ആഗോള തലത്തില്‍ 300 കോടിയിലേറെ ആന്‍ഡ്രോയിഡ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗൂഗിൾ, ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ അറിയിച്ചു. കമ്പനിയുടെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ടതിനൊപ്പമാണ് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം സ്ഥാപിച്ച പുതിയ റെക്കോഡിനെക്കുറിച്ചും അദ്ദേഹം പറഞ്ഞത്. ഇതുകൂടാതെ, 2021ല്‍ മാത്രം 100 കോടി ആന്‍ഡ്രോയിഡ് ഫോണുകള്‍ ആക്ടിവേറ്റു ചെയ്യപ്പെട്ടുവെന്നും പിച്ചൈ പറഞ്ഞു. പ്രതിമാസം 300 കോടിയിലേറെ പേര്‍ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്, ഇതെനിക്ക് അഭിമാനം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
∙ പിക്‌സല്‍ 6എ പ്രീ ഓര്‍ഡര്‍ തുടങ്ങി
വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണായ പിക്‌സല്‍ 6എയുടെ പ്രീ ഓര്‍ഡര്‍ തുടങ്ങിയെന്നും പിച്ചൈ പറഞ്ഞു. ഗൂഗിളിന്റെ വയര്‍ലെസ് ഇയര്‍ബഡ്‌സ് ആയ പിക്‌സല്‍ ബഡ്‌സ് പ്രോയും ഇപ്പോള്‍ ലോകത്തെ പല വിപണികളിലും പ്രീ ഓര്‍ഡര്‍ ചെയ്യാം. ഇരു ഉപകരണങ്ങളെക്കുറിച്ചും ഇതുവരെ പൊതുവെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
∙ വിഷ്വല്‍ സേര്‍ച്ചിനുള്ള ഗൂഗിള്‍ ലെന്‍സിന് ഉപയോക്താക്കളേറെ
ദൃശ്യ സേര്‍ച്ച് സംവിധാനമായ ഗൂഗിള്‍ ലെന്‍സും കൂടുതല്‍ പ്രീതി നേടിവരികയാണ്. ഇപ്പോള്‍ പ്രതിമാസം 800 കോടിയിലേറെ സേര്‍ച്ചുകളാണ് ഗൂഗിള്‍ ലെന്‍സ് വഴി നടക്കുന്നതെന്ന് പിച്ചൈ അറിയിച്ചു.
∙ മള്‍ട്ടി സേര്‍ച്ച്
അതേസമയം, പുതിയ തരം സേര്‍ച്ച് രീതിയായ മള്‍ട്ടി സേര്‍ച്ചും ജനപ്രീതിയാര്‍ജിച്ചു വരുന്നുണ്ട്. വാക്കുകളും ചിത്രങ്ങളും ഇടകലര്‍ത്തി ഉള്ള സേര്‍ച്ചുകളെയാണ് മള്‍ട്ടി സേര്‍ച്ച് എന്നു വിളിക്കുന്നത്. വരും മാസങ്ങളില്‍ മള്‍ട്ടി സേര്‍ച്ച് പ്രയോജനപ്പെടുത്തി ഒരാള്‍ക്ക് അടുത്തുളള ഭക്ഷണശാലകളും മറ്റും കണ്ടുപിടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ, സേര്‍ച്ചില്‍ അടക്കം പുതിയ തലമുറയിലെ കുട്ടികള്‍ ഗൂഗിളിനെ ആശ്രയിക്കുന്നത് കുറഞ്ഞുവരികയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പലരും ടിക്‌ടോക്കും ഇന്‍സ്റ്റഗ്രാമും വഴി ദൃശ്യ സേര്‍ച്ചുകളാണ് നടത്തുന്നത്. ഇതാണ് പുതിയ വഴികള്‍ തേടാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്നു കരുതുന്നു.
∙ ഗൂഗിള്‍ ട്രാന്‍സിലേറ്റിലേക്ക് 24 ഭാഷകള്‍ കൂടി
ലോകത്തെ വിവിധ ഭാഷകള്‍ ഉപയോഗിക്കുന്നവരെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുന്നതിന്റെ ഭാഗമായി 24 പുതിയ ഭാഷകള്‍ കൂടി ഗൂഗിള്‍ ട്രാന്‍സിലേറ്റില്‍ ഉള്‍പ്പെടുത്തിയതായും പിച്ചൈ പറഞ്ഞു. ഇവ ഏകദേശം 30 കോടിയോളം ആളുകള്‍ സംസാരിക്കുന്നതാണെന്ന് അദ്ദേഹം അറിയിക്കുന്നു. ഗൂഗിള്‍ മാപ്‌സിലെത്തുന്ന പുതിയ മികവാർന്ന അനുഭവം, അല്ലെങ്കില്‍ ഇമേഴ്‌സിവ് വ്യൂ കൊണ്ടുവരുന്നതിന് കംപ്യൂട്ടര്‍ വിഷന്‍ പ്രയോജനപ്പെടുത്തുന്നതായി അദ്ദേഹം വെളിപ്പെടുത്തി. കംപ്യൂട്ടര്‍ വിഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നൂറുകണക്കിനു കോടി ചിത്രങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി, ഓരോ പ്രദേശത്തെയും ശരിയായി പ്രതിനിധീകരിക്കുന്ന രീതിയിലായിരിക്കും മാപ്‌സിസില്‍ മികവാർന്ന അനുഭവം സമ്മാനിക്കുക.
∙ യൂട്യൂബ് ഷോര്‍ട്‌സ്
ടിക്‌ടോക്കിനെതിരെ ഗൂഗിള്‍ ഇറക്കിയ യൂട്യൂബ് ഷോര്‍ട്‌സ് ഇപ്പോള്‍ 150 കോടിയിലേറെ പേര്‍ ദിവസവും സൈന്‍-ഇന്‍ ചെയ്തു കണുന്നുവെന്ന് കമ്പനി അറിയിക്കുന്നു. ഷോര്‍ട്‌സിന് പ്രതിദിനം മൊത്തം 30 കോടിയിലേറെ വ്യൂസ് ലഭിക്കുന്നു. ഇതിനു പുറമെ, യൂട്യൂബ് ടിവിക്ക് ഏപ്രില്‍-ജൂണ്‍ കാലഘട്ടത്തില്‍ 50 ലക്ഷം പുതിയ സബ്‌സ്‌ക്രൈബര്‍മാരെ കിട്ടിയെന്നും കമ്പനി അറിയിക്കുന്നു.