കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍. 280 അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ അനുവദിക്കുന്നതിന് പുറമെ ജിഫുകളും ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാന്‍ ട്വിറ്റര്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഒരു ട്വീറ്റില്‍ ഒരു വിഭാഗത്തില്‍ പെട്ട ഫയലുകള്‍ മാത്രമേ അനുവദിച്ചിരുന്നുള്ളൂ.

അതായത് നിങ്ങള്‍ ട്വീറ്റില്‍ ചിത്രമാണ് പങ്കുവെക്കുന്നത് എങ്കില്‍ ആ ട്വീറ്റില്‍ ചിത്രങ്ങള്‍ മാത്രമേ പങ്കുവെക്കാനാവൂ. ചിത്രങ്ങള്‍ക്കൊപ്പം വീഡിയോകളും ജിഫും ഒന്നിച്ച് ഒരേ ട്വീറ്റില്‍ പങ്കുവെക്കാന്‍ സാധിച്ചിരുന്നില്ല. ഈ രീതി മാറ്റാനൊരുങ്ങുകയാണ് ട്വിറ്റര്‍.

ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫ് എന്നിവ ഒരേ ട്വീറ്റില്‍ തന്നെ ഒന്നിച്ച് പങ്കുവെക്കാന്‍ സാധിക്കുന്ന സൗകര്യം അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍ എന്ന് ടിപ്പ്സ്റ്ററായ അലെസാന്‍ട്രോ പലുസി (@alex193a) പറയുന്നു.

നിലവില്‍ പരീക്ഷണ ഘട്ടത്തിലാണിത്. ചില ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ. പരീക്ഷണ ഘട്ടം കഴിഞ്ഞാല്‍ താമസിയാതെ തന്നെ ഒരു അപ്‌ഡേറ്റിലൂടെ ഇത് എല്ലാവരിലും എത്തിയേക്കും.

ഈ സൗകര്യം ലഭിച്ചാലും നാല് മള്‍ട്ടിമീഡിയ ഫയലുകള്‍ മാത്രമേ ഈ രീതിയില്‍ പങ്കുവെക്കാനാവൂ.

ട്വിറ്ററില്‍ ആളുകള്‍ ദൃശ്യാത്മക ആശയവിനിമയങ്ങളില്‍ കൂടുതലായി ഏര്‍പ്പെടുന്നുണ്ട്. ചിത്രങ്ങള്‍,ജിഫുകള്‍, വീഡിയോകള്‍ എന്നിവയെല്ലാം ആശയവിനിമയം ആവേശകരമാക്കാന്‍ അവര്‍ ഉപയോഗിക്കുന്നു. 280 അക്ഷരങ്ങള്‍ക്കപ്പുറം ട്വിറ്ററില്‍ കൂടുതല്‍ ക്രിയാത്മകമായി ആശയങ്ങളും വികാരവും പ്രകടിപ്പിക്കാന്‍ ഈ വ്യത്യസ്ത മീഡിയ ഫോര്‍മാറ്റുകള്‍ ആളുകള്‍ എങ്ങനെ ഒന്നിപ്പിക്കുമെന്നറിയാനാകുമെന്ന് ഈ ടെസ്റ്റിലൂടെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ട്വിറ്റര്‍ ടെക്ക് ക്രഞ്ചിന് നല്‍കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

മീഡിയാ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് ഈ സൗകര്യം ഏറെ പ്രയോജനകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ ഒന്നിലധികം ഫോര്‍മാറ്റിലുള്ള മീഡിയാ ഫയലുകള്‍ പങ്കുവെക്കണമെങ്കില്‍ വീഡിയോകള്‍ ഒരു ട്വീറ്റില്‍, ചിത്രങ്ങള്‍ മറ്റൊരു ട്വീറ്റില്‍ എന്നിങ്ങനെ ഒരോന്നും വ്യത്യസ്ത ട്വീറ്റുകളായി പങ്കുവെക്കണം.

By admin

Leave a Reply

Your email address will not be published. Required fields are marked *