പ്ലേ സ്റ്റോറിൽ നിന്ന് എല്ലാ കോൾ റെക്കോർഡിങ് ആപ്പുകളും നിരോധിക്കുമെന്ന് കഴിഞ്ഞ മാസം ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. പ്ലേ സ്റ്റോർ നയത്തിലെ മാറ്റം ഇന്ന് (മേയ് 11) മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ഇൻബിൽറ്റ് കോൾ റെക്കോർഡിങ് ഫീച്ചറുമായി വരുന്ന ഫോണുകൾക്ക് മാറ്റങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് അറിയുന്നത്. കോൾ റെക്കോർഡിങ്ങിനുള്ള ആപ്പുകളാണ് ഗൂഗിൾ നിരോധിക്കുന്നത്.
കുപെർട്ടിനോ ആസ്ഥാനമായുള്ള ടെക് ഭീമൻ ആപ്പിൾ നേരത്തേ തന്നെ കോൾ റെക്കോർഡിങ് ആപ്പുകൾക്കും സേവനങ്ങൾക്കും എതിരാണ്. കോളുകൾ റെക്കോർഡുചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കമ്പനി വിശ്വസിക്കുന്നതിനാലാണിത്. ഇതേ കാരണത്താൽ, ഗൂഗിളിന്റെ സ്വന്തം ഡയലർ ആപ്പിലെ കോൾ റെക്കോർഡിങ് ഫീച്ചറിലും മാറ്റം കൊണ്ടുവന്നിരുന്നു. ‘ഈ കോൾ ഇപ്പോൾ റെക്കോർഡ് ചെയ്യപ്പെടുന്നു’ എന്ന മുന്നറിയിപ്പും കോൾ ചെയ്യുന്ന വ്യക്തിക്ക് ലഭിക്കുന്നുണ്ട്.
മൂന്നാം കക്ഷി ആപ്പുകളെ മാത്രമാണ് ഇപ്പോഴത്തെ മാറ്റം ബാധിക്കുകയുള്ളൂവെന്ന് ഗൂഗിൾ വ്യക്തമാക്കി. നിങ്ങളുടെ ഹാൻഡ്സെറ്റിൽ ലഭ്യമാണെങ്കിൽ ഗൂഗിൾ ഡയലറിലെ കോൾ റെക്കോർഡിങ് തുടർന്നും പ്രവർത്തിക്കും എന്നാണ് ഇതിനർഥം. കോൾ റെക്കോർഡിങ് ഫീച്ചറുള്ള ഏത് പ്രീലോഡ് ചെയ്ത ഡയലർ ആപ്പും മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും ഇത് വ്യക്തമാക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ കോൾ റെക്കോർഡിങ് ഫീച്ചർ ഉള്ള ആപ്പുകൾ മാത്രമാണ് നിരോധിക്കുന്നത്.
കോൾ റെക്കോർഡിങ് ആപ്പുകൾ നിരോധിക്കുന്നതായി ഗൂഗിൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ട്രൂകോളറിന്റെ പ്ലാറ്റ്‌ഫോമിൽ നിന്ന് കോൾ റെക്കോർഡിങ് ഫീച്ചർ നീക്കം ചെയ്തിരുന്നു. അപ്‌ഡേറ്റ് ചെയ്‌ത ഗൂഗിൾ ഡവലപ്പർ പ്രോഗ്രാം പോളിസികൾ അനുസരിച്ച്, കോൾ റെക്കോർഡിങ്ങുകൾ ഇനി മുതൽ നൽകാൻ ഞങ്ങൾക്ക് കഴിയില്ല. ഉപകരണത്തിൽ കോൾ റെക്കോർഡിങ് ഉള്ള ഉപകരണങ്ങളെ ഇത് ബാധിക്കില്ലെന്നും ട്രൂകോളർ വക്താവ് പറഞ്ഞു.
ഉപഭോക്തൃ ആവശ്യകതയെ അടിസ്ഥാനമാക്കിയാണ് എല്ലാ ആൻഡ്രോയിഡ് സ്മാർട് ഫോണുകൾക്കുമായി കോൾ റെക്കോർഡിങ് അവതരിപ്പിച്ചത്. ട്രൂകോളറിലെ കോൾ റെക്കോർഡിങ് എല്ലാവർക്കും സൗജന്യമാണ്, അനുമതി അടിസ്ഥാനമാക്കിയുള്ളതും ഗൂഗിൾ ആക്‌സസിബിലിറ്റി എപിഐ ഉപയോഗിച്ച് ഈ ഫീച്ചർ തുടർന്നും പ്രവർത്തനക്ഷമമാക്കാൻ ഉപയോക്താക്കൾക്ക് കഴിയുമെന്നും അറിയിച്ചിട്ടുണ്ട്.
ആൻഡ്രോയ്ഡ് 6 ൽ യഥാസമയമുള്ള കോൾ റെക്കോർഡിങിന് നിലവിൽ ഗൂഗിൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയ്ഡ് 10 ൽ മൈക്രോഫോണിൽ നിന്ന് ഇൻകമിങ് കോളുകൾ റെക്കോർഡാവുന്നത് തടയാനും സൗകര്യമുണ്ട്.