സുപ്രധാനവും ആശ്വാസകരവുമായ ഒരു മാറ്റം സമീപഭാവിയില്‍ തന്നെ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ കാത്തിരിക്കുന്നു എന്ന വാര്‍ത്തയാണ് സിനെറ്റ് പുറത്തുവിടുന്നത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി ഓരോ തവണയും പാസ്‌വേഡ് അടിച്ചു കയറുകയും അതു കൂടുതല്‍ സുരക്ഷിതമാക്കാനായി ടുഫാക്ടര്‍ ഓതന്റിക്കേഷനും മറ്റും പ്രയോജനപ്പെടുത്തുന്ന അറുമുഷിപ്പന്‍ രീതിയാണ് ഇന്നു നിലവിലുള്ളത്. എന്നാല്‍, ഇതൊക്കെ ഒഴിവാക്കാന്‍ നിലവില്‍വന്ന കൂട്ടായ്മയാണ് ഫാസ്റ്റ് ഐഡന്റിറ്റി ഓണ്‍ലൈന്‍ (ഫിഡോ-FIDO) അലയന്‍സ്. പാസ്‌വേഡ്-രഹിത ലോകത്തിനായി ഫിഡോയുമായി കൈകോര്‍ക്കുകയാണ് ആപ്പിള്‍, ഗൂഗിള്‍ മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക്‌നോളജി ഭീമന്മാര്‍. ഈ വമ്പന്‍ മാറ്റം ഈ വര്‍ഷം തന്നെ പ്രതീക്ഷിക്കാമെന്ന് ലിലിപുടിങ് പ്രവചിക്കുന്നു.
∙ ലോക പാസ്‌വേഡ് ദിനത്തില്‍ പുതിയ പ്രതീക്ഷ
ലോക പാസ്‌വേഡ് ദിനമാണ് മെയ് 5. അന്നേ ദിവസമാണ് ലോകത്തെ പ്രമുഖ സ്മാര്‍ട് ഫോണ്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഫിഡോയുടെ നീക്കത്തെ പിന്തുണയ്ക്കുന്നു എന്നറിയിച്ച് രംഗത്തെത്തിയത്. മൊബൈലുകളിലും കംപ്യൂട്ടറുകളിലും വെബ് ബ്രൗസറുകളിലും എളുപ്പത്തിലും സുരക്ഷിതമായും പ്രയോജനപ്പെടുത്താവുന്നതാണ് പാസ്‌വേഡില്ലാ സൈന്‍-ഇന്‍. വിന്‍ഡോസ്, മാക്ഒഎസ്, ക്രോംഒഎസ് തുടങ്ങിയ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഐഒഎസ്, ആന്‍ഡ്രോയിഡ് തുടങ്ങിയ സമാര്‍ട് ഫോണ്‍ ഒഎസുകളിലും ക്രോം, എജ്, സഫാരി തുടങ്ങിയ ബ്രൗസറുകളിലും പുതിയ സംവിധാനം എത്തിയേക്കും.
∙ സ്വകാര്യ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാമെന്ന് ആപ്പിള്‍
തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ സഹജാവബോധവും കഴിവും വര്‍ധിപ്പിക്കുന്നതിനും അവയെ കൂടുതല്‍ സ്വകാര്യവും സുരക്ഷിതവുമാക്കുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന് ആപ്പിളിന്റെ സീനിയര്‍ ഡയറക്ടര്‍ കേര്‍ട്ട് നൈറ്റ് പറഞ്ഞു. നൂതനമായി രീതി ഉപയോഗിക്കുമ്പോള്‍ പാസ്‌വേഡുകള്‍ക്കുള്ള പല പരിമിതികളെയും മറികടക്കാനാകും. ഇതുവഴി ഉപയോക്താവിന്റെ സ്വകാര്യ ഡേറ്റ കൂടുതല്‍ സുരക്ഷിതമാക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
∙ ഫോണ്‍ ഉപയോഗിച്ച് ലോഗ്-ഇന്‍
പാസ്‌വേഡില്ലാ ലോഗ്-ഇന്‍ പ്രക്രിയയ്ക്ക് ഫിഡോ സ്മാര്‍ട് ഫോണിനെ കേന്ദ്രീകരിച്ചുള്ള നീക്കമാണ് നടത്തുന്നത്. ഏതു തരം ഡിജിറ്റല്‍ ഒതന്റിക്കേഷനും ഫോണ്‍ ഉപയോഗിക്കാവുന്ന രീതിയിലേക്കാണ് എത്തുന്നത്. ആപ്പുകള്‍, വെബ്‌സൈറ്റുകള്‍, മറ്റു ഡിജിറ്റല്‍ സേവനങ്ങള്‍ ഇവയ്‌ക്കൊക്കെ സൈന്‍-ഇന്‍ ആവശ്യമാണെങ്കില്‍ അത് എളുപ്പവും സുരക്ഷിതവും ആക്കുകയാണ് പുതിയ രീതിവഴി എന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഓരോ വെബ് സേവനവും ഉപയോഗിക്കാനായി നിങ്ങളുടെ സ്മാര്‍ട് ഫോണ്‍ അണ്‍ലോക്ക് ചെയ്താല്‍ മതിയാകും. അതിന് പാസ്‌വേഡ് ആണോ, നമ്പര്‍ ലോക്ക് ആണോ, പാറ്റേണ്‍ ലോക്ക് ആണോ, ഫെയ്‌സ്‌ഐഡിയാണോ, ഫിംഗര്‍പ്രിന്റ് ഐഡിയാണോ എന്നതൊന്നും പ്രശ്‌നമല്ല. നിങ്ങള്‍ സ്വീകരിച്ചിരിക്കുന്ന രീതിയില്‍ ഫോണ്‍ അണ്‍ലോക് ചെയ്താല്‍ പാസ്‌വേഡേ വേണ്ടാതെ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാനാകുമെന്ന് ഗൂഗിള്‍ പറയുന്നു. വളരെ സവിശേഷമായ ക്രിപ്‌റ്റോഗ്രാഫിക് ടോക്കണ്‍ ആണ് ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഇതിനെ പാസ്‌കീ എന്നാണ് വിളിക്കുന്നത്. ഈ പാസ്‌കീ ഫോണും വേബ്‌സൈറ്റും ഒക്കെയായി കൈമാറുകയാണ് ചെയ്യുന്നത്.
∙ ലളിതവും സുരക്ഷിതവും
പുതിയ ഫിഡോ സൈന്‍-ഇന്‍ രീതി വളരെ ലളിതവും നിലവിലെ സംവിധാനത്തെക്കാള്‍ സുരക്ഷിതവുമാണെന്ന് ദി വേര്‍ജ് അഭിപ്രായപ്പെടുന്നു. ഓരോ ഫോണിലും ഈ പാസ്‌കീ സംവിധാനം ചേര്‍ക്കാം. പുതിയ ഫോണുകളിലടക്കം. ഇതിനായി ഓരോ തവണയും വീണ്ടും പേരുചേര്‍ക്കേണ്ടതില്ല. അങ്ങനെ ഒരിക്കല്‍ എന്റോള്‍ ചെയ്ത ഒരു ഉപകരണം കൈവശമുണ്ടെങ്കില്‍ സമീപത്തുള്ള മറ്റൊരു ഉപകരണത്തില്‍ സൈന്‍-ഇന്‍ ചെയ്യാനും ഇത് ഉപയോഗിക്കാം. ഏത് ഒഎസിലാണ് അതു പ്രവര്‍ത്തിക്കുന്നതെന്നൊ, ഏതു ബ്രൗസറാണ് ഉപയോഗിക്കുന്നതെന്നോ ആലോചിക്കുകയും വേണ്ട. പാസ്‌വേഡ് ഇല്ലാ സംവിധാനം ഉപകരണങ്ങളിലേക്കും മെയില്‍ മുതലായ സേവനങ്ങളിലേക്കും നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവര്‍ക്കും കൂടുതല്‍ വലിയ വിലങ്ങുതടിയായേക്കും എന്നും കരുതുന്നു. അതായത് നിങ്ങള്‍ അധികാരാപ്പെടുത്തിയ ഫോണ്‍ കൈവശപ്പെടുത്തിയാല്‍ മാത്രമാണ് എളുപ്പത്തില്‍ ആക്രമിക്കാന്‍ സാധിക്കുക. (അതേസമയം, അധികാരപ്പെടുത്തിയ ഫോണ്‍ തട്ടിയെടുത്താലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അധികം വിവരങ്ങളില്ല.)
∙ വെബ്‌സൈറ്റുകള്‍ പുതിയ മാറ്റത്തിന് ഒരുങ്ങണം
മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് വസു ജക്കളും പുതിയ സംവിധാനത്തെ പുകഴ്ത്തി രംഗത്തെത്തി. ഇതിനായി ഫിഡോയുടെ അധികാരപ്പെടുത്തല്‍ സംവിധാനം പ്രയോജനപ്പെടുത്താനാണ് കമ്പനികളുടെ തീരുമാനം. പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതിനാല്‍ വെബ്‌സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും മറ്റു സേവനങ്ങള്‍ക്കും വേണ്ട ക്രമീകരണങ്ങള്‍ നടത്തിത്തുടങ്ങാമെന്നും ഗൂഗിളിന്റെ ഉദ്യോഗസ്ഥനും ഫിഡോ പ്രസിഡന്റുമായ സമ്പത്ത് ശ്രീനിവാസ് പറഞ്ഞു.
∙ ആപ്പിള്‍ ഇനി സബ്‌സ്‌ക്രിപ്ഷനും ആപ്പുകള്‍ വാങ്ങാനും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ട ഒരു മാറ്റം തങ്ങളുടെ പണമടയ്ക്കല്‍ സംവിധാനത്തിലേക്ക് ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ് ആപ്പിള്‍. ഇനിമുതൽ ആപ്പിള്‍ സബ്‌സ്‌ക്രിപ്ഷനുകളോ, ആപ്പുകളോ വാങ്ങാന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധ്യമല്ല എന്നമാറ്റമാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. പകരം യുപിഐ, നെറ്റ് ബാങ്കിങ് എന്നിവ പ്രയോജനപ്പെടുത്താം.
∙ ട്വിറ്റര്‍ മേധാവി അഗ്രവാളിനെ ഉടനെ പുറത്താക്കും?
ടെസ്‌ല മേധാവിയായ ഇലോണ്‍ മസ്‌ക് സമൂഹ മാധ്യമമായ ട്വിറ്ററിന്റെ നിയന്ത്രണം താമസിയാതെ ഏറ്റെടുത്തേക്കുമെന്നും അതിന്റെ ഇപ്പോഴത്തെ മേധാവിയായ പരാഗ് അഗ്രവാളിനെ പുറത്താക്കിയേക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ട്വിറ്ററിന്റെ താത്കാലിക മേധാവിയായി മസ്‌ക് തന്നെ പ്രവര്‍ത്തിച്ചേക്കുമെന്നും പറയുന്നു.
∙ ട്വിറ്റര്‍ വാങ്ങല്‍: മസ്‌കിനെ പുകഴ്ത്തി സൗദി രാജകുമാരനും
മസ്‌ക് ട്വിറ്ററിന് മികച്ച നേതാവായിരിക്കുമെന്നാണ് സൗദി പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ അഭിപ്രായപ്പെട്ടതെന്ന് റോയിട്ടേഴ്‌സ്. നേരത്തെ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള മസ്‌കിന്റെ ശ്രമത്തെ എതിര്‍ത്ത ആളാണ് കമ്പനിയുടെ ഓഹരി കൈവശം വച്ചിരിക്കുന്ന പ്രിന്‍സ്. മസ്‌ക് ആകട്ടെ സ്വതസിദ്ധമായ രീതിയില്‍ രാജകുമാരന്റെ നിലപാടിനെ അപ്പോള്‍ത്തന്നെ ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മസ്‌കിനെ രാജകുമാരന്‍ ഇപ്പോള്‍ തന്റെ ‘പുതിയ കൂട്ടുകാരന്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
∙ 108 എംപി ക്യാമറയുമായി റെഡ്മി നോട്ട് 11 ടി പ്രോ
108 എംപി ക്യാമറ, 120w (അല്ലെങ്കില്‍ 67w) ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയ ഫീച്ചറുകളുമായി റെഡ്മി നോട്ട് 11 ടി പ്രോ താമസിയാതെ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. കഴിഞ്ഞ നവംബറിലാണ് റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിന് എംആര്‍പി 16,999 രൂപയായിരുന്നു. ഈ ഫോണിന്റെ പ്രോ വേര്‍ഷനാണ് ഇനി പുറത്തിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് പിന്നില്‍ മികച്ച ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം ഉണ്ടായേക്കാം. സെല്‍ഫി ക്യാമറയ്ക്ക് 16 എംപി റെസലൂഷനാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഫോണിന് 20,000 രൂപയില്‍ താഴെയാണ് വില പ്രതീക്ഷിക്കുന്നത്.