശം മാത്രം ഡിലീറ്റ് ചെയ്യാനുള്ള അധികാരമെ അഡ്മിന് ലഭ്യമായിട്ടുള്ളു. ഇതിലൂടെ എന്തെങ്കിലും തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സന്ദേശങ്ങള്‍ ഒഴിവാക്കാന്‍ അഡ്മിന് സാധിക്കും.
ഉദാഹരണത്തിന് ആരെങ്കിലും ഒരു അനാവശ്യ വീഡിയോയോ മറ്റൊ ഗ്രൂപ്പില്‍ വന്നാല്‍ അഡ്മിന് അധികാരം ഉപയോഗിച്ച് ഒഴിവാക്കാം. പുതിയ സവിശേഷത ഇത്തരം സാഹചര്യങ്ങളില്‍ ഉപകാരപ്രദമാകും. ഇതിന് പുറമെ വ്യാജമായ വാര്‍ത്തകള്‍, വിവരങ്ങള്‍ തുടങ്ങിയവ ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നതും തടയാന്‍ കഴിയും.