സൈബര്‍ ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കാന്‍ മൈക്രോസോഫ്റ്റ്. ഓണ്‍ലൈന്‍ സുരക്ഷാ ആപ്ലിക്കേഷനായ മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി.
മൈക്രോസോഫ്റ്റ് 365-ന്റെ വ്യക്തിഗത, കുടുബം ഉപഭോക്താക്കള്‍ക്കാണ് മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ ലഭ്യമാകുക. വിന്‍ഡോസ്, മാക് ഓഎസ്, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പിന്‍ബലം ലഭിക്കും.
മൈക്രോസോഫ്റ്റ് 365 കുടുംബ, വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് ഡിഫന്‍ഡര്‍ ഉപയോഗിക്കാന്‍ അധികച്ചെലവൊന്നും ഉണ്ടാവില്ല. ഉപഭോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മൈക്രോസോഫ്റ്റ് അക്കൗണ്ട് വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യാം. എന്നാല്‍, മൈക്രോസോഫ്റ്റ് 365 ഉപഭോക്താക്കളല്ലാത്തവര്‍ക്ക് ഡിഫന്‍ഡര്‍ ഫോര്‍ ഇന്‍ഡിവിജ്യല്‍സ് വാങ്ങാന്‍ സാധിക്കില്ല. 30 ദിവസത്തെ ട്രയല്‍ മാത്രം ഉപയോഗിക്കാനാവും.
ഓരോ സെക്കന്‍ഡിലും 921 പാസ് വേഡ് ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. റാന്‍സം വെയര്‍ ഭീഷണികള്‍ സ്ഥിരം ഇരകളില്‍ നിന്ന് മാറി ചെറുകിട വ്യവസായങ്ങളേയും കുടുംബങ്ങളേയും ലക്ഷ്യമിടുന്നത് നമ്മള്‍ കാണുന്നു. കുറ്റവാളികള്‍ കൂടുതല്‍ പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ വ്യക്തിഗത പ്രതിരോധവും ശക്തിപ്പെടുത്തേണ്ടി വരും മൈക്രോസോഫ്റ്റ് കോര്‍പറേറ്റ് വൈസ് പ്രസിഡന്റായ വസു ജക്കല്‍ പറഞ്ഞു.
ഐ.ഓ.എസ്., ആന്‍ഡ്രോയിഡ്, മാക് ഓഎസ് ഉപകരണങ്ങളുടെ സുരക്ഷയും ഇതിലൂടെ സംരക്ഷിക്കാം. സുരക്ഷാ മുന്നറിയിപ്പുകളും, ഉപകരണങ്ങളും ഡാറ്റയും സുരക്ഷിതമാക്കിവെക്കാനുള്ള നിര്‍ദേശങ്ങളും വിന്‍ഡോസ് ഡിഫന്‍ഡര്‍ ആപ്ലിക്കേഷന്‍ നല്‍കും.