ഐപാഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിളിന്റെ ടാബ്‌ലറ്റ് കംപ്യൂട്ടറായ ഐപാഡിനെ കംപ്യൂട്ടറുകളുടെ പട്ടികയില്‍ പെടുത്താമോ? അങ്ങനെയാണെങ്കില്‍ ലോകത്ത് ഈ വര്‍ഷം ഏറ്റവുമധികം കംപ്യൂട്ടറുകള്‍ കയറ്റി അയച്ച കമ്പനി എന്ന ബഹുമതി ആപ്പിള്‍ സ്വന്തമാക്കിയെന്ന് ക്യാനലിസ് എന്ന മാര്‍ക്കറ്റ് ഗവേഷണ കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. എതിരാളിയായ ഏതെങ്കിലും കംപ്യൂട്ടര്‍ നിര്‍മാണ കമ്പനി കയറ്റുമതി ചെയ്തതിനേക്കാളേറെ കംപ്യൂട്ടറുകള്‍ 2022 ല്‍ ഇതുവരെ ആപ്പിള്‍ കയറ്റുമതി ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള ഘടകഭാഗങ്ങളുടെ ദൗര്‍ലഭ്യമില്ലായിരുന്നെങ്കില്‍ ഇതിലും മികച്ച പ്രകനം ആപ്പിള്‍ നടത്തുമായിരുന്നു എന്നും നിരീക്ഷണമുണ്ട്. മറ്റു ഗവേഷണ കമ്പനികള്‍ പുറത്തിറക്കുന്ന, ഏറ്റവുമധികം ലാപ്‌ടോപ് വില്‍ക്കുന്ന കമ്പനികളുടെ പട്ടികയില്‍ ആപ്പിളിന് നാലാം സ്ഥാനമാണ്.

പുതിയ കണക്കുകള്‍ 2022ലെ ആദ്യ പാദത്തിലെ മൊത്തം കയറ്റുമതിയെ അടിസ്ഥാനമാക്കിയാണ്. ഈ സമയത്ത് ആപ്പിളിന്റെ കയറ്റുമതി 22.3 ദശലക്ഷമായെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്റെ എതിരാളിയായ ലെനോവോ ഈ സമയത്ത് 21.1 ദശലക്ഷം കംപ്യൂട്ടറുകള്‍ കയറ്റുമതി ചെയ്തു. മറ്റൊരു എതിരാളിയായ എച്പി ആകട്ടെ 15.9 ദശലക്ഷം എണ്ണം കയറ്റി അയച്ചു. ഐപാഡുകളെ കംപ്യൂട്ടറുകളുടെ ഗണത്തില്‍ പെടുത്തുന്നതിൽ വിമര്‍ശനമുണ്ടാകാം. എന്നാല്‍, പല ഐപാഡുകളും ലാപ്‌ടോപ്പുകളേക്കാൾ ഹാര്‍ഡ്‌വെയര്‍ ശക്തിയുള്ളതാണ്. കൂടാതെ, കഴിഞ്ഞ വര്‍ഷം മുതല്‍ ലാപ്‌ടോപ്പുകളിലും ഡെസ്‌ക്ടോപ്പുകളിലും ഉപയോഗിക്കുന്ന എം1 പ്രോസസര്‍ ഉപയോഗിച്ച് ആപ്പിള്‍ ഐപാഡ് പ്രോ മോഡലുകളും നിര്‍മിച്ചു തുടങ്ങി എന്നും കാണാം.

∙ ഐപാഡിലേക്ക് മാക്ഒഎസ് സന്നിവേശിപ്പിക്കാന്‍ ആപ്പിള്‍?

ആപ്പിള്‍ ലോകത്തെ ഏറ്റവും വലിയ കംപ്യൂട്ടര്‍ നിര്‍മാതാവായി എന്ന റിപ്പോര്‍ട്ടിനേക്കാള്‍ പതിന്മടങ്ങ് താത്പര്യജനകമാണ് ഇപ്പോള്‍ പേറ്റന്‍റ്‌ലി ആപ്പിള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഭാവിയില്‍ ഇറക്കാന്‍ പോകുന്ന ഐപാഡുകള്‍ക്ക്, മാക്ഒഎസില്‍ ലഭിക്കുന്ന തരം പ്രവർത്തനാനുഭവം നല്‍കാനാണ് ആപ്പിള്‍ ശ്രമിക്കുന്നതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഭാവിയില്‍ ഇറക്കാന്‍ പോകുന്ന ഐപാഡുകളെ ഇനി ഇറക്കാന്‍ പോകുന്ന ഒരു കീബോഡ്-ട്രാക്പാഡ് ഉപകരണവുമായി ഘടിപ്പിക്കുമ്പോഴായിരിക്കും അതിന് മാക്ഒഎസിനു സമാനമായ അനുഭവം നല്‍കാന്‍ സാധിക്കുക. അല്ലാത്തപ്പോള്‍ അത് സാധാരണ ഐപാഡുകളെ പോലെ പ്രവര്‍ത്തിച്ചേക്കും.

∙ മാക്ബുക്ക്-ഐപാഡ് ഹൈബ്രിഡ്?

അധിക കരുത്ത് കൈവരുന്നതോടെ പുതിയ ഉപകരണം ഒരു മാക്ബുക്ക്-ഐപാഡ് മിശ്രണമായിരിക്കും എന്നാണ് അനുമാനം. കംപ്യൂട്ടിങ് കരുത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഐപാഡ് പ്രോ മോഡലുകള്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, അതിന് കൂച്ചുവിലങ്ങിടുന്നത് ഐപാഡ് ഒഎസ്ആണ്. അതുപോലെതന്നെ, മാക്ബുക്കുകള്‍ക്ക് ടച്ച്‌സ്‌ക്രീന്‍ നല്‍കുന്നില്ലെന്നുള്ള വിമര്‍ശനവും കുറച്ചു വര്‍ഷങ്ങളായി തന്നെ ആപ്പിളിനെതിരെ നിലനില്‍ക്കുന്നു. ഇതു രണ്ടും തീര്‍ക്കാന്‍ ആപ്പിളിന് സാധിച്ചേക്കും. മാക്ഒഎസ് ടച്ച്‌സ്‌ക്രീനില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നു നോക്കിക്കാണാനും പോരായ്മകളുണ്ടെങ്കില്‍ അതു പരിഹരിച്ച് ഭാവിയില്‍ ടച്‌സ്‌ക്രീന്‍ മാക്ബുക്കുകള്‍ ഇറക്കാനും ഇതുവഴി ആപ്പിളിനു സാധിക്കുകയും ചെയ്‌തേക്കും.

∙ ഭാവി ഐപാഡുകള്‍ക്ക് മൂന്നു മോഡുകള്‍?

പുറത്തിറങ്ങാന്‍ പോകുന്ന ആപ്പിള്‍ ഉപകരണങ്ങളെക്കുറിച്ച് ഏറ്റവുമധികം വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്ന ആളുകളില്‍ ഒരാളാണ് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടര്‍ മാര്‍ക്ക് ഗുര്‍മന്‍. അദ്ദേഹം ഏപ്രല്‍ 17ന് പുറത്തിറക്കിയ ന്യൂസ് ലെറ്ററും മുകളില്‍ പറഞ്ഞ പേറ്റന്റ്‌ലിആപ്പിളിന്റെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു. ഗുര്‍മാന്‍ പറയുന്നത് ഭാവി ഐപാഡുകള്‍ക്ക് മൂന്നു മോഡുകള്‍ ഉണ്ടായിരിക്കുമെന്നാണ്- ടച്‌സ്‌ക്രീന്‍, ആപ്പിള്‍ പെന്‍സില്‍ മോഡ്, പ്രോ മോഡ്. ഇതില്‍ പ്രോ മോഡ് മുകളില്‍ പറഞ്ഞ രീതിയിലുള്ള ഒരു എക്‌സ്റ്റേണല്‍ കീബോര്‍ഡുമായോ മറ്റു ഡിസ്‌പ്ലേയുമായോ ഐപാഡ് കണക്ടു ചെയ്യുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകും എന്നാണ് പ്രവചിക്കുന്നത്. നിലവില്‍ ഇത്തരത്തിലൊരു പേറ്റന്റ് അപേക്ഷ ആപ്പിള്‍ സമര്‍പ്പിച്ചിരിക്കുന്നു എന്നു മാത്രമേയുള്ളു. പ്രോഡക്ട് ഇറങ്ങണമെന്ന് നിര്‍ബന്ധമില്ല.

∙ ട്വിറ്ററിന്റെ താത്കാലിക മേധാവിയായി മസ്‌ക് എത്തുമെന്ന് വീണ്ടും റിപ്പോര്‍ട്ട്

നിലവിലുള്ള ട്വിറ്റര്‍ മേധാവി പരാഗ് അഗ്രവാളിനെ പുറത്താക്കി ആ സ്ഥാനത്തേക്ക് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക് തന്നെ എത്തുമെന് സിഎന്‍ബിസിയും റിപ്പോര്‍ട്ടു ചെയ്യുന്നു. ട്വിറ്ററില്‍ എന്തൊക്കെ നടത്തണമെന്ന കാര്യത്തെക്കുറിച്ച് അതിവിശദമായ ഒരു പ്ലാന്‍തന്നെ തയാറാക്കിയ ശേഷമാണ് മസ്‌ക് തന്റെ നീക്കങ്ങള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍, മസ്‌ക് എത്തിയാല്‍ ട്വിറ്ററില്‍ നിന്ന് ഇപ്പോഴത്തെ ജോലിക്കാരുടെ കൂട്ടപ്പിരിഞ്ഞുപോകൽ ഉണ്ടായേക്കുമെന്നും പറയപ്പെടുന്നു.

∙ മസ്‌കിന്റെ ട്വിറ്റര്‍ വാങ്ങല്‍ പരിശോധിക്കാന്‍ അധികാരികള്‍

അമേരിക്കയുടെ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്ടിസി) മസ്‌കിന്റെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നിയമപരമാണോ എന്നു പരിശോധിക്കാന്‍ ഒരുങ്ങുന്നുവെന്ന് ബ്ലൂംബര്‍ഗ്. അമേരിക്കയുടെ ആന്റിട്രസ്റ്റ് നിയമങ്ങള്‍ മസ്‌കിനെതിരെ പ്രയോഗിക്കുമോ എന്നാണ് കാണേണ്ടത്. അതേസമയം, ആന്റിട്രസ്റ്റ് വിദഗ്ധര്‍ പറയുന്നത് മസ്‌കിന്റെ നീക്കത്തില്‍ നിയമവിരുദ്ധമായി ഒന്നുംതന്നെ കണ്ടെത്താനായേക്കില്ല എന്നാണ്. മസ്‌കും എഫ്ടിസിയും പുതിയ സംഭവവികാസത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചില്ല.

∙ നിക്ഷേപകനെച്ചൊല്ലി ട്വിറ്റര്‍-ഫെയ്‌സ്ബുക് അഭിപ്രായവ്യത്യാസം

മസ്‌കിന്റെ ട്വിറ്റര്‍ വാങ്ങല്‍ നീക്കത്തിന് പണം നിക്ഷേപിച്ച് പിന്തുണ നല്‍കാന്‍ ഒരുങ്ങുന്ന ആന്‍ഡ്രീസന്‍ ഹോറോവിറ്റ്‌സിനെ (Andreessen Horowitz) ചൊല്ലി ഇടയുകയാണ് ഫെയ്‌സ്ബുക്. ആന്‍ഡ്രീസന്‍ ഫെയ്‌സ്ബുക്കില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നു മാത്രമല്ല മെറ്റാ പ്ലാറ്റ്‌ഫോമിലെ ബോര്‍ഡ് അംഗവുമാണ്. അത്തരത്തിലൊരാൾ തങ്ങളുടെ എതിരാളി പ്ലാറ്റ്‌ഫോമിനായി നിക്ഷേപമിറക്കുന്നതാണ് ഫെയ്‌സ്ബുക് അധികാരികള്‍ക്ക് ഇഷ്ടമാകാത്തത്. താന്‍ ട്വിറ്ററില്‍ 400 ദശലക്ഷം ഡോളര്‍ മുടക്കുമെന്നാണ് ആന്‍ഡ്രീസന്‍ പറഞ്ഞിരിക്കുന്നത്.

∙ ആമസോണ്‍ സമ്മര്‍ സെയിലില്‍ വണ്‍പ്ലസ്, സോണി, സാംസങ് തുടങ്ങി കമ്പനികളുടെ സ്മാര്‍ട് ടിവികള്‍ക്ക് 51 ശതമാനം വരെ കിഴിവ്

ഇന്ത്യന്‍ ഓണ്‍ലൈന്‍ വില്‍പനശാലകള്‍ ഇപ്പോള്‍ നടത്തുന്ന വിറ്റഴിക്കല്‍ മേളയില്‍ വിവിധ ഉല്‍പന്നങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്നു. ആമസോണിന്റെ സമ്മര്‍ സെയിലില്‍ സോണി, സാംസങ്, വണ്‍പ്ലസ്, ഷഓമി തുടങ്ങിയ കമ്പനികളുടെ ചില സ്മാര്‍ട് ടിവികള്‍ക്ക് 51 ശതമാനം വരെ കിഴിവ് നല്‍കുന്നു. ഇതിനു പുറമെ ഐസിഐസിഐ ബാങ്ക്, കോട്ടക് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് തുടങ്ങിയവയുടെ കാര്‍ഡ് ഉപയോഗിച്ചാല്‍ അധിക ഡിസ്‌കൗണ്ടുകളും ലഭിക്കും.

∙ എയര്‍പോഡ്‌സ് പ്രോയ്ക്ക് എതിരാളിയായി ഗൂഗിള്‍ പിക്‌സല്‍ ബഡ്‌സ് പ്രോ എത്തിയേക്കും

ആപ്പിള്‍ കമ്പനിയുടെ മികച്ച വയര്‍ലെസ് ഇയര്‍ഫോണായ എയര്‍പോഡ്‌സ് പ്രോയ്ക്ക് എതിരാളിയായി തങ്ങളുടെ പിക്‌സല്‍ ബഡ്‌സ് പ്രോ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ എന്ന് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ജോണ്‍ പ്രൊസര്‍ നടത്തിയ ട്വീറ്റാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

instagram

∙ ഇന്‍സ്റ്റഗ്രാം ജന്മദിനം വെളിപ്പെടുത്തല്‍ നിര്‍ബന്ധമാക്കുന്നു, എന്തിന്?

പല ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളോടും അവരുടെ ജന്മദിനം എന്നാണെന്ന് ചോദിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. നിങ്ങളോട് ഇതുവരെ ചോദിച്ചിട്ടില്ലെങ്കില്‍ ഉടനെ അതു പ്രതീക്ഷിക്കാമെന്നു പറയുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ 13 വയസ്സിനു താഴെയുള്ള കുട്ടികളും അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നു. അത് ഒഴിവാക്കാനാണ് എല്ലവരുടെയും ജന്മദിനം ചോദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വ്യാജ ജന്മദിനം നല്‍കി രക്ഷപ്പെടാനാവില്ലെന്നും കമ്പനി ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വ്യാജ ജന്മദിനങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *